ഒരു ദ്വീപ്,10 പട്ടാളക്കാർ, ഒരു കൊലപാതകി
text_fieldsപൂർണമായും ഒറ്റപ്പെട്ട ദ്വീപ്. ചുറ്റും വീടുകളോ കെട്ടിടങ്ങളോ ഇല്ല. ആ സോൾജിയർ ഐലൻഡിലേക്ക് പത്ത് അപരിചിതർ എത്തുന്നു. അവർ ക്ഷണിക്കപ്പെട്ട അതിഥികളാണ്. ദ്വീപിലെ ആഡംബര വീട്ടിൽ എത്തുമ്പോൾ അവരെ ക്ഷണിച്ച മിസ്റ്റർ ആൻഡ് മിസിസ് യു.എൻ. ഓവനെ കാണാൻ സാധിക്കുന്നില്ല. ഈ അതിഥികൾ ഓരോരുത്തരും മറ്റൊരു വ്യക്തിയുടെ മരണത്തിന് കാരണമായവരാണ്. ആരും അറിയാത്തതും നിയമപരമായി ശിക്ഷിക്കപ്പെടാത്തതുമായ കുറ്റകൃത്യങ്ങൾ ചെയ്തവർ. ഈ രഹസ്യങ്ങൾ അറിയാവുന്ന ഒരു വ്യക്തിയാണ് അവരെ ദ്വീപിലേക്ക് എത്തിക്കുന്നത്. ദുരൂഹതയുടെ ആക്കം കൂട്ടുന്ന നിമിഷങ്ങൾ. പത്തുപേർ. എട്ട് അതിഥികളും ഭാര്യാഭർത്താക്കന്മാരായ രണ്ടുപേരുമാണ് ദ്വീപിലുള്ളത്. അവിടെ എത്തിയശേഷമാണ് ഇതൊരു കെണിയാണെന്ന് അതിഥികൾ തിരിച്ചറിയുന്നത്. രക്ഷപ്പെടാൻ ഒരു മാർഗവുമില്ല.
ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഗത ക്രിസ്റ്റിയുടെ മിസ്റ്ററി നോവലുകളിലൊന്നാണ് ‘ആൻഡ് ദെൻ ദേർ വേർ നൺ’. ഈ നോവലിനെ അടിസ്ഥാനമാക്കി ക്രെയ്ഗ് വൈവിറോസ് സംവിധാനം ചെയ്ത് 2015ൽ ബി.ബി.സി നിർമിച്ച മൂന്ന് ഭാഗങ്ങളുള്ള മിനി സീരീസാണ് ‘ആൻഡ് ദെൻ ദേർ വേർ നൺ’. അഗത ക്രിസ്റ്റിയുടെ നോവലിന്റെ ഇരുണ്ടതും ഗൗരവമേറിയതുമായ ദൃശ്യാവിഷ്കാരമായാണ് ഈ സീരീസിനെ വിശേഷിപ്പിക്കുന്നത്. കഥാപാത്രങ്ങളുടെ വൈകാരികവും മാനസികവുമായ സംഘർഷങ്ങളെ ആഴത്തിൽ അവതരിപ്പിക്കുന്നതിൽ സീരീസ് വിജയിച്ചിട്ടുണ്ട്. ഇതിലെ ദ്വീപ് ഇംഗ്ലണ്ടിലെ ഡേവൺ തീരത്തുനിന്ന് അൽപം അകലെ സ്ഥിതിചെയ്യുന്ന ഒരു സാങ്കൽപിക സ്ഥലമാണ്. അഗത ക്രിസ്റ്റിയുടെ നോവലിന് പ്രചോദനമായത് ഡേവൺ തീരത്തുള്ള ബെർഗ് ഐലൻഡ് എന്ന യഥാർഥ ദ്വീപാണ്. വേലിയേറ്റ സമയത്ത് ബെർഗ് ഐലൻഡ് വെള്ളത്താൽ ചുറ്റപ്പെടുകയും വേലിയിറക്ക സമയത്ത് കരയിലേക്ക് നടന്നുപോകാൻ സാധിക്കുകയും ചെയ്യും. 1945ൽ ‘ആൻഡ് ദെൻ ദേർ വേർ നൺ’ എന്ന പേരിൽതന്നെ ഒരു സിനിമ ഇറങ്ങിയിട്ടുണ്ട്. ലൊക്കാർണോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സംവിധാനത്തിനുള്ള ഗോൾഡൻ ലെപ്പേർഡ് അവാർഡ് നേടിയത് ഈ ചിത്രമാണ്.
