ക്ലോക്ക് ടവറിലെ രഹസ്യങ്ങൾ
text_fieldsപാരിസ് റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് ടവറിനുള്ളില്‍ ആരുമറിയാതെ താമസിക്കുന്ന ഒരുകുട്ടി. ഹ്യൂഗോ കാബ്രെറ്റ്. അവൻ അനാഥനാണ്. അവിടത്തെ ഒറ്റയാൾ താമസം ദുസ്സഹമാണെങ്കിലും താഴെ കളിപ്പാട്ടക്കട നടത്തുന്ന വൃദ്ധനുമായി അവൻ നിരന്തരം സംസാരിക്കുന്നുണ്ട്. ആ സംസാരം ഒടുവിൽ അവസാനിക്കുന്നത് വലിയൊരു ട്വിസ്റ്റിലേക്കാണ്. വളരെ സ്വാഭാവികമാണെന്ന് തോന്നാവുന്ന കണ്ടുമുട്ടലാണെങ്കിലും അതൊരു അന്വേഷണമാണ്. ചില ഉത്തരങ്ങളിലേക്കുള്ള അന്വേഷണം. ഹ്യൂഗോയുടെയും പാവക്കച്ചവടക്കാരന്റെയും ജീവിതത്തിലെ രഹസ്യങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.
റെയിൽവേ സ്റ്റേഷനാണ് ചിത്രത്തിന്റെ പ്രധാന കഥാപരിസരം. ബ്രൗണിഷ്-ബ്ലാക്ക് കളർ ടോണിൽ വരുന്ന ചിത്രത്തിൽ തിരക്കേറിയ റെയിൽവേ സ്റ്റേഷനും പരിസരവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിലാണ് ലൈറ്റ്സും അതിന്റെ റിഫ്ലക്ഷൻസും ഉപയോഗിച്ചിരിക്കുന്നത്. എടുത്തുപറയേണ്ടത് ഛായാഗ്രഹണവും വിഷ്വൽ ഇഫക്ട്സുമാണ്. ഹ്യൂഗോയുടെ മെക്കാനിക്കൽ നൈപുണ്യത്തെയും കണ്ടുപിടിക്കാനുള്ള അന്വേഷണ ത്വരയേയും ക്ലോസപ് ഷോട്ടുകൾ വ്യക്തമായി ഫോക്കസ് ചെയ്യുന്നുണ്ട്. ഹ്യൂഗോയെക്കാൾ ഇമോഷൻ ക്രിയേറ്റ് ചെയ്യുന്നത് കളിപ്പാട്ട കച്ചവടക്കാരനാണ്. സിനിമ പകുതിയിലേക്ക് എത്തുമ്പോഴേക്കും അതിനുള്ള കാരണങ്ങൾ ഓരോന്നായി വെളിപ്പെടും.
മാർട്ടിൻ സ്കോർസസിയുടെ സംവിധാനത്തിൽ 2011ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ത്രീഡി ചലച്ചിത്രമാണ് ‘ഹ്യൂഗോ’. സ്കോർസസിയുടെ ആദ്യ ത്രീഡി ചലച്ചിത്രമായ ഹ്യൂഗോ ബ്രയാൻ സെല്‍സ്നിക്കിന്റെ ‘ദ ഇൻവെൻഷൻ ഓഫ് ഹ്യൂഗോ കാബ്രെറ്റ്’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്. 128 മിനിറ്റ് ദൈർഘ്യമുള്ള ഹ്യൂഗോയുടെ തിരക്കഥ എഴുതിയിരിക്കുന്നത് ജോൺ ലോഗൻ.
മികച്ച ചലച്ചിത്രം, മികച്ച സംവിധായകൻ എന്നിവയടക്കം 11 അക്കാദമി പുരസ്കാര നാമനിർദേശങ്ങൾ ചിത്രത്തിന് ലഭിച്ചിരുന്നു. 84ാം അക്കാദമി പുരസ്കാരങ്ങളിൽ ഏറ്റവുമധികം നാമനിർദേശം ലഭിച്ചതും ഈ ചിത്രത്തിനായിരുന്നു. മികച്ച ശബ്ദമിശ്രണം, സൗണ്ട് എഡിറ്റിങ്, കലാസംവിധാനം, വിഷ്വൽ ഇഫക്ട്സ്, ഛായാഗ്രഹണം എന്നീ അഞ്ച് അക്കാദമി പുരസ്കാരങ്ങളും ചിത്രം നേടി. ഇതുകൂടാതെ രണ്ട് ബാഫ്റ്റ അവാർഡുകളും മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾക്കുള്ള നാമനിർദേശവും ചിത്രത്തിനുണ്ടായിരുന്നു.