തളരാത്ത കൈകൾ തകരുന്ന ഹൃദയം
text_fieldsരാത്രി ജോലിയുള്ള ഭർത്താവും പകൽ ജോലിയുള്ള ഭാര്യയും. ഇവർ തമ്മിൽ കാണുന്നതാകട്ടെ ആകെ കുറച്ച് നിമിഷങ്ങൾ മാത്രം. തീർത്തും വിരസമായ ജീവിതം. ഫ്രെയിമുകളിൽ ഒരേസമയം ഒരാൾ മാത്രമേ ഉണ്ടാകൂ. ഒരാൾ കസേരയിലോ കട്ടിലിലോ ഇരിക്കുമ്പോൾ ആ സ്ഥലം മറ്റേയാളുടെ അഭാവത്തിന്റെ ഭാരം പേറുന്നു. ഇത് അവരുടെ ഏകാന്തതയുടെയും പരസ്പരം കാണാൻ കഴിയാത്ത ദുഃഖത്തിന്റെയും ശബ്ദമാണ്. നഗരത്തിന്റെ ബഹളങ്ങൾ വീടിനുള്ളിലെ നിശ്ശബ്ദതയെ കൂടുതൽ കഠിനമാക്കുന്നു. ആദിത്യ വിക്രം സേനാഗുപ്ത സംവിധാനം ചെയ്ത് 2014ൽ ഇറങ്ങിയ ഇന്ത്യൻ മിഡിൽ ക്ലാസ് ജീവിതത്തെക്കുറിച്ചുള്ള നേർ പകർപ്പാണ് ‘ലേബർ ഓഫ് ലവ്’. വെനീസ് ചലച്ചിത്രമേളയിൽ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.
സിനിമയുടെ പശ്ചാത്തലം പഴയതും ജീർണിച്ചതുമായ കൊൽക്കത്തയുടെ ഭാഗങ്ങളാണ്. ദാരിദ്ര്യമോ തീവ്രമായ ദയനീയതയോ അല്ല, മറിച്ച് മാന്ദ്യം കാരണം ജീവിതം പ്രതിസന്ധിയിലായ ലോവർ മിഡിൽ ക്ലാസ് ആളുകളുടെ അതിജീവനമാണ് ചിത്രീകരിക്കുന്നത്. ഒറ്റപ്പെടൽ ഇവരുടെ ജീവിതത്തിലെ തൊഴിൽപരമായ യാഥാർഥ്യമാണ്. എന്നാൽ, ആ യാഥാർഥ്യത്തെ അതിജീവിച്ച് അവരുടെ ബന്ധം നിലനിർത്താനുള്ള വൈകാരികമായ പ്രതിരോധമാണ് പരസ്പരമുള്ള കരുതൽ. പരസ്പരം കാണാതെ മറ്റേയാൾക്കുവേണ്ടി ചെയ്യുന്ന ചെറിയ കാര്യങ്ങളിൽ അവരുടെ നിശ്ശബ്ദമായ സ്നേഹവും കരുതലും കാണാൻ സാധിക്കും.
സിനിമയിൽ സംഭാഷണങ്ങൾ ഇല്ലാത്തതിനാൽ കൊൽക്കത്തയുടെ ശബ്ദങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. തെരുവിലെ ബഹളങ്ങൾ, പ്രഭാത പ്രാർഥനകൾ, കുട്ടികളുടെ ശബ്ദങ്ങൾ, പ്രതിഷേധ മുദ്രാവാക്യങ്ങൾ, രാഷ്ട്രീയ പ്രസംഗങ്ങൾ, പഴയ റേഡിയോ ഗാനങ്ങൾ, ട്രാമിന്റെ ശബ്ദം എന്നിവയൊക്കെ സിനിമയുടെ പശ്ചാത്തലത്തിൽ മുഴങ്ങുന്നു. ഈ സിനിമ സ്നേഹബന്ധത്തെ കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും അവരുടെ ദുരിതത്തിന്റെ മൂലകാരണം നിലവിലെ നവലിബറൽ സമ്പദ്വ്യവസ്ഥയാണ്. സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും കാരണം അവർക്ക് അതിജീവനത്തിനായി ജോലിചെയ്യേണ്ടി വരുന്നു. ജോലിഭാരം കാരണം അവർക്ക് സ്വന്തം ജീവിതത്തിനോ പ്രണയത്തിനോ വേണ്ടി സമയം കണ്ടെത്താൻ കഴിയുന്നില്ല.
