കല്യാണം മുടക്കികളുടെ കഥപറയുന്ന 'വത്സലാ ക്ലബ്ബ്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
text_fieldsപുതുമുഖമായ അനുഷ് മോഹൻ സംവിധാനം ചെയ്യുന്ന 'വത്സലാ ക്ലബ്ബ്' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഭാരതക്കുന്ന് എന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. വർഷങ്ങളായി ഈ ഗ്രാമത്തിൽ നിലനിന്നു പോരുന്ന ഒരു കാര്യമാണ് വിവാഹം മുടക്കൽ. നാട്ടുകാർക്ക് ഇത് മത്സരവും ആഘോഷവും പോലെയാണ്. ആൺ പെൺ വ്യത്യാസമില്ലാതെ തലമുറതലമുറ കൈമാറി ഈ കാര്യം നിലനിന്നു പോരുന്നു. സ്വന്തം മക്കളുടെ വിവാഹം പോലും മുടക്കുന്നതിൽ ഇവർക്ക് തെല്ലും ദുഃഖമില്ല. ഏറ്റവും കൂടുതൽ കല്യാണം മുടക്കുന്നവർക്ക് മുടക്കു ദണ്ഡ് എന്ന പാരിതോഷികവും നൽകുന്നു.
ഇവിടെ 'വത്സലാ ക്ലബ്ബ്' എന്ന ഒരു ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. കല്യാണം മുടക്കിനെ ശക്തമായി എതിർക്കുന്ന ഏതാനും ചെറുപ്പക്കാർ ഈ ക്ലബ്ബിൻ്റെ സജീവ പ്രവർത്തകരാണ്. ഈ പ്രശ്നത്തിൻ്റെ പേരിൽ ക്ലബ്ബ് പ്രവർത്തകരും നാട്ടുകാരും രണ്ടു ചേരികളിലായി. ഇവർക്കിടയിലേക്ക് ഒരു പെൺകുട്ടി കടന്നു വരുന്നതോടെ കഥ മാറുകയാണ്.
വിനീത് തട്ടിൽ, അഖിൽ കവലയൂർ, കാർത്തിക്ക് ശങ്കർ, രൂപേഷ് പീതാംബരൻ, അരിസ്റ്റോ സുരേഷ്, അംബി, വിശാഖ്, ഗൗരി, മല്ലികാസുകുമാരൻ, ജിബിൻ ഗോപിനാഥ്, അനിൽ രാജ്, അരുൺമ്പോൾ, ദീപു കരുണാകരൻ, പ്രിയാ ശ്രീജിത്ത്, ബിനോജ് കുളത്തൂർ, രാഹുൽ നായർ, ദീപു നാവായിക്കുളം,അനീഷ്, ഗൗതം ജി. ശശി, അസീന റീന, അരുൺ ഭാസ്ക്കർ,ആമി തിലക്, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസനും ചിത്രത്തിലുണ്ട്.
ഫാൽക്കൺ സിനിമാസിന്‍റെ ബാനറിൽ ജിനി എസ്. ആണ് നിർമാണം. തിരുവനന്തപുരത്തും പരിസരങ്ങളിലുമായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.
രചന -ഫൈസ് ജമാൽ. സംഗീതം - ജിനി എസ്. ഛായാഗ്രഹണം - ശൗരിനാഥ്. എഡിറ്റിംഗ് - രാകേഷ് അശോക. കലാസംവിധാനം - അജയ് ജി. അമ്പലത്തറ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അനുരാജ് ഡി.സി.