പതറുന്ന ജോർജുകുട്ടിയും വേട്ടയാടുന്ന നിഴലുകളും; പ്രതീക്ഷകൾ തെറ്റിക്കാതെ 'ദൃശ്യം 3'
text_fieldsമലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ ത്രില്ലർ സിനിമകളിലൊന്നായ ‘ദൃശ്യം 3’ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ, ആദ്യ രണ്ട് ഭാഗങ്ങൾ സൃഷ്ടിച്ച അതേ മാജിക് മൂന്നാം ഭാഗത്തിനും ആവർത്തിക്കാനാകുമോയെന്ന ചോദ്യത്തിൽ ആശങ്കയിലായിരുന്നു പ്രേക്ഷകർ. എന്നാൽ ചിത്രം മുന്നോട്ട് പോകുമ്പോളറിയും സിനിമ ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതത്തിലേക്ക് ആഴത്തിലിറങ്ങി ആശങ്കയിലാക്കി കൂടെ കൊണ്ടുപോകുന്ന ഒരു കുടുംബ ത്രില്ലറാണെന്ന്.
2013ൽ ആരംഭിച്ച ജോർജുകുട്ടിയുടെ കഥക്ക് പതിമൂന്ന് വർഷങ്ങൾക്കിപ്പുറം സംഭവിച്ച മാറ്റങ്ങളോടെയാണ് സിനിമയുടെ തുടക്കം. സാമ്പത്തികമായും സാമൂഹികമായും ഉയർന്ന നിലയിലേക്ക് എത്തിയിട്ടും പഴയ സംഭവങ്ങളുടെ നിഴൽ ഇപ്പോഴും അയാളെ പിന്തുടരുന്നു. ആ ഭയം, കുറ്റബോധം, കുടുംബത്തെ സംരക്ഷിക്കാനുള്ള ആകുലതകളെല്ലാം അതീവ സ്വാഭാവികമായി സിനിമ പകർത്തുന്നുണ്ട്. ആദ്യ ഭാഗങ്ങളിൽ കണ്ട അതേ ജോർജുകുട്ടിയല്ല മൂന്നാം ഭാഗത്തിൽ. ജീവിതം അയാളെ കൂടുതൽ സൂക്ഷ്മതയും വിട്ടുവീഴ്ചയും ചിലപ്പോഴൊക്കെ പതറുന്നവനുമാക്കുന്നുണ്ട്.
മോഹൻലാൽ വീണ്ടും ജോർജുകുട്ടിയായി ജീവിക്കുക തന്നെയാണ്. വലിയ പ്രകടനങ്ങളോ അതിരൂക്ഷമായ അഭിനയമോ ഇല്ലാതെ, ചെറിയ ഭാവങ്ങളിലൂടെയും കണ്ണുകളിലൂടെയും അദ്ദേഹം കഥാപാത്രത്തിന്റെ ഭയാശങ്കകൾ പ്രകടിപ്പിക്കുന്നുണ്ട്.
ജോർജുകുട്ടിയുടെ ഭാര്യയായി മീനയും മക്കളായി അൻസിബയും എസ്തർ അനിലുമൊക്കെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ജെന്‍സി പ്രതിനിധിയുടെ പ്രതികരണങ്ങളുമായി അനുവെന്ന യുവതിയായി എസ്തർ മാറുമ്പോൾ അതിന് മുന്നിൽ തന്ത വൈബിൻ്റെ കുറ്റബോധത്തോടെ മാറി കൊടുക്കാനുള്ള മോഹൻലാലിൻ്റെ പ്രകടനമൊക്കെ സമകാലിക കുടുംബങ്ങളുടെ നേർ ചിത്രങ്ങളാകുന്നുണ്ട്.
ആദ്യ സിനിമയിലെ എസ്.ഐ സഹദേവനായ കലാഭവന്‍ ഷാജോണ്‍ ഗുണ്ടയായി വീണ്ടുമെത്തുമ്പോൾ അതിശയിപ്പിക്കുന്നുണ്ട്. ഒരു ഫീൽ ഗുഡ് ചിത്രത്തിലെ കഥാപാത്രമെന്നോണം മനോഹരമായി ബിഹേവ് ചെയ്യുന്ന ഇർഷാദലിയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്.
