Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightലിജോയുടെ ക്ലാസിക്...

ലിജോയുടെ ക്ലാസിക് വാലിബൻ -റിവ്യൂ

text_fields
bookmark_border
Anurag Kashyap dubs for Mohanlals Malaikottai Vaaliban Hindi version
cancel

ആഖ്യാനശൈലിയിലെ കരുത്ത് കൊണ്ട് സ്വന്തമായ ഇടം ഉറപ്പിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. പതിവ് ശൈലിയിൽ നിന്നുള്ള വഴിമാറി നടത്തമായിരുന്നു ഓരോ ലിജോ സിനിമകളും. പ്രേക്ഷകന്റെ സംതൃപ്തിയേക്കാൾ സിനിമ എന്ന കലാരൂപത്തോട് നീതിപുലർത്തുന്നതായിരുന്നു ലിജോയുടെ സൃഷ്ടികളോരൊന്നും. അവസാനം പുറത്തിറങ്ങിയ നൻ പകൽ നേരത്ത് മയക്കത്തിലും ഈ ലിജോ ടച്ച് കാണാനാവും. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലുമായി ചേർന്നപ്പോഴും ഈ കൈതഴക്കം ലിജോക്ക് നഷ്ടമാകുന്നില്ല.

മലൈക്കോട്ടൈ വാലിബൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ അമർചിത്രകഥ പുസ്തകങ്ങളിലെപ്പോഴോ വായിച്ച കഥയുടെ ടൈറ്റിലാണ് ഓർമകളിലേക്ക് എത്തുക. കഥാപുസ്തകത്തിന്റെ താൾ തുറക്കുന്ന അനുഭവമാണ് സിനിമയുടെ ആദ്യ സീൻ മുതൽ. പതിയെ തുടങ്ങി താ​ളം കണ്ടെത്തുന്ന രീതിയിലാണ് മലൈക്കോ​ട്ടൈ വാലിബന്റെ ആഖ്യാനശൈലി. ദേശ-ഭാഷകളെ കുറിച്ച് കൃത്യമായ സൂചന നൽകാതെ ഗ്രാമത്തിലേക്ക് വാലിബനും ആശാനും അയാളുടെ സഹായിയും എത്തുന്നിടത്താണ് സിനിമ തുടങ്ങുന്നത്. നായകന്റെ ഇൻട്രോ പോലും പതിവ് ലാൽ സിനിമകളിലെ പോലെ പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് എത്തിക്കുന്നതല്ല. പക്ഷേ തന്റെ ആദ്യത്തെ മല്ലയുദ്ധം ജയിച്ച ശേഷം പിന്നീട് വാലിബന്റെ ഗ്രാമങ്ങളിലൂടെയുള്ള യാത്രയാണ് ലിജോ പറയുന്നത്.

ആ യാത്രയിലേക്ക് പ്രേക്ഷകനേയും സംവിധായകൻ വലിച്ചിടുന്നു. വാലിബനൊപ്പം ഓരോ ഗ്രാമങ്ങളിലേക്കും ജിപ്സിയെ പോലെ ആളുകൾ സഞ്ചരിക്കുന്നു. അയാളുടെ ഓരോ മല്ലയുദ്ധത്തിന്റേയും കാണിയായി ഓരോ പ്രേക്ഷകനും മാറുന്നു. ആ ഗ്രാമങ്ങളോരോന്നും പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് കൂടിയാണ് കുടിയേറുന്നത്. ഈ യാത്രയിലെ മല്ലയുദ്ധങ്ങളിൽ കാണികളെ ആവേശം കൊള്ളിക്കാനുള്ള ചില ചെപ്പടി വിദ്യകളെല്ലാം സംവിധായകൻ ഒരുക്കിയിട്ടുണ്ട്. ഇതിൽ പറങ്കികൾക്കെതിരായ വാലിബന്റെ പോരാട്ടം അസാധ്യമായ രീതിയിലാണ് ലിജോ ഒരുക്കിയിരിക്കുന്നത്.

