വിജയ രാഘവൻ
text_fieldsവിജയ രാഘവൻ (ഫോട്ടോ: സജീഷ് എടപ്പറ്റ)
അഭിനയത്തിന്റെ അമ്പതാണ്ടോളമെത്തുമ്പോഴാണ് ദേശീയ അവാർഡ് നടൻ വിജയരാഘവനെ തേടിയെത്തുന്നത്. നാടകത്തിന്റെ നാഡിമിടിപ്പുകൾ അറിഞ്ഞ് അഭിനയത്തിലെത്തിയതാണ് അദ്ദേഹം. പിന്നീട് വില്ലൻ വേഷങ്ങളിലും കാരക്ടർ വേഷങ്ങളിലും തിളങ്ങി. ‘പൂക്കാലം’ എന്ന സിനിമയിലെ പടുവൃദ്ധനായ ഇട്ടൂപ്പായി വേഷപ്പകർച്ച നടത്തിയതിന് സ്വഭാവനടനുള്ള സംസ്ഥാന അവാർഡും ഇപ്പോൾ സഹനടനുള്ള ദേശീയ അവാർഡും തേടിയെത്തിയ വിജയരാഘവൻ സംസാരിക്കുന്നു.
? അവാർഡുകൾ അഭിനയത്തെ ഏതെങ്കി ലും വിധത്തിൽ സ്വാധീനിക്കുമോ?
അവാർഡുകൾ അഭിനയത്തിൽ മാറ്റം ഉണ്ടാക്കണമെന്നില്ല. പ്രേക്ഷകൻ ഇഷ്ടപ്പെടുന്നു എന്നതാണ് വലിയ കാര്യം. ഇയാൾ ആ കഥാപാത്രം ചെയ്താൽ നന്നാവും എന്ന് ഡയറക്ടർക്കും പ്രൊഡ്യൂസർക്കും ഒക്കെ തോന്നുന്നത് കൊണ്ടാണല്ലോ എന്നെ വിളിക്കുന്നത്. അല്ലാതെ അവാർഡ് കിട്ടിയതുകൊണ്ടല്ലല്ലോ ഇത്രയും കാലം ഞാൻ സിനിമയിൽ നിലനിൽക്കുന്നത്.
? അവാർഡിന്റെ പശ്ചാത്തലത്തിൽ ഇട്ടൂപ്പ് പോലുള്ള കഥാപാത്രങ്ങൾ ഇനിയും തേടിയെത്താൻ സാധ്യതയുണ്ടാകും...
ഞാൻ ചെയ്യുന്ന ഓരോ കഥാപാത്രവും എത്ര വ്യത്യസ്തമാക്കാൻ പറ്റുമോ അത്രക്കും ഞാൻ ശ്രമിക്കാറുണ്ട്. അതിനാൽ അതൊരു ഭാരമായി തീരാറില്ല. അഭിനയം എന്നത് ഒരു നടൻ ഒരിക്കലും ഭാരമാകാതെ ലളിതമായി, അനായാസമായി ചെയ്യേണ്ട ഒന്നാണ്.
? പൊളിറ്റിക്കലി ഏറെ എതിർക്കപ്പെട്ട കേരള സ്റ്റോറിക്ക് ദേശീയ അവാർഡ് നൽകിയത് വിവാദമായിട്ടുണ്ടല്ലോ?
പൊളിറ്റിക്സ് ഉണ്ടെങ്കിൽ അത് സ്വാഭാവികമായും വിവാദമാകും. എല്ലാ കാലത്തും വിവാദങ്ങൾ ഉണ്ടാകാറുണ്ട്. അവാർഡ് എന്ന് പറയുന്നത് പത്തോ പതിനൊന്നോ അംഗങ്ങൾ ചേർന്ന് കണ്ട് തീരുമാനിക്കുന്ന ഒന്നാണ്. അതിൽ വിശ്വാസമില്ലെങ്കിൽ അവാർഡിന് അയക്കാതിരിക്കുകയാണ് വേണ്ടത്. കേരളത്തിൽ എനിക്ക് ഇതേ കഥാപാത്രത്തിന് കിട്ടിയ അവാർഡ് ബെസ്റ്റ് ക്യാരക്ടർ എന്നതായിരുന്നു. എന്നാൽ, ദേശീയതലത്തിൽ എനിക്ക് ലഭിച്ചത് സഹനടൻ എന്നതാണ്. ഇതിന്റെയൊക്കെ മാനദണ്ഡങ്ങൾ എന്താണെന്ന് എനിക്കറിയില്ല.
? ജീവിതവും നാടകവും സിനിമയും?
