സിനിമയിലേക്കൊരു ലെവൽക്രോസ്
text_fieldsഅർഫാസ്
അയ്യൂബ് ആസിഫലിക്കൊപ്പം
‘ലെവൽക്രോസ്’വീണ്ടും പുരസ്കാരങ്ങൾ വാരിക്കൂട്ടുമ്പോൾ
മനുഷ്യ മനസ്സുപോലെ നിഗൂഢമായ ഒരു സാങ്കൽപിക ലോകം. അവിടെ ചില മനുഷ്യർ കണ്ടുമുട്ടുന്നു. അവരുടെ അടുപ്പങ്ങളിലും ബന്ധങ്ങളിലും അത്ര തന്നെ നിഗൂഢത നിറയുന്നു. അവരിലേക്ക് വന്നുചേരുന്നതും ഉണ്ടായിരുന്നതുമായ ഓരോ മനുഷ്യരിലും ഈ രഹസ്യാത്മകത പകരുന്നതായി കാണാം. രാജ്യത്തുടനീളം വിവിധ പ്രശസ്ത ചലച്ചിത്ര മേളകളിൽ ശ്രദ്ധേയ സാന്നിധ്യമായ, അടുത്തിടെ ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ ‘ലെവൽക്രോസ്’ എന്ന സിനിമയുടെ ആകത്തുകയാണിത്. പ്രമുഖ സംവിധായകൻ ജിത്തു ജോസഫിന്റെ സംവിധാന സഹായിയും ശിഷ്യനുമായ അർഫാസ് അയ്യൂബ് ആദ്യമായി സ്വതന്ത്ര സംവിധാനം ചെയ്ത ചിത്രം. ആസിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ തുടങ്ങിയവർ അഭിനയിച്ച ലെവൽ ക്രോസ് വിവിധ ദേശീയ ചലച്ചിത്ര മേളകളിലൂടെയും തിയറ്ററിലൂടെയും സിനിമ പ്രേമികളുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ പിടിച്ചുപറ്റി. ഇപ്പോഴും ആമസോൺ പ്രൈമിൽ പ്രദർശനം തുടരുന്നുണ്ട്.
ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ, കൂമൻ തുടങ്ങി ഒട്ടേറെ ജിത്തു ജോസഫ് ചിത്രങ്ങളുടെ സംവിധാന സഹായിയായിരുന്നു അർഫാസ് അയ്യൂബ്. സംവിധായകനും തിരക്കഥാകൃത്തുമായ ആദം അയ്യൂബിന്റെ മകൻ. പിതാവിന്റെ വഴിയേ സിനിമാ മോഹം ഉള്ളിൽ മൊട്ടിട്ട അർഫാസ് മുംബൈയിൽ ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നതിനിടെയാണ് ജിത്തുവിനൊപ്പം ചേരുന്നത്. വർഷങ്ങളോളം ലഭിച്ച അദ്ദേഹത്തിന്റെ ശിക്ഷണവും മാർഗനിർദേശങ്ങളും കൂട്ടിവെച്ച്, മുമ്പെങ്ങോ ഉള്ളിൽ മുളപൊട്ടിയ ‘ലെവൽക്രോസ്’ എന്ന ചിത്രത്തിന്റെ സംവിധാനത്തിനായി ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. ലെവൽക്രോസിന്റെ തിരക്കഥയും അർഫാസിന്റെതുതന്നെ.
തുനീഷ്യയിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമ
ആഫ്രിക്കൻ രാജ്യമായ തുനീഷ്യയിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമയെന്ന പ്രത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്. ആരോരുമില്ലാത്ത ഒരു സാങ്കൽപിക നാട്ടിലേക്ക് സമയവും കാലവും തെറ്റി വരുന്ന ട്രെയിനിനായി എല്ലാ ദിവസവും ലെവൽക്രോസിൽ കാത്തുനിൽക്കുന്ന ഗേറ്റ്കീപ്പറായാണ് ആസിഫലി എത്തുന്നത്. തുനീഷ്യയിലെ സഹാറ മരുഭൂമിയിലാണ് ചിത്രീകരണം. ഓസ്കർ അക്കാദമി ലൈബ്രറിയായ ലോസ് ആഞ്ജലസിലെ മാർഗരറ്റ് ഹെറിക് ലൈബ്രറിയിൽ ലെവൽക്രോസിന്റെ തിരക്കഥയും ഇടംപിടിച്ചത് അണിയറ പ്രവർത്തകർക്ക് അഭിമാനം ഇരട്ടിയാക്കി.
തുനീഷ്യയിലെ ചിത്രീകരണ വേളയിലെ ഏറ്റവും വലിയ വെല്ലുവിളി മാൻ മാനേജ്മെന്റ് ആയിരുന്നുവെന്ന് അർഫാസ് ഓർക്കുന്നു. അവിടത്തെ ഭാഷ, കാലാവസ്ഥ, അസൗകര്യങ്ങൾ തുടങ്ങിയവയായിരുന്നു പ്രശ്നം. സഹാറയിൽ വഴിപോലുമില്ലാത്ത മരുഭൂമിയിലൂടെ മണിക്കൂറുകൾ യാത്രചെയ്ത് വേണം, വിജനമായ ലൊക്കേഷനിലെത്താൻ. തുനീഷ്യക്കാരനായ അലക്സാണ്ടർ നാസ് എന്ന ലൈൻ പ്രൊഡ്യൂസറുടെ സഹായത്തോടെയായിരുന്നു ചിത്രീകരണം.
പിതാവിന്റെ വഴിയേ...
സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, സാംസ്കാരിക പ്രവർത്തകൻ, മാധ്യമ അധ്യാപകൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനായ ആദം അയ്യൂബിന്റെ മകനാണ് അർഫാസ് അയ്യൂബ്. അദ്ദേഹം തന്നെയാണ് സിനിമയെന്ന ലോകത്തേക്ക് അർഫാസിനെ കൈപിടിച്ചു നടത്തിയത്. ഏറെക്കാലം മുംബൈയിൽ ഹിന്ദി സിനിമകളിലും മറ്റും പ്രവർത്തിച്ച അർഫാസ് ജിത്തു ജോസഫിന്റെ സംവിധാന സഹായിയായി മലയാളത്തിൽ ചുവടുറപ്പിച്ചു. ആദം അയ്യൂബ് തന്നെയാണ് ലെവൽക്രോസിന്റെ സംഭാഷണം നിർവഹിച്ചത്. ബംഗളൂരു ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരമായി അഞ്ചു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ശിൽപവുമാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയിൽനിന്ന് സംവിധായകൻ ഏറ്റുവാങ്ങിയത്. ജിത്തു ജോസഫിന്റെ ഭാര്യ ലിൻഡ ജിത്തുവിന്റെ തിരക്കഥയിൽ വരുന്ന ചലച്ചിത്രം, പ്രശസ്ത തിരക്കഥാകൃത്ത് രാജേഷ് രാഘവന്റെ രചനയിൽ വരുന്ന സിനിമ തുടങ്ങിവയാണ് അടുത്തതായി അർഫാസ് സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ..