Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightഅമേസിങ് ‘അറൈവൽ’

അമേസിങ് ‘അറൈവൽ’

text_fields
bookmark_border
അമേസിങ് ‘അറൈവൽ’
cancel

അമേരിക്കന്‍ എഴുത്തുകാരന്‍ ടെഡ് ചിയാങ്ങിന്‍റെ ‘സ്റ്റോറി ഓഫ് യുവർ ലൈഫ്’ എന്ന ചെറുകഥയെ ആസ്പദമാക്കി ഡെനിസ് വില്യനൂവ് സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് ‘അറൈവൽ’. 2016ൽ പുറത്തിറങ്ങിയ സിനിമ ആ വർഷത്തെ മികച്ച പത്ത് സിനിമകളിലൊന്നായി അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുക്കുകയും നിരവധി നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.

ഭാഷാശാസ്ത്രജ്ഞയായ ഡോ. ലൂയിസ് ബാങ്ക്സിന് പെൺകുഞ്ഞ് ജനിക്കുകയും ഹാന എന്നു പേരുള്ള ആ കുട്ടി തന്‍റെ പന്ത്രണ്ടാമത്തെ വയസ്സിൽ മാരകരോഗം ബാധിച്ച് മരിക്കുകയും ചെയ്യുന്നതാണ് കഥയുടെ ആരംഭം. ലൂയിസ് തന്‍റെ അധ‍്യാ‍‍പനജീവിതവുമായി മുന്നോട്ടുപോവുന്നതിനിടയിൽ ലോകത്ത് 12 സ്ഥലങ്ങളിൽ അന്യഗ്രഹജീവികളുടെ 12 ഷെല്ലുകൾപോലുള്ള സ്പേസ്ഷിപ്പുകൾ പ്രത‍്യക്ഷപ്പെടുന്നു.

ഷെല്ലുകൾ തമ്പടിച്ച രാജ്യങ്ങളോരൊന്നും പരസ്പരം സന്ദേശം കൈമാറിക്കൊണ്ടിരിക്കെ അന്യഗ്രഹജീവികളോട് ആശയവിനിമയം നടത്താനായി യു.എസ് മിലിട്ടറി ഉദ്യോഗസ്ഥന്‍ കേണൽ വെബർ സകലഭാഷാ പ്രാവീണ്യമുള്ള ലൂയിസിനെ സമീപിക്കുകയും അവൾ ആ ദൗത‍്യം ഏറ്റെടുക്കുകയും ചെയ്യുന്നു. ലൂയിസിനോടൊപ്പം നായകന്‍ ഇയാനെയും ദൗത‍്യത്തിനായി യു.എസ് മിലിട്ടറി തിരഞ്ഞെടുക്കുന്നു. ഓരോ 18 മണിക്കൂറിലും തുറക്കുന്ന സ്പേസ്ഷിപ്പുകളുടെ വാതിലിലൂടെ പ്രവേശിച്ചാണ് മിലിട്ടറി അംഗങ്ങൾ അന്യഗ്രഹജീവികളോട് സംവദിക്കുന്നത്.

നിരന്തരമായ പരിശ്രമത്തിനൊടുവിൽ നീരാളിയുടെ രൂപത്തിലുള്ള ഹെപ്റ്റപോഡ്സ് എന്നറിയപ്പെടുന്ന അന്യഗ്രഹജീവികൾ ഭൂമിയിലെത്തിയതിന്റെ ഉദ്ദേശ്യം ലൂയിസ് മനസ്സിലാക്കുന്നു. 3000 വർഷങ്ങൾക്കുശേഷം മനുഷ‍്യന്‍റെ സഹായം ആവശ‍്യമായതിനാൽ തങ്ങളുടെ ഭാഷ മനുഷ‍്യർക്ക് കൈമാറാനാണ് ഹെപ്റ്റപോഡ്സ് ഭൂമിയിലെത്തിയത്. പ്രതീകങ്ങളുടെ രൂപത്തിലുള്ള അവരുടെ ഭാഷ സ്വായത്തമാക്കുന്നവർക്ക് ഒരിക്കലും തിരുത്താനാവാത്ത തങ്ങളുടെ ഭാവി കാണാന്‍ സാധിക്കുന്നു.