പ്രഭാകറായി സിദ്ദീഖും തോമസ് ബാസ്റ്റിനായി മുരളി ഗോപിയും ചിത്രത്തിന് ശക്തി പകരുന്നുണ്ട്. പൊലീസ് ഓഫിസറായി ഗണേഷ് കുമാർ, സിനിമക്കുള്ളിലെ സിനിമയിലെ നായകനായി ബിജു മേനോൻ, ആശാ ശരത്, സംവിധായകനായി മുഹമ്മദ് മുസ്തഫ, ശ്രീകാന്ത് മുരളി, അഡ്വ. രേണുകയായി ശാന്തി മായാദേവി, സാബു എന്ന പൊലീസ് ഉദ്യോഗസ്ഥനായി സുമേഷ് ചന്ദ്രൻ, അജിത്ത് കൂത്താട്ടുകുളം, ദിനേശ് പ്രഭാകർ, കൃഷ്ണപ്രഭ, ശോഭ മോഹൻ, സൗമ്യ ഭാഗ്യൻ പിള്ള, റിയാസ് നർമകല, ആദം അയ്യൂബ് തുടങ്ങി ആൻറണി പെരുമ്പാവൂർ വരെ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തവർ തങ്ങളുടെ സാന്നിധ്യം വേസ്റ്റാക്കിയിട്ടില്ല.
എന്നാൽ സിനിമയുടെ ശക്തി തിരക്കഥ തന്നെ. ജീത്തു ജോസഫിൻ്റെ പതിവ് പോലെ പതിഞ്ഞ താളത്തിൽ തുടങ്ങി ക്ലൈമാക്സിൽ അപ്രതീക്ഷിത ട്വിസ്റ്റുകൾ സൃഷ്ടിക്കുന്ന തിരക്കഥ തന്നെയാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും സിനിമയുടെ അന്തരീക്ഷം ശക്തമാക്കുന്നുണ്ട്. ചിത്രത്തിലെ എടുത്തുപറയാവുന്ന കാഴ്ചയാണ് സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണം. സംഗീതസംവിധായകൻ അനിൽ ജോൺസൺ കൈയടി അർഹിക്കുന്നുണ്ട്. ചിത്രസംയോജകൻ വി.എസ്. വിനായകും പ്രശംസയർഹിക്കുന്നു.
നിർണായക രംഗങ്ങളിലെ ബി.ജി.എം ടെൻഷൻ വർധിപ്പിക്കുമ്പോൾ കാമറ കൂടുതൽ ജീവനുള്ളതാക്കുന്നുണ്ട്. ചില ഭാഗങ്ങളിൽ സിനിമയുടെ വേഗത കുറവാണെന്ന് തോന്നുമെങ്കിലും കഥയുടെ കരുത്തിൽ അത് പ്രേക്ഷകനെ പ്രീതിപ്പെടുത്തുന്നതാണ്.
ഒരു മാസ് ട്വിസ്റ്റ് ത്രില്ലറെന്നതിലുപരി, ജോർജുകുട്ടി എന്ന കഥാപാത്രത്തിന്റെ മനസിനുള്ളിലേക്ക് കൂടുതൽ ആഴത്തിൽ കടന്നുചെല്ലുന്ന സിനിമയാണ്. അമിത പ്രതീക്ഷകളെ പോലും ഭൂരിഭാഗം ഭാഗങ്ങളിലും തൃപ്തിപ്പെടുത്തുന്ന പ്രകടനങ്ങളും തിരക്കഥയും കൊണ്ടു ശക്തമായ ഒരു സിനിമാനുഭവം. ത്രില്ലറുകളെയും കുടുംബ സെൻ്റിമെൻസിനെയും ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ആഘോഷിക്കാവുന്ന മറ്റൊരു വിജയ ചിത്രമാണ് ഈ മൂന്നാം ഭാഗം.


