വിലക്കപ്പെട്ട കനി ഭക്ഷിക്കരുത്
text_fieldsഒരു സ്ത്രീയുടെ സ്വതന്ത്രചിന്തകളെ കാലാതീതമാക്കുകയാണ് രബീന്ദ്രനാഥ ടാഗോർ ‘ചോഖേർ ബാലി’ എന്ന നോവലിൽ. ആ കഥാന്തരീക്ഷത്തെ മനോഹരമായ ഫ്രെയിമിലേക്ക് ഋതുപർണ ഘോഷും മാറ്റുന്നു. വിഭജനത്തിന് മുമ്പുള്ള ബംഗാളാണ് കഥാപശ്ചാത്തലം. വൈധവ്യത്തിന്റെ അടിച്ചമർത്തലിൽനിന്ന് മോചിതയാകാൻ കൊതിക്കുന്ന സുന്ദരിയും വിദ്യാസമ്പന്നയുമായ ബിനോദിനിയുടെ കഥയാണ് ‘ചോഖേർ ബാലി’. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ബിനോദിനി വിധവയാകുന്നു. പിന്നീടുള്ള അവളുടെ ജീവിതം മഹേന്ദ്രന്റെ വീട്ടിലാണ്. ഒരിക്കൽ വിവാഹാലോചനയുമായി എത്തിയ അവളെ അയാൾ നിരസിച്ചതാണ്. ഇപ്പോഴിതാ മഹേന്ദ്രന്റെ അമ്മതന്നെ അവളെ വീട്ടിലേക്ക് വിളിക്കുന്നു. അവിടെ വെച്ച് അവൾ മഹേന്ദ്രന്റെ ഭാര്യ ആശാലതയുമായി സൗഹൃദത്തിലാകുന്നു.
1903ലാണ് ‘ചോേഖർ ബാലി’ നോവൽ പുറത്തിറങ്ങുന്നത്. 2003ൽ ബംഗാളി ചിത്രം ‘ചോഖേർ ബാലി’യും. ഋതുപർണ ഘോഷ് സംവിധാനം ചെയ്ത ചിത്രത്തിൽ ബിനോദിനിയായി ഐശ്വര്യ റായിയും ആശാലതയായി റൈമ സെന്നും അഭിനയിക്കുന്നു. സ്ത്രീകളുടെ സാമൂഹിക സ്ഥാനം, വിധവകളുടെ ദയനീയ ജീവിതം, ആന്തരിക സംഘർഷങ്ങൾ, സൗഹൃദം, വികാരം അങ്ങനെ പലതും സിനിമ ഫോക്കസ് ചെയ്യുന്നുണ്ട്. ആശാലതയും ബിനോദിനിയും പരസ്പരം വിളിക്കുന്നത് ചോേഖർ ബാലി എന്നാണ്, ‘കണ്ണിലെ മണൽത്തരി’ എന്നാണ് അർഥം.
മഹേന്ദ്രനും ആശാലതയും തമ്മിൽ നിലനിൽക്കുന്ന സുഖകരമായ ദാമ്പത്യം ബിനോദിനിയിൽ അസൂയ ജനിപ്പിക്കുന്നു. പിന്നെ കാര്യങ്ങൾ കലങ്ങിമറയുകയാണ്. പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീയുടെ അഭിലാഷങ്ങളുടെയും ആവിഷ്കാരങ്ങളുടെയും വ്യാകരണ നിയമങ്ങൾ പുരുഷനാണല്ലോ തീരുമാനിക്കുന്നത്. ആശാലതയിലെ ചോദനകളെ ആത്യന്തികമായി ഉത്തേജിപ്പിക്കുക മാത്രമാണ് മഹേന്ദ്രൻ ചെയ്യുന്നത്. നിരക്ഷരയായ ആശാലതയുടെ ലോകം അത്രമാത്രം പരിധിയുള്ളതാണ്. എന്നാൽ, ബിനോദിനി പുരുഷനിയന്ത്രിതമായ സാമൂഹിക നിയമങ്ങളുടെ ബന്ധനത്തിൽ തുടരാൻ ആഗ്രഹിക്കുന്നില്ല. ഒരു വിധവയുടെ ജീവിതം നിഷ്കർഷിക്കുന്ന നിയമങ്ങൾ പാലിക്കാൻ അവളിലെ സ്ത്രീത്വം അവളെ അനുവദിക്കുന്നില്ല. വിദ്യാസമ്പന്നയായ അവൾക്ക് മുന്നിൽ രണ്ട് പുരുഷന്മാരുണ്ട്. ഒന്ന് മഹേന്ദ്രനും മറ്റൊരാൾ അവിടെ നിത്യസന്ദർശകനായ ബിഹാരിയും. രണ്ടു പേരോടും അവൾക്ക് പ്രണയമുണ്ട്.
