മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
text_fieldsരണ്ടാം ലോകയുദ്ധ കാലം. യുദ്ധ തീവ്രത ജപ്പാനിലെ സാധാരണ ജനങ്ങളെയും കുട്ടികളെയും എത്രത്തോളം ബാധിക്കുന്നു? എന്താണ് യുദ്ധം ബാക്കിവെക്കുന്നത്? ലോകസമാധാനം നഷ്ടപ്പെടുത്തി, കനത്ത നാശനഷ്ടങ്ങളുണ്ടാക്കി, ബഹുമുഖ ആക്രമണങ്ങളുമായി മുന്നോട്ടുനീങ്ങുന്നത് എന്തിനാണ്? ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് ബാക്കിയാവുന്നവർക്കുവേണ്ടി, അതിജീവനത്തിന്റെ എല്ലാ പഴുതുകളും അടയുന്നവർക്കുവേണ്ടി എന്താണ് കാലം കാത്തുവെച്ചിരിക്കുന്നത്? എങ്ങുമെത്താത്ത ജീവിതത്തെ നേരിടാൻ അഹോരാത്രം പരിശ്രമിക്കുന്ന സെയ്റ്റയും സെറ്റ്സുകോയും കണ്ടിരിക്കുന്നവരുടെ കണ്ണ് നിറക്കുമെന്ന് തീർച്ചയാണ്.
ഓരോ യുദ്ധത്തിനൊടുവിലും അവശേഷിക്കുന്നത് ജയിച്ചവരും തോറ്റവരുമല്ല. പകരം ഇരകൾ മാത്രമാണ്. എല്ലാ കാലത്തും യുദ്ധത്തിന്റെ ഇരകൾ സ്ത്രീകളും നിഷ്കളങ്കരായ കുട്ടികളുമാണ്. ഇസാവോ തക്കാഹട്ടയുടെ സംവിധാനത്തിൽ 1988ല് ഇറങ്ങിയ ജാപ്പനീസ് ചിത്രമായ ‘ഗ്രേവ് ഓഫ് ദ ഫയര്ഫ്ലൈസ്’ എക്കാലത്തെയും മികച്ച അനിമേഷൻ ചിത്രങ്ങളിൽ ഒന്നായി നിരൂപകർ വിലയിരുത്തുന്നു. ഐ.എം.ഡി.ബി ടോപ് 250 ചിത്രങ്ങളുടെ പട്ടികയിലുൾപ്പെട്ട ഈ ചിത്രം എല്ലാ യുദ്ധസിനിമകളെയുംപോലെ ഹൃദയസ്പർശിയായ ഒന്നാണ്. അകിയുക്കി നൊസാക്കയുടെ 1967ലെ ഇതേ പേരിലുള്ള ചെറുകഥയാണ് ചിത്രത്തിനാധാരം.
രണ്ടാം ലോകയുദ്ധത്തിന്റെ അവസാന നാളുകളിൽ അതിജീവനത്തിനായി പൊരുതുന്ന സെയ്റ്റ, സെറ്റ്സുകോ എന്നീ സഹോദരങ്ങളുടെ കഥയാണിത്. യുദ്ധത്തിന്റെ അനന്തരഫലങ്ങൾ കുട്ടികളിലുണ്ടാക്കുന്ന മാനസിക സംഘർഷങ്ങൾ, അതിജീവനം എന്നിവ വ്യക്തമായി ചിത്രം വരച്ചു കാട്ടുന്നുണ്ട്. തീർത്തും പ്രവചിക്കാവുന്നതാണ് ഇതിന്റെ ഫോർമാറ്റ്. എങ്കിലും സെയ്റ്റയും സെറ്റ്സുകോയും മടുപ്പിക്കില്ല. മാത്രമല്ല, കണ്ടിരിക്കുന്നവരെ ഇതിലേക്ക് വലിച്ചിടാൻ പാകത്തിൽ അവരുടെ വികാര വിചാരങ്ങളെ നന്നായി ക്രാഫ്റ്റ് ചെയ്യുന്നുമുണ്ട്.
സിംബോളിക് ഘടകങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് മിന്നാമിനുങ്ങിന്റെ സാന്നിധ്യം. സെയ്റ്റക്കും സെറ്റ്സുകോക്കുമൊപ്പം അവരുടെ സന്തോഷത്തിലും സങ്കടത്തിലും മിന്നാമിനുങ്ങും പങ്കാളിയാവുന്നുണ്ട്. ഒന്നും അറിയാത്ത കുഞ്ഞുങ്ങളുടെ ജീവിതം തകർക്കുന്ന യുദ്ധത്തിന്റെ ഭീകരത സെയ്റ്റയുടെ കണ്ണിലുണ്ട്. കുഞ്ഞനുജത്തിയെ തന്നാൽ ആവുംവിധം അവൻ സംരക്ഷിക്കുന്നുണ്ട്. എത്രത്തോളം അവന് അതിന് സാധിക്കുന്നുണ്ടെന്ന് സിനിമ കണ്ടറിയണം. യുദ്ധം കുട്ടികളെ ബാധിക്കുന്ന ചിത്രങ്ങൾ നിരവധിയുണ്ടെങ്കിലും ഈ 2D ചിത്രം കുറെക്കൂടി ആഴത്തിൽ ഹൃദയത്തിൽ പതിയുമെന്ന് ഉറപ്പാണ്.
ഒരേസമയം ഗ്രാമത്തിന്റെ ഭംഗിയും അതിന്റെ ഭീകരതയും കാണിക്കാൻ മിഡ്-ലാൻഡ്സ്കേപ് ഷോട്ടുകൾക്ക് സാധിക്കുന്നുണ്ട്. ഹോളിവുഡ് അനിമേഷൻ പതിറ്റാണ്ടുകളായി ‘റിയലിസ്റ്റിക് അനിമേഷനിൽ’ ഫോക്കസ് ചെയ്യുന്നവരാണ്. അതുതന്നെയാണ് ‘ഗ്രേവ് ഓഫ് ഫയര്ഫ്ലൈസി’ലും ഉപയോഗിച്ചിരിക്കുന്നത്. അർഥശൂന്യമെന്ന് തോന്നുന്ന ലോകത്ത് ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപാലത്തിൽ ജീവിക്കുന്ന മനുഷ്യരുടെ മാനസികാവസ്ഥകളും സങ്കീർണതകളും മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. ഒന്നും അറിയാത്ത കുഞ്ഞുങ്ങളിൽ യുദ്ധം അവശേഷിപ്പിക്കുന്നത് ദുഃഖം മാത്രമാണ്. ഇനിയും അറുതി വരാത്ത യുദ്ധക്കെടുതിയിൽ നാം എന്തുനേടി എന്നുകൂടി ഇവിടെ ചിന്തിക്കേണ്ടിയിരിക്കുന്നു.