ഹോളിവുഡ് സ്റ്റൈൽ മേക്കിങ്, മാസ് ലുക്കിൽ ലാലേട്ടൻ; തിയറ്ററിൽ വീണ്ടും ആളെക്കൂട്ടി എമ്പുരാൻ
text_fieldsഉത്സവകാലങ്ങളിൽ ആളെക്കൂട്ടാൻ മോഹൻലാലിനോളം കഴിവുള്ള മറ്റൊരു താരം മലയാള സിനിമയിലില്ല. തിയറ്ററുകൾ പൂരപ്പറമ്പക്കാൻ, ഫാൻസിന്റെ ഭാഷയിൽ പറഞ്ഞാൽ ലാലേട്ടനൊന്ന് മുണ്ടുമടക്കിക്കുത്തി വന്നാൽ മതിയാകും. മോഹൻലാൽ നായകനായെത്തിയ മാസ് സിനിമകൾ മലയാള സിനിമയിൽ പലപ്പോഴും കലക്ഷൻ റെക്കോഡുകൾ ഭേദിച്ചിട്ടുണ്ട്. 2025 തുടങ്ങിയതിന് ശേഷം വലിയ ഓളമില്ലാതിരുന്ന കേരളത്തിലെ തിയറ്ററുകളിൽ പുതിയ ആവേശം തീർക്കാൻ എമ്പുരാന് കഴിയുമെന്നായിരുന്നു ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെയുള്ള പ്രതീക്ഷകൾ. കേരളത്തിലുടനീളം 750 സ്ക്രീനുകളിൽ റിലീസായ എമ്പുരാന് ആദ്യ ദിനം ആ പ്രതീക്ഷ ഒരളവ് വരെ കാത്തുസൂക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. അടുത്തകാലത്തെങ്ങും മറ്റൊരു ചിത്രവും ഇത്രത്തോളം ഓളം കേരളത്തിലെ തിയറ്ററുകളിൽ സൃഷ്ടിച്ചില്ല.
പൃഥ്വിരാജ് ആദ്യമായി സംവിധായകനായി എത്തിയ ചിത്രമായ ലൂസിഫർ വലിയ വിജയമാണ് അന്ന് നേടിയത്. കലക്ഷൻ കണക്കിൽ കോടിക്കണക്കിന് രൂപ നേടാൻ ലൂസിഫറിന് കഴിഞ്ഞു. മോഹൻലാലിന്റെ താരപരിവേഷം വേണ്ടുവോളം ഉപയോഗിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിലും ഇതിനുള്ള ശ്രമം തന്നെയാണ് പൃഥ്വിയും കൂട്ടരും നടത്തുന്നത്. പക്ഷേ മോഹൻലാലിനൊപ്പം തന്നെ അന്യായ മേക്കിങ് കൊണ്ട് കൂടിയാണ് എമ്പുരാൻ ശ്രദ്ധേയമാകുന്നത്.
ഹോളിവുഡ് ശൈലിയിലുള്ള മേക്കിങ് എമ്പുരാനിൽ കൊണ്ടുവരാൻ സംവിധായകൻ പൃഥ്വിരാജ് ശ്രമിച്ചിട്ടുണ്ട്. അസാധ്യമായ ചിത്രീകരണ മികവ് എമ്പുരാനിലെ പല രംഗങ്ങളിലും കാണാം. മലയാളത്തിൽ ഇതുവരെ പുറത്തുവന്ന ആക്ഷൻ ചിത്രങ്ങളെ മറികടക്കുന്ന രീതിയിൽ എമ്പുരാനിലെ ചില രംഗങ്ങളെങ്കിലും ഒരുക്കാൻ പൃഥ്വിരാജിന് കഴിഞ്ഞിട്ടുണ്ട്. മോഹൻലാൽ ആരാധകർക്ക് ആവോളം കൈയടിക്കാനുള്ള വകനൽകുന്നുണ്ട് ഈ രംഗങ്ങൾ.
പക്ഷേ ലൂസിഫറിൽ കണ്ട തിരക്കഥയുടെ കെട്ടുറപ്പ് പലപ്പോഴും എമ്പുരാന് നഷ്ടപ്പെടുന്നുണ്ട്. തിരക്കഥയുടെ ലോജിക്കിനുമപ്പുറം സിനിമ കാണുന്ന പ്രേക്ഷകനെ ആവേശത്തിൽ ആറാടിക്കാനുള്ള മരുന്നുകളൊന്നും മുരളി ഗോപി കരുതി വെക്കുന്നില്ല. ഗുജറാത്ത് കലാപത്തിൽ തുടങ്ങി വർഗീയ രാഷ്ട്രീയത്തിന്റെ കേരളത്തിലേക്കുള്ള കടന്നുവരവ് വരെ തിരക്കഥയിൽ ഉണ്ടെങ്കിലും പലയിടങ്ങളിലും മുരളി ഗോപിയുടെ എഴുത്ത് ഇക്കുറി ദുർബലമാവുന്നുണ്ട്. അത് തന്നെയാണ് എമ്പുരാന് പല ഘട്ടങ്ങളിലും വിനയാവുന്നതും.
പതിയെയാണ് സിനിമ തുടങ്ങുന്നതെങ്കിലും പക്ഷേ അത് പ്രേക്ഷകന് അത് വലിയൊരു ലാഗായി തോന്നില്ല. പതിയെ ട്രാക്കിലേക്ക് നീങ്ങുന്ന എമ്പുരാൻ ഒന്നാം പകുതി അവസാനിക്കുമ്പോഴേക്കും ആവേശത്തിലേക്ക് നയിക്കും. രണ്ടാം പകുതിയിൽ ഈ ആവേശം കൊടുമുടിയിലേക്ക് എത്തുമെങ്കിലും ക്ലൈമാക്സിൽ ഇത് നിലനിർത്താൻ സാധിക്കാത്തത് എമ്പുരാനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാവുന്നുണ്ട്. എന്നാൽ, ക്ലൈമാക്സിൽ മൂന്നാം ഭാഗത്തിന്റെ പ്രതീക്ഷകൾ കൂടി നൽകിയാണ് ചിത്രം അവസാനിക്കുന്നത്. ഇത് മോഹൻലാൽ ആരാധകർക്ക് കൈയടിക്കാനുള്ള വക നൽകുന്നുണ്ട്.
മോഹൻലാലിന്റെ മാസിനെ പൂർണമായും ഉപയോഗപ്പെടുത്താൻ ഇക്കുറി പൃഥ്വിരാജിന് കഴിഞ്ഞിട്ടില്ലെന്നത് യാഥാർഥ്യമാണ്. അഭിനേതാവെന്ന നിലയിൽ പൃഥ്വിരാജിന്റെ പ്രകടനവും മോശമല്ല. മഞ്ജുവാര്യർ, ടോവിനോ തോമസ്, ഇന്ദ്രജിത്ത്, സായികുമാർ തുടങ്ങിയ നടീ-നടൻമാർ അവരുടെ റോളുകൾ ഭംഗിയാക്കി. സുജിത് വാസുദേവിന്റെ കാമറ ചിത്രത്തിന് മനോഹര ഫ്രെയിമുകൾ നൽകുന്നുണ്ട്. ദീപക് ദേവിന്റെ സംഗീതം പലയിടത്തും പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല.