ഈ കാരണം കൊണ്ടാണ് കജോൾ ഷാരൂഖ് ഖാനോട് 'നോ' പറഞ്ഞത്
text_fieldsഷാരൂഖ് ഖാനും കജോളും ഏറെ ആരാധിക്കപ്പെടുന്ന ബോളിവുഡ് ജോഡികളാണ്. ദിൽവാലെ ദുൽഹാനിയ ലേ ജായേ ഗെ, കുച്ച് കുച്ച് ഹോതാ ഹേ, മൈ നെയിം ഈസ് ഖാൻ, ദിൽവാലെ തുടങ്ങി ഒട്ടേറെ സിനിമകൾ ഈ താര ജോഡികളുടെ ഹിറ്റ്ലിസ്റ്റിലുണ്ട്. ഇവരുടെ കെമിസ്റ്റിറി എക്കാലവും ആഘോഷിക്കപ്പെടുന്നതാണ്. എന്നാൽ ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാൻ കജോൾ ഒരിക്കൽ വിസമ്മതിച്ചിട്ടുണ്ട്.
2000ൽ സംവിധായകൻ മൻസൂർ ഖാൻ 'ജോഷ്' എന്ന സിനിമക്കായി കജോളിനെ സമീപിച്ചിരുന്നു. ഷാരൂഖ് ഖാനെ വെച്ച് മാക്സ് എന്ന നായക വേഷം ചെയ്യണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. മാക്സിന്റെ ഇരട്ട സഹോദരിയായി അഭിനയിക്കാൻ ഒരാളെ അദ്ദേഹത്തിന് ആവശ്യമായിരുന്നു. കജോൾ ആ വേഷത്തിന് അനുയോജ്യമാകുമെന്ന് അദ്ദേഹം കരുതി. പക്ഷേ കഥ കേട്ടപ്പോൾ ഷാരൂഖ് ഖാന്റെ സഹോദരിയായി അഭിനയിക്കാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ് കാജോൾ എഴുന്നേറ്റു പോയി. പകരം, മാക്സിന്റെ വേഷം ഇഷ്ടപ്പെട്ടതിനാൽ ആ വേഷം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് കജോൾ പറഞ്ഞു.
കജോൾ വേണ്ടെന്ന് പറഞ്ഞപ്പോൾ ഐശ്വര്യ റായിക്ക് സഹോദരിയുടെ ആ വേഷം കൊടുത്തു. കഥ ഇഷ്ടപ്പെട്ട് പൂർണ്ണ സമർപ്പണത്തോടെയാണ് ആ വേഷം ഐശ്വര്യ റായി അഭിനയിച്ചത്. 'മാക്‌സിന്റെ സഹോദരിയായി അഭിനയിക്കാൻ ആരും ആഗ്രഹിക്കുന്നില്ലെന്ന് ഞാൻ ആശങ്കാകുലനായിരുന്നു. പക്ഷേ ഭാഗ്യവശാൽ, ഐശ്വര്യ ആ സിനിമ ചെയ്യാൻ സമ്മതിച്ചു. അവർ ഒരു മികച്ച പ്രൊഫഷണലായിരുന്നു. ഒരിക്കലും പരാതിപ്പെട്ടില്ല, കാമറ എവിടെ വെക്കണമെന്ന് ഒരിക്കലും പറഞ്ഞില്ല. വ്യക്തിപരമായി, ജോഷ് ആയിരുന്നു അവരുടെ ഏറ്റവും മികച്ച സിനിമ എന്ന് ഞാൻ കരുതുന്നു' മൻസൂർ ഖാൻ പറഞ്ഞു.
ജോഷിൽ കജോൾ അഭിനയിച്ചില്ലെങ്കിലും, ഷാരൂഖ് ഖാനുമൊത്തുള്ള അവരുടെ ജോഡി ഇപ്പോഴും ബോളിവുഡിലെ ഏറ്റവും മികച്ച ഒന്നാണ്. ആരാധകർ ഇപ്പോഴും അവരെ ഒരുമിച്ച് സ്നേഹിക്കുന്നു, അത് ഒരിക്കലും മാറില്ലെന്നും മൻസൂർ ഖാൻ പറഞ്ഞു.