Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightകൊലയാളിയെ...

കൊലയാളിയെ കുറ്റബോധത്തിന്റെ നിലയില്ലാ കയത്തിലേക്ക് തള്ളിയിടുന്ന ചിത്രം; അഥവാ ‘ത്രീ ബറിയൽസ് ഓഫ് മൽക്വിയാഡിസ് എസ്ട്രാഡ’

text_fields
bookmark_border
കൊലയാളിയെ കുറ്റബോധത്തിന്റെ   നിലയില്ലാ കയത്തിലേക്ക് തള്ളിയിടുന്ന ചിത്രം;   അഥവാ ‘ത്രീ ബറിയൽസ് ഓഫ് മൽക്വിയാഡിസ് എസ്ട്രാഡ’
cancel

ചുടുചോരയാൽ രചിക്കുന്ന പുതിയ അധിനിവേശങ്ങളും യുദ്ധങ്ങളും ഇല്ലാതാക്കുന്ന ജീവനുകൾ കണ്ട് കണ്ണുതള്ളി നിൽക്കുകയാണ് ലോകം. ഉറുമ്പിന്റെ വില പോലും മനുഷ്യ ജീവനില്ലാതാവുന്ന കാലം. ഈ സന്ദർഭത്തിലാണ് ‘ത്രീ ബറിയല്‍സ് ഓഫ് മല്‍ക്വിയാഡിസ് എസ്ട്രാഡ’ (മെല്‍ക്വിയാഡിസ് എസ്ട്രാഡയുടെ മൂന്നു മറമാടല്‍) എന്ന അമേരിക്കൻ സിനിമ, ചലച്ചിത്ര ഭൂപടത്തിൽ നിന്ന് സാധാരണ ജനങ്ങളുടെ കാഴ്ചാവട്ടത്തിലേക്ക് കൊണ്ടുവരൽ അനിവാര്യമാവുന്നത്.

ഈ കഥയില്‍ അന്യായമായി ചോര ചിന്തുന്ന, കയ്യോ മനസ്സോ അറിയാതെയാണെങ്കിൽ പോലും ഒരുവന്റെ പ്രാണനെടുക്കുന്ന, ഒരോ കൊലയാളിയെയും അവന്റെ കയ്യാൽ ഒടുക്കപ്പെട്ട ഒരു മനുഷ്യൻ ഈ ലോകത്ത് കടന്നുപോയ വഴികളിലൂടെ കൂട്ടിക്കൊണ്ടുപോവുന്നുണ്ട് ലീ ജോണ്‍ എന്ന സംവിധായകൻ. കൊലയാളിയെ കുറ്റബോധത്തിന്റെയും പശ്ചാത്താപത്തിന്റെയും നിലയില്ലാ കയത്തിലേക്ക് കെട്ടിയിറക്കുന്ന ഈ ചിത്രം ഒരു യു.എസ് സംവിധായകനില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതില്‍ ഏറ്റവും മനോഹരമായ ആവിഷ്കാരമായിരിക്കണം.

യു.എസിലെ ടെക്സാസില്‍ നടന്ന അമേരിക്കന്‍ കൗമാരക്കാരന്റെ കൊലയാണ് ഈ സിനിമക്ക് ഇതിവൃത്തമായ യഥാര്‍ഥ സംഭവം. അന്യായമായി പൊലിഞ്ഞ ജീവന്‍ അമേരിക്കാ വന്‍കരയില്‍ ആയതുകൊണ്ട് അതിനെതിരായുള്ള ഒരു ചലച്ചിത്ര വിചാരണ, ഫലസ്തീനിലും സിറിയയിലും വെനസ്വേലയിലും ഇന്ത്യയിലും പാകിസ്ഥാനിലുമൊക്കെ പിടഞ്ഞൊടുങ്ങുന്ന ഹതഭാഗ്യര്‍ക്ക് ബാധകമാവില്ലെന്നില്ലല്ലോ! കാരണം അന്യായ കൊലയുടെ അനീതിക്ക് ഏത് മണ്ണിലും ഒരേ നിറവും ഭാവവുമാണ്.

യു.എസ്-മെക്സിക്കന്‍ അതിര്‍ത്തി രക്ഷാസേയിലെ യു.എസ് സൈനികന്റെ തോക്കില്‍ നിന്ന് ‘അറിയാതെ’ കുതിച്ചുപാഞ്ഞ ഒരു തിര. അത് തുളച്ചുകയറിയത് ഭൂമിയിലെ ഒരു ജീവിതത്തലേക്ക്, അതല്ല ഒരു പാടുപേരുടെ സ്വപ്നങ്ങളിലേക്കായിരുന്നു. മെക്സിക്കോയിലെ ദരിദ്രമായ മണ്ണില്‍ നിന്ന് ഉപജീവനം തിരഞ്ഞ്, ഉള്‍നാടന്‍ ഗ്രാമമായ ഹിമിനിസില്‍ നിന്ന് പുറപ്പെട്ടതായിരുന്നു ആ മനുഷ്യന്‍. നിന്നിലേക്കും കുട്ടികളിലേക്കും തിരികെ അണയുമെന്ന് പ്രിയപ്പെട്ടവള്‍ക്ക് ഉറപ്പു നല്‍കിയാണ് മെല്‍ക്വിയാഡിസ് എസ്ട്രാഡ ജോലി തേടി ഇറങ്ങിയത്.

