സംഭവ വികാസങ്ങളുടെ പരമ്പര- 'കിഷ്കിന്ധാ കാണ്ഡം'
text_fieldsആസിഫ് അലി, വിജയരാഘവൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം. സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലറായ ചിത്രത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.കിഷ്കിന്ധാ കാണ്ഡം എന്ത് കൊണ്ട് കാണണം, നമുക്ക് നോക്കാം
കിഷ്കിന്ധാ കാണ്ഡം സിനിമയുടെ അടിത്തറ ബ്രില്യന്റായ തിരക്കഥയാണ്. ബാഹുൽ രമേശെന്ന എഴുത്തുകാരന്റെ ക്രാഫ്റ്റ് തുടക്കമം മുതൽ അവസാനം വരെ നമുക്ക് അനുഭവിക്കാനാകും. വളരെ സാവധാനം തുടങ്ങുന്ന ലെയറിൽ നിന്നും അടുത്ത ലെയറിലേക്കെത്തുമ്പോൾ കഥ കുറച്ച് കൂടി സംഘർഷഭരിതമാകുന്നു. ഇങ്ങനെ പിരമിഡ് പോലെ ഒരു ലെയറിൽ നിന്ന് തേഴേക്ക് പോകും തോറും കോൺഫ്ലിക്റ്റുകൾ കൂടി പ്രേക്ഷകനുള്ളിൽ നൂറുചോദ്യങ്ങളുണ്ടാക്കുകയും ചെയ്യുന്ന മാജിക്ക് തന്നെയാണ് ഈ ചിത്രത്തിന്റെ എഴുത്ത്. കൂടെ ആ തിരക്കഥക്ക് വേണ്ട മികച്ച സംവിധാനമൊരുക്കി ദിൻജിത്ത് അയ്യത്താൻ കട്ടക്ക് കൂടെ നിൽക്കുന്നു. പെട്ടെന്ന് പാളിപ്പോകാവുന്ന, ഇത്രയും ഹെവിയായ തിരക്കഥയെ പ്രേക്ഷകന് വേണ്ട പാകത്തിൽ അറിഞ്ഞ് വിളമ്പിയിരിക്കുകയാണ് സംവിധായകൻ.
ഒരു തോക്ക് കാണാതാവുന്ന കഥയെ കഥാപാത്രങ്ങൾക്കൊപ്പമിരുന്ന് പ്രേക്ഷകനും ഇരുന്ന് ചുരുളഴിച്ച് കൊണ്ടുവരുന്നു. മലയാളത്തിൽ സംഭവിക്കുന്ന അപൂർവങ്ങളിൽ അപൂർവം എന്നുമാത്രമേ ഇതിനെ നമുക്ക് വിശേഷിപ്പിക്കാൻ കഴിയൂ. ഇത്പോലെ മലയാളി ഞെട്ടിയത് ഈ അടുത്ത് മമ്മൂട്ടി ചിത്രം റോഷാക്കിലാകും.
ഇനി മറ്റൊന്ന് ചിത്രത്തിലെ അപ്പുപിള്ള എന്ന റിട്ടയേഡ് ആർമി ഉദ്യോഗസ്ഥനെ അവതരിപ്പിച്ച വിജയരാഘവന്റെ കഥാപാത്രമാണ്. വിജയരാഘവൻ ചെയ്ത കഥാപാത്രങ്ങളിൽ വെച്ച് ഇനി ചിലപ്പോൾ അദ്ദേഹം അറിയപ്പെടാൻ പോവുക ഈ കഥാപാത്രത്തിലൂടെ തന്നെയാവും. ഇത്രയും സങ്കീർണമായ ഒരു കഥാപാത്രത്തെ വളരെ കൂളായി ജീവിച്ച് കാണിച്ചിരിക്കുന്നു അദ്ദേഹം. അപ്പുപിള്ളയായി നിറഞ്ഞാടിയ വിജയരാഘവനായി നിരവധി പുരസ്കാരങ്ങളും തേടിയെത്തുമെന്ന് ഉറപ്പാണ്.
ഇനി ആസിഫ് അലിയിലേക്ക് എത്തുമ്പോൾ. ഓരോ സിനിമ കഴിയുമ്പോൾ ആസിഫ് തന്നിലെ നടനെ തേച്ച് മിനുക്കുകയാണ്. വളരെ വ്യത്യസ്ഥമായ കഥാപാത്രങ്ങൾക്കുള്ള അടങ്ങാത്ത ആവേശം ആസിഫ് അലിയുടെ കഥാപാത്ര തെരഞ്ഞെടുപ്പിൽ നമുക്ക് കാണാൻ കഴിയും. വിജയരാഘവനെന്ന വടവൃക്ഷം അഭിനയിച്ച് തകർക്കുമ്പോൾ ആസിഫ് അലി കട്ടക്ക് പിടിച്ച് നിൽക്കുന്നുണ്ട് . ഈ സിനിമയിൽ പ്രധാനകഥാപാത്രം അപ്പുപിള്ളയാണെന്ന് അറിഞ്ഞിട്ടും ഈ ചിത്രം തെരഞ്ഞെടുത്ത ആസിഫ് അലി നിറഞ്ഞ കൈയടി തന്നെ അർഹിക്കുന്നുണ്ട്. ഇനി ഇതിലേറെ വൈവിധ്യമുള്ള കഥാപാത്രങ്ങളുമായി ആസിഫ് അലിയുടെ നിറഞ്ഞാട്ടം തന്നെ മലയാളം കാണാനിരിക്കുന്നു എന്ന സന്ദേശവും കൂടി ഈ സിനിമ നൽകുന്നുണ്ട്.
ആസിഫ് അലി, വിജയ രാഘവൻ എന്നിവരുടെ പേരിനൊപ്പം എടുത്ത് പറയേണ്ട രണ്ടാളുകളാണ് അപർണ ബാലമുരളിയും ജഗദീഷും. ജഗദീഷ് ഓരോ സിനിമ കഴിയുമ്പോഴും വ്യത്യസ്തത മാത്രം സമ്മാനിക്കുകയാണ്. അപർണയാകട്ടെ വലിയ കഥാപാത്രമല്ലെങ്കിൽ കൂടെ ആസിഫ് അലിക്കൊപ്പം ജീവിച്ച് കാണിക്കുകയും ചെയ്യുന്നു.
ഇനി തീർച്ചയായും എടുത്ത് പറയേണ്ടത്, സംഗീതമാണ്. തിരക്കഥക്കൊപ്പം, അതുമല്ലെങ്കിൽ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന സംഗീതം. ഓരോ കഥാപാത്രത്തിനും സാഹചര്യത്തിനും അനുസരിച്ച് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സംഗീതം. അതിന് മുജീബ് മജീദ് എന്ന സംഗീത സംവിധായകന് കൊടുക്കണം കൈയടി. സിനിമ കണ്ടിറങ്ങുന്നവർ സംഗീതസംവിധായകനെ കുറിച്ച് കൂടുതൽ സംസാരിക്കുന്നത് അതുകൊണ്ടാണ്. ലോകസിനിമയോട് വരെ കിടപിടിക്കുന്ന കിഷ്കിന്ധ കാണ്ഡം എന്ന ചിത്രം മലയാളത്തിന്റെ അഭിമാനമാകുമെന്ന് ഉറപ്പാണ്. അപ്പു പിള്ളയും അജയചന്ദ്രനും ഒരുപാട് നാൾ സിനിമ ചർച്ചകളുടെ റൗണ്ട് ടേബിളിലുണ്ടാകും.