നീലവെളിച്ചത്തിൽ കറുപ്പണിഞ്ഞാടുന്ന വേഷപ്പകർച്ച
text_fields‘‘നിലാക്കായം വെളിച്ചം... പൊൻഗുധൈ പറവസം...
കൺകൾ ഉറങ്കാമൽ
തേടുതേ ഒരു മുഖം..
പുന്നഗെയ് പുതിരിനിൽ...
തടുമാരും ഇദയം...എന്ത നാളിൽ വന്തുസേറും നം... കാതൽ സംഗമം’’
രാവിന്‍റെ നീലവെളിച്ചത്തിൽ നീണ്ട ആ പാതയിലലൂടെ പോകുന്ന അയാളുടെ കാറിൽനിന്ന് ഉയരുന്ന ഈ വരികൾ കേൾക്കുമ്പോൾ പ്രേക്ഷകന് ഒരുപക്ഷേ, ഒരു ഘട്ടത്തിൽ പ്രണയമാണ് അനുഭവപ്പെടുന്നെങ്കിൽ അടുത്ത യാത്രയിൽ തന്‍റെ മുന്നിൽ വന്ന ഇരയെ നിഷ്കരുണം ഇല്ലാതാക്കി അയാൾ കണ്ടെത്തിയ സുഖത്തെയാണ് അനുഭവപ്പെടുത്തുന്നത്.
മമ്മൂട്ടി, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ‘കളങ്കാവൽ’ അന്വേഷണാത്മക സിനിമകളിലെ മറ്റൊരു മുഖമായും വേഷപ്പകർച്ച കൊണ്ട് മമ്മൂട്ടി എന്ന നടനെ ഒരിക്കൽ കൂടി അടയാളപ്പെടുത്തുന്ന ചിത്രമായും സ്വീകരിച്ചു കഴിഞ്ഞു. ‘മുന്നറിയിപ്പി’ലെ രാഘവനായാണ് ഏകദേശമൊരു സമാന വേഷത്തിൽ മമ്മൂട്ടിയെ ഇതിനു മുമ്പ് കണ്ടത്. ‘മുന്നറിയിപ്പി’ൽ ഭയാനകമായ സംയമനമാണ് രാഘവന്‍റേതെങ്കിൽ കളങ്കാവലിൽ ചതിയുടെ മൂർത്തമായൊരു രൂപമാണ് സ്റ്റാൻലി ദാസ് എന്ന വേട്ടക്കാരന്‍റെ ഉള്ളിലുള്ളത്.
പുതിയൊരു ജീവിതത്തിന്റെ ആർദ്രതയിലും പ്രണയത്തിലും ആനന്ദിക്കുന്ന രണ്ട് പ്രണയികളെ കാണിച്ചാണ് സിനിമയുടെ തുടക്കം. എന്നാൽ, പ്രണായാർദ്രമായ ആ ദൃശ്യം കാഴ്ചക്കാരന് കൂടുതൽ സമയത്തേക്ക് നീട്ടിവെക്കുന്നില്ല. പിന്നീട് കാണുന്നത് തന്നോടുള്ള വിശ്വാസത്തെ ക്രൂരതയുടെ കവാടമാക്കി അതിലൂടെ രസം കണ്ടെത്തുന്ന വേട്ടക്കാരനെയാണ്.
പ്രണയയും ജീവിതസ്ഥിരതയും വാഗ്ദാനം നൽകി അവിവാഹിതരായ സ്ത്രീകളെ കുരുക്കിലാക്കിയ സയനൈഡ് മോഹൻ എന്ന വ്യക്തിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു വേട്ടക്കാരന്റെ മനസ്സിലൂടെ സിനിമ സഞ്ചരിക്കുമ്പോൾ പ്രേക്ഷകനിലും ആ ഉദ്വേഗം നിറയുന്നുണ്ട്. സിനിമ സാവകാശമാണ് സഞ്ചരിക്കുന്നതെങ്കിലും കണ്ടുനിൽക്കുന്നവൻ അതിന്‍റെ ഉത്തരത്തിലേക്ക് അതിവേഗമാണ് സഞ്ചരിക്കുന്നത്.
