ഉണ്ണി മുകുന്ദനില്ലാതെ ‘മാർക്കോ’യുടെ രണ്ടാം ഭാഗം, ‘ലോർഡ് മാർക്കോ’ ആ സൂപ്പർ താരമോ?
text_fieldsഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമായ ‘മാർക്കോ’യുടെ രണ്ടാം ഭാഗം വരുന്നു. ‘ലോർഡ് മാർക്കോ’ എന്ന പേരിൽ നിർമാതാക്കൾ ചിത്രം ചേമ്പർ ഓഫ് കൊമേഴ്സിൽ രജിസ്റ്റർ ചെയ്തു. ഹനീഫ് അദേനി തന്നെയാണ് ചിത്രത്തിന്റെ സംവിധായകൻ. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്‍റെ ബാനറിൽ ഷരീഫ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്. എന്നാൽ ഉണ്ണി മുകുന്ദൻ ലോർഡ് മാർക്കോയുടെ ഭാഗമാകില്ല എന്നാണ് വിവരം.
രണ്ടാം ഭാഗത്തിൽ മറ്റൊരു നടൻ അഭിനയിക്കുമെന്ന് നിർമാതാക്കൾ സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. ആദ്യ ചിത്രം വൻ വിജയമായിട്ടും ഉണ്ണി മുകുന്ദനെ മാറ്റിയത് എന്തുകൊണ്ടാണെന്ന് നെറ്റിസൺമാർക്കിടയിൽ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. നിർമാതാക്കളായ ക്യൂബ്സ് എന്റർടെയിൻമെന്റ്സ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിൽ ‘# Y’ എന്നാണ് കുറിച്ചിട്ടുണ്ട്. ഇത് ലോഡ് മാർക്കോയാകുന്നത് യഷ് ആണോ എന്ന ചർച്ചയിലേക്ക് ആരാധകരെ എത്തിച്ചിട്ടുണ്ട്.
ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ പദ്ധതിയില്ലെന്ന് ഉണ്ണി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. മാർക്കോ 2വിനെക്കുറിച്ചുള്ള ഒരു ആരാധകന്‍റെ ചോദ്യത്തിന് സമൂഹമാധ്യമത്തിൽ മറുപടി പറയുകയായിരുന്നു ഉണ്ണി മുകുന്ദൻ. മാർക്കോ പരമ്പര തുടരാനുള്ള പദ്ധതി ഉപേക്ഷിച്ചു. പ്രോജക്റ്റിനെ ചുറ്റിപ്പറ്റി വളരെയധികം നെഗറ്റീവ് വികാരങ്ങളാണ്. മാർക്കോയേക്കാൾ വലുതും മികച്ചതുമായ എന്തെങ്കിലും കൊണ്ടുവരാൻ പരമാവധി ശ്രമിക്കും. എല്ലാ സ്നേഹത്തിനും പോസിറ്റിവിറ്റിക്കും നന്ദി എന്നായിരുന്നു ഉണ്ണി മുകുന്ദൻ കുറിച്ചത്.
അതേസമയം, നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനാണ് മോദിയായി വേഷമിടുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തെലുങ്ക്, ഗുജറാത്തി ഉൾപ്പടെ ഏഴ് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന് 'മാ വന്ദേ' എന്നാണ് പേര് നൽകിയിരിക്കുന്നത്. സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്ഡി നിർമിക്കുന്ന ചിത്രത്തിന് രചനയും സംവിധാനവും നിർവഹിക്കുന്നത് ക്രാന്തി കുമാർ സി.എച്ചാണ്.
കുട്ടിക്കാലം മുതൽ പ്രധാനമന്ത്രി ആകുന്നതുവരെയുള്ള മോദിയുടെ യാത്രയാണ് ഈ സിനിമയിലൂടെ പറയുന്നത്. പ്രധാനമന്ത്രിക്കുള്ള ജന്മദിനാശംസക്കൊപ്പം ഉണ്ണിമുകുന്ദനും പുതിയ സിനിമ പ്രഖ്യാപനം നടത്തി. നേരത്തെ, വിവേക് ഒബ്‌റോയിയെ നായകനാക്കി നരേന്ദ്ര മോദി ബിയോപിക് ഇറങ്ങിയെങ്കിലും ബോക്സ് ഓഫിസിൽ കനത്ത തിരിച്ചടി നേരിട്ടു.