‘ഭർത്താവായും പിതാവായും പുതിയ സ്പൈഡർമാൻ!’; ടോബി മാഗ്വയറിന്റെ വേഷപ്പകർച്ചയിൽ ‘സ്പൈഡർമാൻ 4’ യാഥാർഥ്യമാകുമോ?
text_fieldsസ്പൈഡർ മാൻ 4 ന്‍റെ പുതിയ അപ്ഡേറ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 'ദി ബാറ്റ്മാൻ' സിനിമയുടെ സഹ-തിരക്കഥാകൃത്തും എഴുത്തുകാരനുമായ മാറ്റ്സൺ ടോംലിനാണ് ടോബി മാഗ്വയറിനെ നായകനാക്കി സാം റെയ്‌മി സംവിധാനം ചെയ്യുന്ന 'സ്പൈഡർ മാൻ 4' ന്‍റെ അപ്ഡേറ്റ് പങ്കുവെച്ചത്. ചിത്രം യാഥാർത്ഥ്യമാക്കാനുള്ള തന്റെ ശ്രമങ്ങളെക്കുറിച്ച് ഒരു ആരാധകൻ ചോദിച്ചപ്പോഴായിരുന്നു ടോംലിന്‍റെ പ്രതികരണം. സാം റെയ്‌മി-ടോബി മാഗ്വയർ കൂട്ടുകെട്ടിലുള്ള 'സ്പൈഡർ മാൻ 4' എന്ന സിനിമയുടെ കാര്യത്തിൽ എന്തെങ്കിലും പുരോഗതിയുണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിന് മാറ്റ്സൺ ടോംലിൻ എക്സിലൂടെയാണ് മറുപടി നൽകിയത്.
‘ഇപ്പോൾ എന്റെ പ്രധാന താൽപര്യം സ്പൈഡർമാൻ 4 എഴുതുക എന്നതായിരിക്കും. ടോബി മാഗ്വയറിന്‍റെ സ്പൈഡർമാനെ ഒരു ഭർത്താവായും പിതാവായും അവതരിപ്പിക്കാനാണ് ഞാൻ ഏറ്റവും കൂടുതൽ താൽപ്പര്യപ്പെടുന്നത്. മുമ്പത്തെ എട്ട് സ്പൈഡർമാൻ സിനിമകൾ പരിഗണിക്കുമ്പോൾ, പീറ്റർ പാർക്കർ ഒരു പിതാവാകുന്ന കഥയാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്. സംവിധായകൻ സാം റെയ്‌മിയുമായി ചേർന്ന് ടോബിയുടെ സ്പൈഡർമാൻ സാഗ പൂർത്തിയാക്കാൻ താൻ ആഗ്രഹിക്കുന്നുണ്ട്. പതുക്കെ, സ്ഥിരതയോടെ പോയാൽ വിജയം ഉറപ്പാണ്. ഇതിനെക്കുറിച്ച് ഒരുപാട് കാലത്തേക്ക് കൂടുതൽ ഒന്നും പറയാൻ സാധിക്കില്ല. കാരണം ഇതിൽ ഒരുപാട് ആളുകളും, രാഷ്ട്രീയപരമായ കാര്യങ്ങളും, എന്നെ ബാധിക്കാത്ത മറ്റ് പല കാര്യങ്ങളും ഉൾപ്പെടുന്നുണ്ട്. പക്ഷേ എനിക്ക് ഇതുവരെ 'ഇല്ല' എന്ന് ഒരു മറുപടി ലഭിച്ചിട്ടില്ല’ മാറ്റ്സൺ ടോംലിൻ എക്സിൽ കുറിച്ചു.
ടോംലിന്റെ ഈ പ്രസ്താവന സ്പൈഡർമാൻ 4 ഉണ്ടാകും എന്ന പ്രതീക്ഷയിലേക്കാണ് ആരാധകരെ എത്തിച്ചത്. 2021ൽ പുറത്തിറങ്ങിയ 'സ്പൈഡർമാൻ: നോ വേ ഹോം'എന്ന സിനിമയിൽ ടോബി മാഗ്വയർ വീണ്ടും സ്പൈഡർമാനായി എത്തിയത് ലോകമെമ്പാടുമുള്ള ആരാധകർക്ക് വലിയ ആവേശമായിരുന്നു.
ഈ മൾട്ടിവേഴ്സ് ചിത്രത്തിൽ ടോബി മാഗ്വയറിനൊപ്പം ആൻഡ്രൂ ഗാർഫീൽഡിന്‍റെ സ്പൈഡർമാനും ടോം ഹോളണ്ടിന്‍റെ സ്പൈഡർമാനും ഒരുമിച്ച് വന്നപ്പോൾ അതൊരു ചരിത്രപരമായ സിനിമാ നിമിഷമായി മാറി. ടോബി മാഗ്വയറിന്‍റെ പീറ്റർ പാർക്കറിനെ വർഷങ്ങൾക്ക് ശേഷം വലിയ സ്ക്രീനിൽ കണ്ടപ്പോൾ പഴയ സാം റെയ്‌മി ട്രൈലോജിയെ ഓർമപ്പെടുത്തിക്കൊണ്ടുള്ള ആ രംഗങ്ങൾ ആരാധകർക്ക് വലിയ ആവേശമാണ് നൽകിയത്. പലരും ഈ രംഗങ്ങൾ കണ്ട് കരയുക പോലും ചെയ്തിട്ടുണ്ട്.