വേട്ടക്കാരനെ തേടുന്ന അന്വേഷണ ഉദ്യോഗസ്ഥനായി വിനായകൻ മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ അഭിനയത്തിൽ തന്നിലെ പുതുമ തേടൽ തുടരുകയാണ് മമ്മൂട്ടി ഈ സിനിമയിലും. മമ്മൂട്ടിയും (സ്റ്റാൻലി ദാസ്) വിനായകനും (എസ്.ഐ ജയകൃഷ്ണൻ) തമ്മിലുള്ള നിശബ്ദവും മാനസികവുമായ സംഘർഷത്തിലൂടെയാണ് സിനിമ ആദ്യഘട്ടം കഴിഞ്ഞ് മുന്നേറുന്നത്.
ഒന്ന് കൊല്ലാനുള്ള ആചാരപരമായ നിർബന്ധത്താൽ നയിക്കപ്പെടുന്നു; മറ്റൊന്ന് എപ്പോഴും തന്റെ വിരലുകളിലൂടെ വഴുതിപ്പോയ ഒരു കുറ്റവാളിയെ പിന്തുടരുന്നതിന്റെ നിരന്തരമായ ആവേശത്താലും ചലിപ്പിക്കുന്നു. അവർ തെരഞ്ഞെടുത്ത ഐഡന്റിറ്റികളായ എലിയും മൂങ്ങയും അക്ഷരാർഥത്തിൽ ഈ കഥയുടെ ആകത്തുകയെ വെളിപ്പെടുത്തുന്നു. ഇവിടെ എലിയും മൂങ്ങയും എന്നാൽ, നിഴൽ നിറഞ്ഞ വഴിയിലൂടെ വെളിച്ചം തേടുന്ന ഒരാളെയും, അധർമികവും അവ്യക്തവുമായ വഴിയിലൂടെ സഞ്ചരിച്ച് തന്‍റെ മുന്നിലെ ഇരയെ നിഷ്കരുണം ഇല്ലാതാക്കാൻ വഴിതേടി ഒടുവിൽ അത് നിർവഹിച്ച് സായൂജ്യം കണ്ടെത്തുന്ന വേട്ടക്കാരനെയും പ്രതിനിധാനം ചെയ്യുന്നു.
ഇടക്കിടെയുള്ള നീണ്ട നിശബ്ദതകൾ, ബാക് ഗ്രൗണ്ട് സംഗീതം തീർക്കുന്ന പൊട്ടിത്തെറികൾ, ആഖ്യാനത്തിനായി ഉപയോഗിക്കുന്ന പ്രത്യേക സ്വരങ്ങൾ എന്നിവ കാഴ്ചക്കാരെ പിടിമുറുക്കത്തിലേക്ക് ആഴ്ത്തുന്നു. അതേസമയം വൈകാരിക ഇടപെടലുകളേക്കാൾ ചില വിശദീകരണങ്ങൾ കൂടി ഉണ്ടായെങ്കിലെന്ന് ഈ ഘട്ടത്തിൽ പ്രേക്ഷകൻ ഒരുപക്ഷേ ചിന്തിച്ചെന്നും വരാം. എന്നാൽ, അതിന്‍റെ അടുത്ത നിമിഷത്തിൽതന്നെ മറ്റൊരു കുറ്റകൃത്യം കൂടി നടക്കുന്നതോടെ ക്രൈം ത്രില്ലർ സ്വാഭാവത്തിൽ സിനിമയെ കൂടുതൽ ഭദ്രമാക്കുന്നു. ക്രൈം നോവൽ വായിച്ച് മുന്നേറുന്ന പ്രതീതി ഓരോ ഘട്ടത്തിൽ ഈ സിനിമ ഉണ്ടാക്കുന്നുണ്ട്.