സിനിമയുടെ വർണത്തിലുള്ള ഭാഗങ്ങൾ ദമ്പതികളുടെ കഠിനമായ, യാന്ത്രികമായ ദൈനംദിന ജീവിതത്തെയും, ജോലിഭാരം നിറഞ്ഞ യാഥാർഥ്യത്തെയും പ്രതിനിധാനം ചെയ്യുമ്പോൾ ബ്ലാക്ക് ആൻഡ് വൈറ്റ് രംഗങ്ങൾ യാന്ത്രിക ജീവിതത്തിൽനിന്ന് ലഭിക്കുന്ന ക്ഷണികമായ ആശ്വാസത്തെയും സ്വപ്നസമാനമായ നിമിഷങ്ങളെയും സൂചിപ്പിക്കുന്നു. ഇവിടെ രണ്ട് വ്യക്തികളുടെ വൈകാരികാവസ്ഥയിലും അവരുടെ ശരീരഭാഷയിലുമാണ് കേന്ദ്രീകരിക്കുന്നത്.
ലോവർ മിഡിൽ ക്ലാസ് വിഭാഗത്തിൽപെട്ടവരാണ്. അവരുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും രണ്ട് പേരുടെയും വരുമാനം അത്യാവശ്യമാണ്. ജോലി ഉപേക്ഷിക്കുന്നത് അവരുടെ നിലവിലെ സാമ്പത്തിക സ്ഥിതിയെ തകർക്കും. ഇവിടെ ജോലി എന്നത് ഒരു താൽപര്യമോ ഇഷ്ടമോ അല്ല. മറിച്ച് നിലനിൽപിനായുള്ള ഒരു അനിവാര്യതയാണ്. നഗരത്തിലെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള സൂചനകൾ സിനിമയിലുടനീളം പ്രകടമാണ്. സിനിമ ചിത്രീകരിക്കുന്ന കാലഘട്ടത്തിൽ കൊൽക്കത്തയിലെ തൊഴിലാളിവർഗം കടുത്ത സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും നേരിടുന്നുണ്ട്.
‘ലേബർ ഓഫ് ലവ്’ എന്ന സിനിമയെ ഏറ്റവും മനോഹരമാക്കുന്നത് അതിന്റെ ലളിതവും എന്നാൽ, ശക്തവുമായ അവതരണ ശൈലിയാണ്. സംവിധായകൻ ആദിത്യ വിക്രം സേനാഗുപ്ത ഉപയോഗിച്ചിരിക്കുന്ന ലോങ് ടേക്കുകളും, സ്റ്റാറ്റിക് ഷോട്ടുകളും സംഭാഷണങ്ങൾ ഇല്ലാത്ത ആഖ്യാനരീതിയും ലാഗ് അടിപ്പിക്കുന്നുണ്ടെങ്കിലും ഫ്രെയിമുകളാണ് ഈ സിനിമയുടെ മനോഹാരിത നിലനിർത്തുന്നത്. ഓരോ നോട്ടത്തിനും ചലനത്തിനും നിശ്ശബ്ദതക്കും പോലും സിനിമയിൽ വലിയ വൈകാരിക ഭാരമുണ്ട്. സൂക്ഷ്മമായ ചലനങ്ങളിൽ അവരുടെ സ്നേഹവും വിരസതയും പ്രത്യാശയും ഒളിഞ്ഞിരിക്കുന്നു.


