‘വാഴ വളരുന്നു’, എന്താണ് ഈ വാഴയുടെ രഹസ്യം? മൂന്നാം ഭാഗം ലോഡിങ്ങാണ് മക്കളേ...
text_fieldsമലയാള സിനിമയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ സർപ്രൈസ് ഹിറ്റുകളിൽ ഒന്നായ 'വാഴ'യുടെ മൂന്നാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. വിപിൻ ദാസ് തന്നെയാണ് 'വാഴ വളരുന്നു' എന്ന കാപ്ഷനോടെ ഒരു ചിത്രം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത്.
വാഴ 1 നൽകിയ വമ്പൻ വിജയമാണ് ഇത്തരമൊരു ഫ്രാഞ്ചൈസിക്ക് അടിത്തറയിട്ടത്. വീടിനും നാട്ടുകാർക്കും ഉപകാരമില്ലാത്തവർ എന്ന് മുദ്രകുത്തപ്പെട്ട ഒരു കൂട്ടം യുവാക്കളുടെ കഥ പറഞ്ഞ ആദ്യഭാഗം, അതിന്റെ സ്വാഭാവികമായ തമാശകൾ കൊണ്ടും വൈകാരികമായ നിമിഷങ്ങൾ കൊണ്ടും പ്രേക്ഷകർ നെഞ്ചിലേറ്റിയിരുന്നു. ഈ വിജയത്തിന് പിന്നാലെ വാഴ 2 എന്ന പേരിൽ രണ്ടാം ഭാഗം നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നു.
നവാഗത സംവിധായകനായ എസ്. സവിൻ സംവിധാനം ചെയ്ത 'വാഴ 2- ബയോപിക്ക് ഓഫ് ബില്യൺ ബ്രോസ്' വിജയ ഗാഥ തുടരുകയാണ്. ബോക്‌സ് ഓഫിസില്‍ ഏഴാം ദിവസം 100 കോടി ക്ലബില്‍ കയറിയിരിക്കുകയാണ്. ഇപ്പോഴും ഹൗസ് ഫുൾ ആയി തുടരുകയാണ് വാഴയുടെ പ്രദർശനം. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി പുറത്തിറക്കിയ ചിത്രം മികച്ച അഭിപ്രായമാണ് നേടികൊണ്ടിരിക്കുന്നത്. മലയാള സിനിമ ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടാണ് നവാഗതരെ മുൻനിർത്തി ഒരുക്കിയ സിനിമക്ക് ആദ്യ ദിനം തന്നെ അഞ്ച് കോടിക്ക് മുകളിൽ കലക്ഷൻ കിട്ടുന്നത്.
ഇപ്പോൾ രണ്ടാം ഭാഗം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വാഴ 3 (വാഴ വളരുന്നു) പ്രഖ്യാപിക്കപ്പെട്ടത് സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. വിപിൻ ദാസ് കഥയും തിരക്കഥയും ഒരുക്കുന്ന ഈ ചിത്രത്തിന് ഇപ്പോൾ തന്നെ ഹൈപ്പ് കൂടിയിട്ടുണ്ട്.
ആദ്യ ഭാഗത്തിൽ നായകന്മാരായി എത്തിയ സിജു സണ്ണി, അമിത് മോഹൻ, ജോമോൻ ജ്യോതിർ തുടങ്ങിയവരുടെ പ്രകടനം വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സാധാരണക്കാരായ യുവാക്കളുടെ ജീവിതവും അവരുടെ ചെറിയ സന്തോഷങ്ങളും സങ്കടങ്ങളും സത്യസന്ധമായി അവതരിപ്പിച്ചതാണ് ഈ ഫ്രാഞ്ചൈസിയെ ജനപ്രിയമാക്കിയത്. വാഴ 2വിൽ സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ, അലൻ ജോസഫ് തുടങ്ങിയവർ കൂടി എത്തിയതോടെ യുവതലമുറ ഈ ചിത്രം ഇരുകൈകളും നീട്ടി സ്വീകരിച്ചു. വാഴ 3 പ്രഖ്യാപനത്തോടെ ഈ രണ്ട് ടീമുകളും ഒന്നിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.