സൂപ്പർ സ്റ്റാർ എന്ന മേനി മമ്മൂട്ടി ഇതിൽ പാടെ ഉപേക്ഷിച്ചിരിക്കുകയാണ്. ഹെവി ആക്ഷൻ കഥ പറച്ചിൽ ഇതിലെവിടെയും മമ്മൂട്ടിക്കോ വിനായകനോ ചേരുന്നതല്ല. പാറ്റേണുകൾ, നടപടിക്രമങ്ങൾ, മനഃശാസ്ത്രപരമായ അനാവരണം എന്നിവയിലൂടെ സിനിമ ഭയത്തെ അടിച്ചു കൂട്ടുന്നു. നിശ്ചലതയും തണുത്ത കൃത്യതയും കൊണ്ട് മൂർച്ചയുള്ള പ്രകടനം കാഴ്ചവെക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഏറ്റവും വലിയ ആസ്തിയായി തുടരുന്നതോടൊപ്പം തന്നെ ചിന്തകുലനായ വളരെ ആലോചിച്ച് തീരുമാനമെടുക്കുന്ന അതോടൊപ്പം പൊലീസ് ഉദ്യോഗസ്ഥന്‍റെ എല്ലാ അന്വേഷണ ത്വരതയുമുള്ള കഥാപാത്രമായി വിനായകൻ തൊട്ടുപിന്നിലെയായി ഓടിയെത്തുന്നുണ്ട്. വിനായകനെ കൂടുതൽ ആഴത്തിൽ സിനിമയിൽ കാണിക്കേണ്ടിയിരുന്നു എന്ന് ചിലപ്പോഴൊക്കെ തോന്നിയതാണ്. കൂടാതെ മികച്ച പ്രകടനങ്ങൾ ഉണ്ടായിട്ടും ചില മനപ്പൂർവമായ ‘വൈകൽ’ ക്രൈം ത്രില്ലർ എലമെന്‍റിൽനിന്ന് സിനിമ പിറകോട്ട് വലിക്കുന്നതായും തോന്നി.
എടുത്തുപറയേണ്ട മറ്റൊരു കാര്യം കൊലയാളിയെ മാനുഷികവത്ക്കരിക്കുന്നതിൽ നിന്നും ഈ സിനിമ ഒഴിഞ്ഞുനിൽക്കുന്നുണ്ട് എന്നതാണ്. നഷ്ടപ്പെട്ട മനുഷ്യത്വത്തെ വീണ്ടെടുക്കാൻ ഉദ്ദേശിച്ചുള്ള ഒരു വൈകാരിക പശ്ചാത്തലവുമില്ല. മിക്ക രംഗങ്ങളിലും വികസിക്കുന്ന ഭീകരതയെ മുജീബ് മജീദിന്റെ സംഗീതം ഉത്തേജിപ്പിക്കുന്നു. ഫൈസൽ അലിയുടെ ഛായാഗ്രഹണം എടുത്തുപറയേണ്ടതുമാണ്. വൃത്തികെട്ട ലോഡ്ജുകളും പൊതു കക്കൂസുകളും കൊലയാളിയുടെ ഇരകൾക്ക് മരണക്കെണികളാക്കി മാറ്റുമ്പോൾ ഓരോ ക്രൂരതയിലും അയാൾ ഉണ്ടാക്കിയെടുത്ത തന്ത്രം എത്രമാത്രം കൗശലം നിറഞ്ഞതായിരുന്നെന്ന് ബോധ്യമാകും. ഈ സിനിമ കാണേണ്ടത് തന്നെയെന്നു പറയുന്നതോടൊപ്പം ഇതിലെ നായകന് വേണ്ടി കയ്യടിക്കണമെന്ന് കൂടി പറഞ്ഞ് വെക്കുന്നു.