ബിനോദിനിക്കും ആശാലതക്കും ഇടയിൽ നിലനിൽക്കുന്ന അടുപ്പത്തിന്റെയും അസൂയയുടെയും കാരണങ്ങൾ തിരയുകയാണ് ടാഗോർ തന്റെ നോവലിൽ. അത് അൽപംപോലും സത്ത ചോരാതെ ഋതുപർണ ഘോഷ് തന്റെ ഫ്രെയിമുകളിലേക്ക് പകർത്തി വെച്ചിട്ടുണ്ട്. സാമൂഹികവ്യവസ്ഥകള്ക്ക് എതിരെ നീന്തിയ ആധുനിക ഇന്ത്യന്‍ നായികയായ ബിനോദിനി എന്ന വിധവയെ അവസാനം അതെ വ്യവസ്ഥിതികള്‍ക്ക് ഇരയാക്കുന്നുണ്ട് ടാഗോര്‍. വര്‍ഷങ്ങള്‍ക്കുശേഷം താന്‍ ചെയ്തത് തെറ്റായിരുന്നു എന്ന് ടാഗോര്‍ സമ്മതിച്ചിട്ടുമുണ്ട്. എന്നാൽ, നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും ബിനോദിനിക്ക് മോക്ഷമില്ല എന്നതാണ് സങ്കടകരമായ കാര്യം. ഘോഷിന്റെ ബിനോദിനി ടാഗോറിന്റേതിനേക്കാൾ സംഘർഷഭരിതമല്ല. പക്ഷേ അസൂയയും പശ്ചാത്താപവും നിറഞ്ഞതാണ്. ആശലതയുടെ ആനന്ദകരമായ ഗാർഹികതയെ അവൾ ആഗ്രഹിക്കുന്നു.
‘ചോേഖർ ബാലി’ ഒരാളുടെ ഹൃദയത്തിലെ ഒളിഞ്ഞിരിക്കുന്ന ആഗ്രഹങ്ങളെക്കുറിച്ച് സംസാരിക്കുന്നു. കഥാപാത്രങ്ങളുടെ സ്ഥാനം, സാഹചര്യം, വ്യക്തിത്വ നിർമിതി എന്നിവ വ്യാഖ്യാനിക്കാൻ സഹായിക്കുന്ന മനഃശാസ്ത്രപരമായ ഉൾക്കാഴ്ചകളിലേക്കും സിനിമ വിരൽചൂണ്ടുന്നുണ്ട്. ബിനോദിനി എന്ന വിധവയുടെ എല്ലാ മാനസിക സംഘർഷങ്ങളും ഉൾക്കൊണ്ട് ഐശ്വര്യ റായി സ്ക്രീനിൽ നിറയുന്നുണ്ട്. സങ്കീർണമായ ഒരു കഥാപാത്രത്തിന്റെ മിക്ക സൂക്ഷ്മതകളും ഐശ്വര്യ നന്നായി അവതരിപ്പിക്കുന്നുണ്ട്. കാലഘട്ടത്തിന്റെ ആത്മാവിനെ കോർത്തിണക്കുന്ന ക്ലാസിക്കൽ കാമറ ചലനങ്ങളാണ് സിനിമയുടെ പ്രത്യേകത. ഓരോ ഫ്രെയിമും ഓരോ പെയിന്റിങ്ങുപോലെ ദൃശ്യഭംഗിയുള്ളതാണ്.
.