ഓരോരുത്തരുടെയും ഭൂതകാലത്തിലെ കുറ്റകൃത്യങ്ങളെക്കുറിച്ച് അവിടെയുള്ളവർ കേൾക്കുന്നു. അത് റെക്കോഡഡാണ്. അതിനുശേഷം ഓരോ അതിഥിയും ദുരൂഹസാഹചര്യങ്ങളിൽ കൊല്ലപ്പെടുകയും അവിടെയുള്ള ‘പത്ത് ചെറിയ സൈനികരുടെ’ പ്രതിമകളിൽ ഓരോന്നായി കാണാതാവുകയും ചെയ്യുന്നു. ദ്വീപിൽ അവർ പത്ത് പേർ മാത്രമേയുള്ളൂ. കൊലയാളി അവർക്കിടയിൽ തന്നെയുണ്ട്. അവരുടെ മുറികളിൽ പത്ത് ചെറിയ പട്ടാളക്കാരുടെ കവിത ഫ്രെയിംചെയ്ത് വെച്ചിട്ടുണ്ട്. ഓരോരുത്തരായി കൊല്ലപ്പെടുമ്പോൾ ആ മരണം കവിതയിലെ ഓരോ വരികളുമായി ബന്ധപ്പെതാണെന്ന് അവർ മനസ്സിലാക്കുന്നു.
ആരാണ് കൊലയാളി എന്ന ചോദ്യം ഓരോ നിമിഷവും പ്രേക്ഷകനെ ആകാംക്ഷയുടെ മുനയിൽ നിർത്തുന്നു. ഓരോ കഥാപാത്രത്തിനും അവരുടേതായ ഇരുണ്ട ഭൂതകാലമുണ്ട്. അത് പതിയെ പുറത്തുവരുന്നതും അവർ ഓരോരുത്തരായി കൊല്ലപ്പെടുന്നതുമാണ് സീരിസിന്റെ കോർ പോയന്റ്. കൊലപാതകി ആരും ആവാം. അവസാനം വരെ അതാരാണെന്ന് ഊഹിക്കാൻ സാധിക്കില്ല. അടുത്തത് ആര്, എങ്ങനെ കൊല്ലപ്പെടും എന്ന് അറിയാത്ത അവസ്ഥ. ഓരോരുത്തരായി മരിച്ചുവീഴുമ്പോൾ ജീവിച്ചിരിക്കുന്നവരെല്ലാം സംശയത്തിന്റെ നിഴലിലാണ്. ദ്വീപിൽനിന്ന് രക്ഷപ്പെടാൻ ഒരു വഴിയുമില്ലാതെ അവർ കുടുങ്ങിപ്പോകുന്നു. ചെയ്ത തെറ്റുകളെക്കുറിച്ചുള്ള കുറ്റബോധവും, തങ്ങളെ കാത്തിരിക്കുന്ന വിധിയിലുള്ള ഭയവും അവരുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്നു. ആരാണ് കൊലയാളി എന്ന് ആരും തിരിച്ചറിയാതെ, ഒരു കുറ്റാന്വേഷകനെ കുഴപ്പത്തിലാക്കുന്ന രീതിയിലാണ് ഈ ക്രൈം ത്രില്ലറിന്റെ സഞ്ചാരം. ഡിറ്റക്ടീവ് കഥകളിൽ സാധാരണയായി കാണുന്ന ഒരു കുറ്റാന്വേഷകന്റെ സാന്നിധ്യം ഈ സീരിസിൽ ഇല്ല. കൊലപാതകി അവർക്കിടയിൽ തന്നെയുണ്ട്. ആ തിരിച്ചറിവോടെ കഥാപാത്രങ്ങൾ തന്നെയാണ് കൊലപാതകിയെ കണ്ടെത്താൻ ശ്രമിക്കുന്നത്. ക്രൈം ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക് എളുപ്പം കണ്ട് തീർക്കാൻ പറ്റുന്ന വിധത്തിലാണ് ഈ സീരിസിന്റെ ക്രമീകരണം.