ഭാഷക്ക് സിനിമയിൽ ഏറെ പ്രാധാന്യം നൽകുന്നുണ്ട്. ഭാവിയിൽനിന്ന് ഭൂതകാലത്തിലേക്ക് സഞ്ചരിച്ച് ഭൂമിയിലെത്തിയ ഹെപ്റ്റപോഡ്സിനെ ലൂയിസുമായി ബന്ധിപ്പിക്കുന്നത് ഭാഷയാണ്. മനുഷ‍്യർക്ക് ആയുധം നൽകാൻ വേണ്ടിയാണ് തങ്ങൾ ഭൂമിയിലെത്തിയതെന്ന് ഹെപ്റ്റപോഡുകൾ പറയുന്ന നിമിഷത്തിൽ ലൂയിസൊഴികെ മറ്റെല്ലാവരും അവർ ഭൂമിയെ ആക്രമിക്കാനാണ് മുതിരുന്നതെന്ന് കരുതുന്നു എന്നാൽ, ആയുധമെന്നത് അവരുടെ ഭാഷയിൽ സമ്മാനമാണെന്നും ആ ഭാഷയാണ് അവർ നൽകുന്ന സമ്മാനമെന്നും അവൾ തിരിച്ചറിയുന്നു.

ഭാഷയെ ഏറെ ഇഷ്ടപ്പെടുന്ന ലൂയിസിൽ ഷെല്ലുകൾപോലുള്ള പേടകത്തിന്‍റെ സാമീപ‍്യംപോലും മാറ്റങ്ങൾ സൃഷ്ടിക്കുന്നു സിനിമയുടെ തുടക്കത്തിൽ കാണിച്ച ലൂയിസിന്‍റെ മകളും മകളുടെ മരണവുമെല്ലാം വരാനിരിക്കുന്ന അവളുടെ ഭാവിയാണെന്ന് തിരിച്ചറിയുമ്പോൾ സിനിമ കാണുന്ന പ്രേക്ഷകനും വഴിത്തിരിവാകുന്നു.

ഇയാനുമായി താന്‍ പ്രണയത്തിലാവുമെന്നും, തങ്ങൾക്കു ജനിക്കുന്ന കുട്ടി മരണപ്പെടുമെന്നും, എല്ലാ സത്യങ്ങളും ഇയാനോടു തുറന്നുപറയുന്ന നിമിഷത്തിൽ മകളുടെ മരണം നേരിൽ കാണാന്‍ താൽപര‍്യമില്ലാതെ അയാൾ തന്നെയും മകളെയും ഉപേക്ഷിച്ച് പോകുമെന്നും ലൂയിസ് മുൻകൂട്ടി കാണുന്നു. തന്റെ വിധിയെ ഒരിക്കലും മാറ്റാൻ കഴിയില്ലെന്ന ബോധത്തോടെ അവൾ മുന്നോട്ടുപോകുന്നു.

അന്യഗ്രഹജീവികൾ മനുഷ്യർക്ക് വെല്ലുവിളിയാവുന്ന സാഹചര്യമാണ് മിക്ക സിനിമകളിലും കാണാറുള്ളത് എന്നാൽ, ‘അറൈവൽ’ അതിൽനിന്നും വ്യത്യസ്തമായി കഥയെ കൊണ്ടുപോവുന്നു. സിനിമയുടെ അവസാനത്തിൽ ഹെപ്റ്റപോഡ്‌സിനെതിരെ യുദ്ധം പ്രഖ്യാപിച്ച ചൈനീസ് ജനറൽ ഷാങ്ങിനെ ലൂയിസ് തടയുന്നത് ഉദാഹരണമായി കണക്കാക്കാം. ഒരു സയൻസ് ഫിക്ഷൻ എന്നതിനപ്പുറം മനുഷ്യബന്ധങ്ങളുടെ ആഴത്തെ സിനിമ വരച്ചുകാട്ടുന്നു. ഭൂമിയിലെ ഓരോ മനുഷ്യനും സമയവുമായും അതിന്റെ ചിട്ടയുമായും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ‘അറൈവൽ’ മനസ്സിലാക്കിത്തരുന്നു.

Show Full Article
TAGS:Arrival Movie News movie review Entertainment News 
News Summary - Arrival Movie Review
Next Story