എസ്കേപ് ഫ്രം പ്രിട്ടോറിയ
text_fields1978ൽ വംശീയ വിവേചനം രൂക്ഷമായിരുന്ന കാലഘട്ടത്തിൽ ദക്ഷിണാഫ്രിക്കയിലെ ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് (എ.എൻ.സി) പാർട്ടിയിൽ പ്രവര്ത്തിച്ചതിന്റെ പേരിൽ തിമോത്തി ജെങ്കിനും സുഹൃത്ത് സ്റ്റീഫൻ ലീയും പിടിക്കപ്പെടുകയാണ്. തുടർന്ന് പ്രിട്ടോറിയ സെൻട്രൽ ജയിലിൽ അവരെ ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെടുന്നു. വർണവിവേചന സർക്കാറിനെതിരെ പോരാടിയതിനാണ് അവർക്ക് ശിക്ഷ ലഭിച്ചത്. പ്രിട്ടോറിയയിലെ സെൻട്രൽ ജയിലിൽനിന്ന് പല സാഹചര്യങ്ങളെ അതിജീവിച്ച് അവർ രക്ഷപ്പെടുന്നു. പ്രിട്ടോറിയ ജയിലിലെ പൂട്ടുകൾക്ക് വളരെ പഴക്കമുള്ള ഒരുതരം ഡിസൈനാണ്. എന്നാൽ, ഈ പൂട്ടുകൾക്ക് ഉള്ളിലെ സംവിധാനം ലളിതമായിരുന്നു. ജയിലിന്റെ പുറത്തേക്ക് കടക്കാൻ ഏകദേശം 10 മുതൽ 14 വരെ വ്യത്യസ്ത വാതിലുകൾ തുറക്കേണ്ടതുണ്ട്. ഓരോ വാതിലിനും അതിന്റേതായ താക്കോൽ വേണം.
സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഒരിടത്തുനിന്ന് അത് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നവരുടെ കഥ എക്കാലവും ത്രില്ലിങ്ങാണ്. ദക്ഷിണാഫ്രിക്കയിലെ മൂന്ന് തടവുകാരുടെ യഥാർഥ ജയിൽ രക്ഷപ്പെടലിനെ ആസ്പദമാക്കി ഫ്രാൻസിസ് അന്നൻ സഹ രചനയും സംവിധാനവും നിർവഹിച്ച് 2020ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘എസ്കേപ് ഫ്രം പ്രിട്ടോറിയ’. ഈ സിനിമ ടിം ജെൻകിൻ എഴുതിയ ‘ഇൻസൈഡ് ഔട്ട്: എസ്കേപ് ഫ്രം പ്രിട്ടോറിയ പ്രിസൺ’ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണ്.
ജയിൽ ചാടാനായി അവരുപയോഗിച്ച രീതി വ്യത്യസ്തമായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമങ്ങൾ എപ്പോഴും സമയപരിധിക്കുള്ളിലാണ്. ഓരോ നിമിഷവും വിലപ്പെട്ടതാണ്. രക്ഷപ്പെടാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ കാവൽക്കാർ വരുന്നത്, ലൈറ്റ് ഓഫ് ചെയ്യുന്നത്, ഷിഫ്റ്റ് മാറുന്നത് അങ്ങനെ ഓരോ സാഹചര്യങ്ങളിലും അവർ ജാഗരൂകരായിരിക്കും. ഒരു നിമിഷത്തെ പിഴവുപോലും പരാജയത്തിലേക്കും കടുത്ത ശിക്ഷയിലേക്കും നയിച്ചേക്കാം.
ഇവിടെ രക്ഷപ്പെടാൻ ഉപയോഗിക്കുന്ന മാർഗം താക്കോലാണ്, തടി കൊണ്ടുണ്ടാക്കിയ താക്കോൽ. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ എപ്പോഴും അപ്രതീക്ഷിതമായ തടസ്സങ്ങൾ ഉണ്ടാകാം. വാതിൽ തുറക്കാതിരിക്കുക, പുതിയ ഗാർഡ് ഡ്യൂട്ടിക്ക് വരിക, ഉപകരണം കേടാകുക. ഇത്തരം പ്രതീക്ഷിത പ്രശ്നങ്ങൾ എപ്പോഴും ജയിൽ സിനിമകളുടെ ഒരുതരം ടാക്ടിക്കാണ്. മിക്ക ജയിൽ സിനിമകളുടെയും ഇന്ററസ്റ്റിങ് പാർട്ട് എങ്ങനെ പുറത്തുകടക്കും എന്നതിലാണ്. രാത്രിയിലെ രഹസ്യനീക്കങ്ങൾ, ഓരോ വാതിലും തുറക്കാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന പിരിമുറുക്കം എന്നിവയൊക്കെ പ്രേക്ഷകരെയും ആകാംക്ഷയുടെ മുൾമുനയിലെത്തിക്കും.
ചെറിയ ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച് മാസങ്ങളോ വർഷങ്ങളോ എടുത്ത് തുരങ്കംനിർമിക്കുന്നതും ഡമ്മികൾ ഉണ്ടാക്കി കബളിപ്പിക്കുന്നതും മിക്ക ജയിൽ സിനിമകളുടെയും പ്രധാന വിഷയമാണ്. ഈ സാഹചര്യത്തിൽ ലഭ്യമായ ചെറിയ വസ്തുക്കൾപോലും അവർ രക്ഷപ്പെടാനുള്ള ഉപകരണങ്ങളാക്കി മാറ്റും. ജയിൽ ചാട്ടം എന്നത് നിമിഷ നേരത്തെ തീരുമാനമല്ല, മാസങ്ങൾ നീണ്ട കൃത്യമായ ആസൂത്രണമാണ്. കാവൽക്കാരുടെ റൗണ്ട് സമയം, കാമറയുടെ പരിധി, വാതിലുകൾ തുറക്കുന്നതിന്റെ ശബ്ദം, പൂട്ടുകളുടെ ഘടന എന്നിവയെല്ലാം തിമോത്തിയും സുഹൃത്ത് സ്റ്റീഫൻ ലീയും മാസങ്ങളോളം നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്നു. സിനിമ പ്രധാനമായും രക്ഷപ്പെടൽ ശ്രമത്തിലാണ് ഫോക്കസ് ചെയ്തിരിക്കുന്നത്. അതിനാൽ, ദക്ഷിണാഫ്രിക്കയിലെ വർണവിവേചന കാലഘട്ടത്തിലെ രാഷ്ട്രീയ സാഹചര്യത്തിന് സിനിമയിൽ വേണ്ടത്ര പ്രധാന്യം നൽകിയിട്ടില്ല.


