വൻ ഹിറ്റായി സുബീൻ ഗാർഗിന്റെ ‘റോയി റോയി ബിനാലെ’
text_fieldsഗുവാഹത്തി: ദുരൂഹ സാചര്യത്തിൽ മരിച്ച അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ അവസാന ചിത്രമായ ‘റോയി റോയി ബിനാലെ’ വൻ ഹിറ്റിലേക്ക്. തിയേറ്ററുകളിൽ ആദ്യ ആഴ്ച തന്നെ 1.62 കോടി രൂപ നേടിയതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നു.
ഒക്ടോബർ 31 ന് പുറത്തിറങ്ങിയ ഈ മ്യൂസിക്കൽ സിനിമ ഇതുവരെ ഇന്ത്യയിൽ 7.75 കോടി രൂപ നേടിയതായി ഇൻഡസ്ട്രി ഡാറ്റാ ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ ‘സാക്നിൽക്’ പറയുന്നു. ആദ്യ ദിവസം തന്നെ രാജ്യത്തുടനീളം 1.85 കോടി രൂപ നേടിയ ചിത്രം, ബോക്‌സ് ഓഫിസിലെ ഏറ്റവും വലിയ ആസാമീസ് ഓപ്പണർമാരിൽ ഒന്നായി മാറിയെന്നും സാക്നിൽക് റിപ്പോർട്ട് ചെയ്തു.
15 കോടി രൂപ കളക്ഷനുമായി ‘റോയി റോയി ബിനാലെ’ 2024 ലെ ‘ബിദുർഭായി’യെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു. എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആസാമീസ് ചിത്രങ്ങളിൽ ആറാമത്തെതാണ് സുബീൻ അഭിനയിച്ച ചിത്രം.
രാജേഷ് ഭൂയാൻ സംവിധാനം ചെയ്ത ‘റോയി റോയി ബിനാലെ’യെ ആദ്യത്തെ മ്യൂസിക്കൽ അസമീസ് ചിത്രമായി കണക്കാക്കുന്നു. സുബീന്റെ ഒറിജിനൽ വോയ്‌സ് റെക്കോർഡിംഗുകൾ ചിത്രത്തിലുണ്ട്. സെപ്റ്റംബർ 19ന് സിംഗപ്പൂരിൽ നീന്തുന്നതിനിടെ ദുരൂഹ സാഹചര്യത്തിലാണ് ഗായകനും സംഗീതസംവിധായകനുമായ സുബീൻ മരിച്ചത്. അദ്ദേഹത്തിന് 52 വയസ്സായിരുന്നു. മരണം നിലവിൽ അന്വേഷണത്തിലാണ്. ഇതുവരെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.