നാടകം തന്നെയാണ് എന്നെ നടനാക്കിയത്. 40 വർഷത്തിലധികമായി ഇപ്പോൾ നാടകത്തിലില്ല. അതിനുമുമ്പ് അച്ഛനോടൊപ്പമുള്ള നാടകക്കളരിയാണ് എന്നെ രൂപപ്പെടുത്തിയത്. നാടകം എന്റെ അഭിപ്രായത്തിൽ ഏതൊരു നടനും എക്സ്പീരിയൻസ് ചെയ്യേണ്ട ഒന്നാണ്. നാടകത്തിൽ നാം മാത്രമായി പ്രേക്ഷകർക്ക് മുമ്പിൽ നിൽക്കുകയാണ്. അവിടെ നമ്മളെ സഹായിക്കാൻ ആരുമില്ല. അതേസമയം സിനിമയിൽ കാമറയുണ്ട്. മറ്റ് സംവിധാനങ്ങളുണ്ട്. സ്റ്റേജിൽ അഞ്ച് കഥാപാത്രങ്ങൾ ഉണ്ടെങ്കിൽ അഞ്ചുപേരും എങ്ങനെ ബിഹേവ് ചെയ്യുന്നു എന്നതിലാണ് കാര്യം. എന്നാൽ, നാടകത്തിൽ അഭിനയിക്കുന്നതുപോലെ സിനിമയിൽ അഭിനയിച്ചാൽ ശരിയാവില്ല. മോഷൻസ് എല്ലാം ഒന്നായിരിക്കാം. എന്നാൽ, അതിന്റെ പ്രകടനത്തോത് വ്യത്യസ്തമായിരിക്കും. നാടകത്തിൽ ആശയങ്ങളെ പ്രേക്ഷകനിലേക്ക് എത്തിക്കാൻ ഒരു ത്രോ ഉണ്ടാകും. നാടകത്തിലെ എക്സ്പ്രഷൻസ് നേർമുമ്പിൽ ഇരിക്കുന്ന ആളുകൾ മാത്രമേ കാണുന്നുള്ളൂ.
എന്നാൽ, സിനിമയിൽ മൈനൂട്ട് എക്സ്പ്രഷൻസ് പ്രയോഗിക്കാൻ കഴിയും. രണ്ടും വ്യത്യസ്ത മീഡിയയാണ്. നാടകത്തിൽ അഭിനയിച്ചതുകൊണ്ട് സിനിമയിൽ അഭിനയിക്കാൻ കഴിയുമെന്ന് പറയുന്നത് അത്ര ശരിയാണെന്ന് തോന്നുന്നില്ല. നാടകം നാടകമായിട്ടും സിനിമ സിനിമയായിട്ടും കാണേണ്ടതുണ്ട്. നാടകത്തിലായാലും സിനിമയിലായാലും കഥാപാത്രം ആണെന്ന തോന്നൽ ഉണ്ടാക്കുകയാണ് വേണ്ടത്. രണ്ടിലെയും സമീപനങ്ങൾ വ്യത്യസ്തമായിരിക്കും. ഒരു അഭിനേതാവ് എന്ന രീതിയിൽ നാടകത്തിന്റെ ബേസ് നടന് നല്ലതാണ്.
? ഒരു കഥാപാത്രത്തെ ഉൾക്കൊള്ളുന്നതെങ്ങനെയാണ്?
കഥാപാത്രത്തെ കഥാപാത്രമായാണ് ഉൾക്കൊള്ളാറ്. അഭിനയിക്കുമ്പോൾ വിജയരാഘവൻ എന്ന് ഓർമ വന്നാൽ കുഴപ്പമാണ്. കഥാപാത്രമായി അതിനോടൊപ്പം കൊണ്ടുപോകാൻ കഴിയണം. അതാണ് കഥാപാത്രത്തിന്റെ വിജയം. അല്ലാതെ ആ കഥാപാത്രവുമായി നമുക്ക് ഒരു ബന്ധവും ഉണ്ടാകണമെന്നില്ല.
‘കിഷ്കിന്ധാ കാണ്ഡം’ എന്ന സിനിമയിൽ, ആ കഥയിൽ കഥാപരമായി അപ്പുപ്പിള്ള തന്നെയാണ് ഹീറോ. അച്ഛൻ ആരാണെന്ന അവസ്ഥ അറിയാവുന്ന കഥാപാത്രമാണ് ആസിഫ് അലിയുടേത്. അങ്ങനെയാണ് സിനിമകൾ വേണ്ടത്. എല്ലാം ചേരുന്ന ഒരു കഥ പറച്ചിലാണ് നല്ലതെന്നാണ് അഭിപ്രായം.
? റാംജിറാവുവും ഗോപീകൃഷ്ണനും
റാംജിറാവു ഒരു വലിയ പൂർണതയുള്ള കഥാപാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഒരു കാരിക്കേച്ചർ മാത്രമാണത്. സിദ്ദീഖ്-ലാലിനെപോലുള്ളവർക്കേ അത്തരം ഒരു സ്ക്രിപ്റ്റ് എഴുതി ചെയ്യാൻ കഴിയൂ. ‘മേലേപ്പറമ്പിൽ ആൺവീട്ടി’ലെ ഗോപീകൃഷ്ണന്റെ കാര്യം. അത് പാളിപ്പോകാൻ സാധ്യതയുള്ള കഥാപാത്രമൊന്നുമായിരുന്നില്ല. വിജയരാഘനെക്കുറിച്ച് ഒരു മുൻധാരണ ഉണ്ടാകുമ്പോൾ മാത്രമാണ് അങ്ങനെ ചിന്തിക്കാൻ സാധ്യത. ഒരു കഥാപാത്രമായി കണ്ടാൽ ഓക്കെയാണ്. ഒരു സ്റ്റാർഡം ആരോപിക്കപ്പെടുമ്പോൾ മാത്രമാണ് പരാജയപ്പെടുക. ഒരു പരിധിവരെ പ്രേക്ഷക പ്രതീക്ഷക്കൊത്ത് നിന്നില്ലെങ്കിൽ ആ സിനിമ വിജയിക്കില്ല.
?‘പൂക്കാല’ത്തിലെ ഇട്ടൂപ്പും ‘ഏകലവ്യനി’ലെ ചേറാടി സ്കറിയയും?
പ്രേക്ഷകർക്കെല്ലാം എന്നെക്കുറിച്ച് ഒരു സങ്കൽപമുണ്ടായിരുന്ന കാലത്ത്, സപ്പോർട്ടിങ് കാരക്ടറായി അഭിനയിച്ചുകൊണ്ടിരുന്ന ഒരു ചെറുപ്പക്കാരനായ എന്നിൽനിന്ന് പ്രായമുള്ള ഒരു കഥാപാത്രത്തെ പ്രതീക്ഷിക്കുന്നില്ല. അങ്ങനെയൊരു സന്ദർഭത്തിലാണ് ഞാൻ ചേറാടി സ്കറിയ എന്ന കഥാപാത്രം ചെയ്യുന്നത്. അങ്ങനെയും ചെയ്യാൻ കഴിയുമെന്ന് എന്നെത്തന്നെ വിശ്വസിപ്പിച്ചുകൊണ്ട് ചെയ്ത റോളായിരുന്നു അതൊക്കെ. എന്നാൽ ‘പൂക്കാല’ത്തിലെ ഇട്ടൂപ്പ് ചേറാടി സ്കറിയപോലുള്ള ഒരു കഥാപാത്രമാണെന്ന് പറയാൻ പറ്റില്ല. രണ്ടും രണ്ട് തരത്തിൽ ബിഹേവ് ചെയ്യുന്ന കഥാപാത്രങ്ങളാണ്. സ്കറിയയോട് കുറച്ചെങ്കിലും ചേർന്നുനിൽക്കുന്ന കഥാപാത്രം ‘രൗദ്രം’ എന്ന ചിത്രത്തിലെ അപ്പിച്ചായിയാണ്. രണ്ടും രഞ്ജി പണിക്കർ മോൾഡ് ചെയ്തെടുത്ത കഥാപാത്രങ്ങൾതന്നെ. ‘പൂക്കാല’ത്തിലേത് നൂറുവയസ്സ് കഴിഞ്ഞ കഥാപാത്രമാണ്. അതിലേക്കെത്തുക, പ്രേക്ഷകരെ വിശ്വസിപ്പിക്കുക എന്നൊക്കെയുള്ളത് വെല്ലുവിളി തന്നെയായിരുന്നു. അത് പ്രേക്ഷകർ വിശ്വസിക്കുമോ, സ്വീകരിക്കുമോ എന്നൊക്കെയുള്ള ഭയമുണ്ടായിരുന്നു. ഇത്രയും വർഷമായി കണ്ടുകൊണ്ടിരിക്കുന്ന ഒരു നടനാണ് എന്ന് പ്രേക്ഷകർക്ക് അറിയാമല്ലോ. അയാളാണ് ഇത് ചെയ്യുന്നത് എന്ന് അറിയുമ്പോഴും നടനാണ് എന്ന് തോന്നിപ്പിക്കാതിരിക്കാനായിരുന്നു എന്റെ ശ്രമങ്ങളത്രയും.
? പുതുതലമുറയിലെ പരീക്ഷണങ്ങൾ?
പുതിയ തലമുറയിലുള്ളവർ സിനിമയെക്കുറിച്ച് ഒരുപാട് ധാരണകളുള്ളവരാണ്. ചിലർ ചില പരീക്ഷണങ്ങളൊക്കെ നടത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, പ്രേക്ഷകർ ഇപ്പോഴും പഴയ സങ്കൽപങ്ങളിൽതന്നെ കിടക്കുകയാണ്. അളവുകോൽ പഴയ സിനിമകളുടെ ഹീറോ സങ്കൽപങ്ങൾതന്നെ.
? പുതിയ സിനിമകൾ?
ഒരുപാട് ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നുണ്ട്. പെറ്റ് ഡിറ്റക്ടീവ്, വള, അനന്തൻകാട് തുടങ്ങി കുറേ എണ്ണം.