സ്വന്തം രാജ്യത്തോട് ചേര്‍ന്നു കിടക്കുന്ന സമ്പന്ന ഭൂമിയായ അമേരിക്കയിലേക്ക് ദരിദ്രരായ ഏതൊരു മെക്സിക്കനെയും പോലെ രേഖകളില്ലാതെയും പ്രതീക്ഷയോടെയും ചേക്കേറുന്നു അയാള്‍. അതിര്‍ത്തി ദേശമായ ടെസ്കാസില്‍ എത്തുന്ന മെല്‍ക്വിയാഡിസ് അവിടെയുള്ള കുതിരലായത്തിന്റെ ഉടമയായ പീറ്റ് പെര്‍ക്കിന്‍സിന്റെ ഉറ്റ സുഹൃത്തായി മാറുന്നു.

അങ്ങനെയൊരു സന്ധ്യക്ക് പീറ്റിനോട് മെല്‍ക്വിയാഡിസ് പറയുന്നുണ്ട്. ഭൂമിയിലെ തന്റെ സ്വര്‍ഗമായ ഹിമനിസിനെ കുറിച്ച്. ‘ഞാൻ ഇവിടെക്കിടന്നെങ്ങാനും മരിക്കുകയാണെങ്കില്‍ എന്റെ സ്വപ്നഭൂമിലേക്ക് എന്നെ എത്തിക്കണം. അവിടെയെന്റെ സ്നേഹ നിധിയായ ഭാര്യയും കുട്ടികളുമുണ്ട്. എനിക്ക് അവിടെ അന്ത്യനിദ്ര പൂകണം’. എന്തുവന്നാലും താന്‍ അതു ചെയ്തിരിക്കുമെന്ന് പീറ്റ് ആ കയ്യില്‍ പിടിച്ച് ഉറപ്പു നല്‍കുന്നു. അപ്പോള്‍ അയാൾ വിലാസമായി നല്‍കിയത് സ്വന്തം കൈകൊണ്ട് വരച്ച രണ്ട് കുന്നുകള്‍ക്കിടയിലെ ഒരു ദേശത്തിന്റെ മങ്ങിയ ചിത്രമായിരുന്നു. ‘ഹിമിനിസ്’ എന്ന പേരും.

പീറ്റിന്റെ ആടുകളെ മേയ്ക്കുകയായിരുന്നു ഒരു സന്ധ്യക്ക് അയാള്‍. ആട്ടിന്‍പറ്റത്തെ ആക്രമിക്കാന്‍ വരുന്ന കുറുനരികളെ തുരത്താനുള്ള തോക്കും പീറ്റ് നല്‍കിയിരുന്നു. ആ മേച്ചില്‍പുറത്തിനപ്പുറത്തിനപ്പുറം അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുകയായിരുന്നു നോര്‍ടണ്‍ എന്ന യു.എസ് സൈനികന്‍. അകലെ ഒരു വെടിയൊച്ച മുഴങ്ങിയപ്പോള്‍ അപായ സൂചനയില്‍ തിരിച്ചും വെടിവെച്ചു നോര്‍ടണ്‍. ഓടിച്ചെന്നപ്പോള്‍ കാണുന്നത് ഒരു മെക്സിക്കക്കാരന്‍ മണ്ണില്‍ വീണു കിടക്കുന്നതാണ്. കുറുനരിയെ ഓടിക്കാന്‍ മെല്‍ക്വിയാഡിസ് വെച്ച വെടി, നോര്‍ട്ടണ്‍ ശത്രുവിന്റേതായി തെറ്റിദ്ധരിച്ച് മറുവെടിയുതിര്‍ക്കുകയായിരുന്നു. ആ പ്രത്യാക്രമണത്തില്‍ ഒരു സ്വപ്നം വീണു തകര്‍ന്നു.

ഇതുവരെയുളളതല്ല, ഇനിയാണ് കഥ. താന്‍ കൊടുത്ത ഒരു വാക്കിനായി പീറ്റ്, മെല്‍ക്വിയാഡിന്റെ മൃതദേഹവുമായി ഹിമിനിസിലേക്കു നടത്തുന്ന യാത്ര. ഭൂമിയില്‍ പ്രാണന്റെ അംശമുള്ള ഏതൊന്നിനെയും കൊല്ലുന്നതുപോയിട്ട് നുള്ളിനോവിക്കാന്‍ പോലും തോന്നാത്തവിധം ആദരവിന്റെ മഹാപാഠം പകരുന്ന ഒരു പ്രയാണമായിരുന്നു അത്. തന്റെ മെക്സിക്കക്കാരനായ കൂട്ടുകാരന്റെ ജീവനെടുത്ത അമേരിക്കന്‍ പട്ടാളക്കാരന് മറ്റൊരു അമേരിക്കക്കാരന്‍ നല്‍കുന്ന അതികഠിനമായ ശിക്ഷകള്‍ ഇവിടെ തുടങ്ങുന്നു....മെല്‍ക്വിയാഡിന്റെ മൃതദേഹവും പേറി ഹിമിനിസില്‍ എത്തുമ്പോഴേക്ക് കുറ്റബോധത്താല്‍ ആ അമേരിക്കക്കാരന്റെ കഴുത്ത് കുനിഞ്ഞു പോയിരുന്നു...

Show Full Article
TAGS:Movie News guilty hollywood movie 
News Summary - A film that plunges the murderer into a state of guilt; or ‘Three Burials of Malquiades Estrada’
Next Story