ചരിത്രമേറെ പറയാനുള്ള ജവഹര്‍ സൗണ്ട്സ് എന്ന സ്ഥാപനത്തെ കാലം പാട്ട് കാപ്പിക്കടയാക്കി മാറ്റിയ കഥ; ആ കഥയാണ് ‘കോളാമ്പി’
text_fieldsഒരു പാട്ടിന് ഒരു കാപ്പി. കണ്ടും അറിഞ്ഞും ഒരുപാട് പേരാണ് ഈ പാട്ടുകാപ്പി കടയിലെത്തുന്നത്. ഇവിടെ വരുന്നവർ അവരുടെ ഇഷ്ടപ്പെട്ട പഴയ ഗാനങ്ങൾ എഴുതി കൊടുത്താൽ ആ പാട്ടുകൾ അബ്ദുൽ ഖാദർ തന്റെ റെക്കോഡ് ശേഖരത്തിൽനിന്ന് ഒരു പഴയ ഗ്രാമഫോണിൽ വെച്ച് കേൾപ്പിക്കും. അതിന് പ്രതിഫലമായി വന്നവർക്ക് ലഭിക്കുന്നത് ഒരു കപ്പ് ചൂട് കാപ്പിയാണ്. ചരിത്രമേറെ പറയാനുള്ള ജവഹര്‍ സൗണ്ട്സ് എന്ന സ്ഥാപനത്തെ കാലം പാട്ട് കാപ്പിക്കടയാക്കി മാറ്റിയ കഥയാണ് ‘കോളാമ്പി’. സിനിമയും ടി.വിയും റേഡിയോയുമെല്ലാം സാധാരണക്കാർക്ക് അന്യമായിരുന്ന കാലത്ത് ഏറ്റവും വലിയ വിനോദോപാധി ഗ്രാമഫോണായിരുന്നു. അതിന്റെ ഭംഗിയുള്ള കോളാമ്പിയിൽ നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയ പാട്ടുകളും സംഭാഷണങ്ങളും കേട്ട് അത്ഭുതപ്പെട്ട ഒരു തലമുറയുണ്ടായിരുന്നു.
ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത ‘കോളാമ്പി’ എന്ന സിനിമയുടെ ആത്മാവ് കോളാമ്പിയാണ്. അതിലെ സംഗീതമാണ്. ശബ്ദത്തിന്റെയും നിശ്ശബ്ദതയുടെയും പഴയ കാലത്തിന്റെയും പുതിയ കാലത്തിന്റെയും സംഘർഷങ്ങളാണ് ‘കോളാമ്പി’യിൽ അവതരിപ്പിക്കുന്നത്. അബ്ദുൽ ഖാദറിന് സ്വന്തം ഓർമകളിലും ഇഷ്ടപ്പെട്ട സംഗീതത്തിലും അഭയം തേടാനുള്ള ഒരു മാർഗമാണ് ഈ കോളാമ്പികൾ. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ശബ്ദമലിനീകരണത്തിന്റെ പേരിൽ നിശ്ശബ്ദമാക്കപ്പെട്ട കോളാമ്പി മൈക്കുകളോടും, അതോടൊപ്പം ഇല്ലാതായ ഒരു കാലഘട്ടത്തോടുമുള്ള ചെറുത്തുനിൽപാണ് പാട്ടുകാപ്പി കട.
ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ, കെ.ജെ. യേശുദാസിന്റെ ആദ്യ പൊതുപരിപാടി, കെ.പി.എ.സി എന്ന നാടക പ്രസ്ഥാനത്തിന്റെ വളര്‍ച്ച എന്നിങ്ങനെ ഓരോ കാലഘട്ടത്തെ ഓരോ കോളാമ്പിയിലൂടെയും പഴയകാല റെക്കോഡുകളിലൂടെയും പ്രേക്ഷകര്‍ക്ക് കാണിച്ചു തരുന്നു. കൊച്ചി ബിനാലെയിൽ പങ്കെടുക്കാനെത്തിയ അരുന്ധതി പാട്ട് കാപ്പിക്കടയെക്കുറിച്ച് അറിഞ്ഞ് എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ കഥാതന്തു. 2005ല്‍ സര്‍ക്കാര്‍ കോളാമ്പി മൈക്കുകൾ നിരോധിച്ചതുകൊണ്ട് ഉപജീവനമാർഗം നഷ്ടപ്പെട്ട അബ്ദുൽ ഖാദർ എന്ന മനുഷ്യന്റെ നൊമ്പരങ്ങളാണ് സിനിമയുടെ കാതൽ. കോളാമ്പി നിരോധനത്തിനു ശേഷം എല്ലാ കോളാമ്പികളും വീട്ടില്‍ സൂക്ഷിക്കുകയാണ് അബ്ദുൽ ഖാദറും ഭാര്യയും. കോളാമ്പി നിശ്ശബ്ദതയിലും പഴയകാല ഓർമകളിലും സ്നേഹത്തിലും ഒറ്റപ്പെടലിലും ആഴത്തിൽ വേരൂന്നിയ ഒരു വികാരമായി മാറുന്നു. പഴയകാലത്തിന്റെ നഷ്ടപ്പെട്ട സന്തോഷങ്ങളെയും ഗൃഹാതുരത്വത്തെയുമാണ് ഇവിടെ കോളാമ്പി പ്രതിനിധാനം ചെയ്യുന്നത്.
സിനിമയിൽ വാർധക്യം വളരെ സൂക്ഷ്മമായും വികാരപരമായും അവതരിപ്പിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ സ്വത്വത്തെയും ജീവിതത്തെയും വാർധക്യം എങ്ങനെ ബാധിക്കുന്നു എന്നതിൽ ഊന്നിയാണ് കോളാമ്പിയുടെ സഞ്ചാരം. ഒരു കാലത്ത് സമൂഹത്തിൽ വലിയ പ്രാധാന്യമുണ്ടായിരുന്ന തൊഴിലുകളും, അതുമായി ബന്ധപ്പെട്ട വ്യക്തികളും എങ്ങനെ അപ്രസക്തരാകുന്നു എന്നുകൂടി സിനിമ കാണിച്ച് തരുന്നു. കഥയേക്കാള്‍ കഥാപാത്രങ്ങളുടെ സംഘര്‍ഷങ്ങൾക്കാണ് സിനിമ പ്രധാന്യം നൽകുന്നത്. ‘കോളാമ്പി’യുടെ കളർ ഗ്രേഡിങ്ങിൽ വിന്റേജ്, റെട്രോ ശൈലിക്ക് വലിയ പ്രാധാന്യമുണ്ട്. വാർധക്യത്തിന്റെ ഏകാന്തത, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിതശൈലി എന്നിവയെ സൂചിപ്പിക്കാൻ ഈ മങ്ങിയ നിറങ്ങൾക്ക് സാധിക്കുന്നുണ്ട്. കേള്‍ക്കുമ്പോള്‍ ലളിതമാണെന്ന് തോന്നാമെങ്കിലും ഏറെ സങ്കീര്‍ണമായ ഒരു വിഷയമാണ് സിനിമ സംവദിക്കുന്നത്. കാലം മാറ്റിനിര്‍ത്തപ്പെടുന്ന പഴയതലമുറയെ എങ്ങനെ ക്രിയാത്മകമായി പുതിയ തലമുറ സമീപിക്കണം എന്നുകൂടി കോളമ്പി പ്രേക്ഷകനോട് സംസാരിക്കുന്നുണ്ട്. സിനിമ സംസാരിക്കുന്ന വിഷയത്തില്‍ വലിയ പുതുമകളൊന്നും പറയാനില്ലെങ്കിലും പ്രേക്ഷകന്റെ ഉള്ളില്‍ വേദനയുടെ കോളാമ്പി ശബ്ദം മുഴങ്ങുമെന്ന് ഉറപ്പാണ്.