ജാപ്പനീസ് സാമുറായി സിനിമകളോട് ചേർന്ന് നിൽക്കുന്ന ആഖ്യാനശൈലിയാണ് ലിജോ മലൈക്കോ​​ൈട്ട വാലിബനായി ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകനെ സ്തബ്ധനാക്കുന്നതാണ് ഫ്രെയിമുകളോരൊന്നും. ലോകോത്തരമാണ് മധു നീലകണ്ഠന്റെ ഛായാഗ്രഹണം. മരഭൂമിയുടെ വന്യതയും ഫൈറ്റ് സീനുകളുമെല്ലാം അതിമനോഹരമായി തന്നെ ഛായാഗ്രാഹകൻ പകർത്തിയെടുത്തിട്ടുണ്ട്. പശ്ചാത്തല സംഗീതം എവിടെയും മുഴച്ചുനിൽക്കുന്നതായി അനുഭവപ്പെടുന്നില്ല. ചില സ്ഥലങ്ങളിലും സംഗീതത്തേക്കാളുപരി ശക്തമായി നിശബ്ദതയെ ഉപയോഗിക്കാനും ലിജോക്ക് സാധിച്ചിട്ടുണ്ട്. അത് സിനിമയുടെ കാഴ്ചക്ക്‍ വിഘാതം സൃഷ്ടിക്കുന്നില്ല.

മോഹൻലാൻ എന്ന നടനെ സംബന്ധിച്ചടുത്തോളം വെല്ലുവിളി സൃഷ്ടിക്കാൻ പോന്ന കഥാപാത്രമൊന്നുമല്ല വാലിബൻ. കഥയോട് പൂർണമായും നീതിപുലർത്തുന്ന രീതിയിൽ തന്നെയാണ് ലാലിന്റെ നടനം. നാടകീയമായി ഡയലോഗ് പറയുന്ന ഹരീഷ് പേരടി സ്റ്റൈലിന് ഇവിടേയും മാറ്റമൊന്നും വന്നിട്ടില്ല. ചമന്തക​നായി എത്തിയ ഡാനിഷ് സെയ്തും വില്ലൻ വേഷം മനോഹരമാക്കി.

പക്ഷേ, ആസ്വാദന ശൈലിയിൽ വ്യത്യസ്ത തലത്തിലുള്ള പ്രേക്ഷകരെയെല്ലാം തൃപ്തിപ്പെടുത്താൻ സിനിമക്ക് കഴിയുമോയെന്നത് സംശയമാണ്. മുണ്ട് മടക്കികുത്തി മാസ് സ്റ്റൈലിൽ അതിഗംഭീര ഡയലോഗ് പറയുന്ന ലാലേട്ടനെ മോഹൻലാൽ ഫാൻസിന് സിനിമയിൽ കാണാനാകില്ല. ലീനിയർ കഥപറച്ചിൽ രീതിയിൽ നിന്നും വാലിബനിൽ പലപ്പോഴും ലിജോ വഴിമാറി നടക്കുന്നുണ്ട്. വിവിധ അടരുകളിലായാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഇതും പലപ്പോഴും ആസ്വാദനത്തിൽ തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം. ഇതു തന്നെയാവും സിനിമയുടെ ഇപ്പോഴത്തെ സമ്മിശ്ര അഭിപ്രായങ്ങൾക്കുള്ള പ്രധാന കാരണവും.

വാലിബനെ കുറിച്ച് ആശാൻ സൂക്ഷിക്കുന്ന രഹസ്യവും അയാളുടെ മുൻകാല ജീവിതവുമൊക്കെ കേവലം വാക്കുകളിൽ മാത്രമാണ് ലിജോ വരച്ചിടുന്നത്. എങ്കിലും വാലിബന്റെ രണ്ടാം ഭാഗമുണ്ടാവുമെന്ന് കൂടി പറഞ്ഞാണ് ലിജോ സിനിമ അവസാനിപ്പിക്കുന്നത്. ഒന്നാം ഭാഗത്തിൽ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾക്ക് രണ്ടാം ഭാഗത്തിൽ ഉത്തരമാകുമെന്ന് പ്രതീക്ഷിക്കാം.

Show Full Article
TAGS:Malaikottai Vaaliban Movie 
News Summary - Malaikottai Vaaliban Review
Next Story