
‘അഗാധമായ ദുഃഖവും അസ്വസ്ഥതയും’; വിജയ് ആന്റണിയുടെ മകളുടെ മരണത്തിൽ യുവൻ ശങ്കർ രാജയുടെ കുറിപ്പ്
text_fieldsതമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ മകൾ മീര (16) തൂങ്ങിമരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. തമിഴ് സിനിമാ മേഖലയിലെ നിരവധി പ്രമുഖർ വിജയ് ആന്റണിയുടെ ചെന്നൈയിലെ ആൽവാർപേട്ടിലെ വീട്ടിലെത്തുകയും അദ്ദേഹത്തിനും കുടുംബത്തിനും ആശ്വാസം പകരുകയും ചെയ്തിരുന്നു.
സംഗീതസംവിധായകൻ യുവൻ ശങ്കർരാജ വിജയുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്ന ഒരു വൈകാരിക കുറിപ്പുമായി ‘എക്സി’ൽ എത്തി. അതിൽ മാനസികാരോഗ്യത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു.
‘‘വിജയ് ആന്റണിയുടെ മകളുടെ വേർപാടിൽ ഒരു പിതാവെന്ന നിലയിൽ ഞാൻ അഗാധമായി അസ്വസ്ഥനും ദുഃഖിതനുമാണ്. വിജയ് ഇപ്പോൾ അനുഭവിക്കുന്ന വേദന എന്താണെന്ന് എനിക്ക് ഊഹിക്കാൻ കഴിയുന്നില്ല. ഈ അസഹനീയമായ നഷ്ടം താങ്ങാനുള്ള ശക്തി സർവ്വശക്തൻ കുടുംബത്തിന് നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു (sic.)." - അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മാനസികാരോഗ്യത്തെ നിഷിദ്ധമായി കണക്കാക്കുന്നത് സമൂഹം എങ്ങനെ അവസാനിപ്പിക്കണം എന്നതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായവും അദ്ദേഹം രേഖപ്പെടുത്തി. യുവാക്കളോട് മനസുതുറക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ആളുകൾക്ക് തുറന്നുസംസാരിക്കാനുള്ള സുരക്ഷിതമായ ഇടം നമ്മൾ സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം കുറിപ്പിൽ പങ്കുവെച്ചു.
‘‘മാനസികാരോഗ്യം എത്ര സൂക്ഷ്മതയുള്ളതാണെന്നതിന്റെ വളരെ വേദനാജനകമായ ഓർമ്മപ്പെടുത്തലാണിത്, ജീവൻ വളരെ വിലപ്പെട്ടതാണ്, എന്നാൽ വളരെ ദുർബലവുമാണ്, നമ്മുടെ ദൈനംദിന ജീവിതത്തിലും നമ്മുടെ കുടുംബങ്ങളിലും സുഹൃദ് വലയങ്ങളിലും നിരവധി ആളുകൾ നിശബ്ദമായി മാനസികവും വൈകാരികവുമായ വേദനകൾ അനുഭവിക്കുന്നു.
ജീവിതം ആർക്കുവേണമെങ്കിലും ഏതെങ്കിലും ഘട്ടത്തിൽ കഠിനമായി മാറിയേക്കാം. അത് ഒരാളെ നിരാശയുടെ പാതയിലേക്ക് തള്ളിവിടാം & ആ ഇരുട്ട് പരന്ന നിമിഷത്തിൽ, അവർ സ്നേഹത്തിനും പ്രതീക്ഷയ്ക്കും മനോഹരമായ ഭാവിക്കും അർഹരാണെന്നുള്ള കാര്യം അവർ മറക്കുന്നു.
ശക്തിയും ധൈര്യവും ധാരാളം വേണ്ട അത്തരം വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ സഹായം സ്വീകരിക്കാനും ആരോടെങ്കിലുമൊക്കെ മനസുതുറക്കാനും ഞാൻ ആളുകളോട് പ്രത്യേകിച്ച് യുവതലമുറയോട് അഭ്യർത്ഥിക്കുന്നു.
നിങ്ങളുടെ വേദന മസിലാക്കി പിന്തുണ തേടാൻ അപാരമായ ധൈര്യം അത്യാവശ്യമാണ്. എന്റെ സങ്കട നിമിഷങ്ങളിൽ ഈ ശക്തി കണ്ടെത്താൻ ഞാൻ പാടുപെട്ടു, പക്ഷേ നിങ്ങൾക്ക് തുറന്നുപറയാൻ കഴിയുമെങ്കിൽ മാത്രം കേൾക്കാനും ഒപ്പം നിൽക്കാനും എണ്ണമറ്റ ആളുകൾ തയ്യാറാണ്’’. - അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്തംബർ 19 തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെ ചെന്നൈ ടി.ടി.കെ റോഡിലെ വീട്ടിലാണ് മീരയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംഭവത്തിൽ ചെന്നൈ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാനസിക സമ്മർദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. ഫാത്തിമയാണ് വിജയ് ആന്‍റണിയുടെ ഭാര്യ. ലാര ആണ് മീരയുടെ സഹോദരി.