ലോക; മലയാളത്തിന്‍റെ സൂപ്പർ യൂനിവേഴ്സ്
text_fields'മിത്ത്, ഐതിഹ്യം എന്നൊക്കെ നിങ്ങൾ വിചാരിക്കുന്ന എത്രയോ കാര്യങ്ങൾ ശരിക്കുള്ളതാണെന്നറിയാമോ', 'ലോക ചാപ്റ്റർ വൺ ചന്ദ്ര'യിൽ കല്യാണി പ്രിയദർശന്‍റെ നായിക കഥാപാത്രം പറയുന്ന വാക്കുകളാണ്. ഈ വാക്കുകളിലൂടെ കടന്നു വന്നത് മലയാള സിനിമയിലെ ആദ്യ സൂപ്പർ ഹീറോ യൂനിവേഴ്സ് സിനിമയാണ്.
ഡൊമനിക് അരുണിന്‍റെ സംവിധാനത്തിൽ ദുൽഖർ സൽമാന്‍റെ വേഫറർ ഫിലിംസ് നിർമിച്ച 'ലോക' പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു. ഓണം റിലീസായി തിയറ്ററുകളിലെത്തിയ ചിത്രം മികച്ച തിരക്കഥകൊണ്ടും മികവാർന്ന മേക്കിങ് കൊണ്ടും വമ്പൻ ഹിറ്റായിരിക്കുകയാണ്.
മലയാളിക്ക് ഏറെ പരിചയമുള്ള മിത്തിനെ ശാന്തി ബാലചന്ദ്രനും ഡൊമനിക് അരുണും ചേർന്ന് അവതരിപ്പിച്ചപ്പോൾ സാധാരണയിൽ നിന്നും വ്യത്യസ്തമായി ഒരു റിയലസ്റ്റിക് ഇഫക്റ്റ് സിനിമക്ക് വന്നു. കേട്ടുകേൾവിയും കെട്ടുകഥകളും ഏറെയുള്ള നീലിയും കത്തനാരും, ഒരു മിത്തിക്കൽ ഫാന്‍റസി വേൾഡാണ് പ്രേക്ഷകനു സമ്മാനിക്കിന്നത്.
ബാഗ്ലൂരിലേക്ക് താമസം മാറുന്ന ചന്ദ്ര എന്ന കല്യാണിയുടെ നായിക കഥാപാത്രം, തൊട്ട് എതിർവശത്തെ ഫ്ലാറ്റിൽ പ്രത്യേകിച്ച് ലക്ഷ്യബോധമൊന്നുമില്ലാതെ കൂട്ടുകാരുമൊത്ത് ജീവിതം ആസ്വദിക്കുന്ന സണ്ണി, അയാളുടെ കൂട്ടുകാരായ വേണു, നൈജിൽ എന്നീവരും. ഇവരിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ചന്ദ്ര സണ്ണിയുടെ ലോകത്തേക്ക് വരുമ്പോളേക്കും അവിടെ ഉണ്ടാകുന്ന പ്രശ്നങ്ങൾ, പിന്നീടങ്ങോട്ട് ചന്ദ്രയുടെ ലോകയാണ്. നിഗൂഢവും ഭയമുളവാക്കുന്നതുമായ ചന്ദ്രയുടെ ജീവിതത്തിലേക്ക് നിഷ്കളങ്കമായ പ്രണയത്തോടെ കയറിച്ചെല്ലുന്ന സണ്ണിയും സണ്ണിയോടുള്ള ആത്മാർഥമായ സൗഹൃദം കൊണ്ടുമാത്രം ഒപ്പം കൂടുന്ന വേണുവും നൈജിലും തീർക്കുന്ന രസകരവും ത്രില്ലിങ്ങുമായ നിമിഷങ്ങളാണ് പിന്നീട് സിനിമയിലുടനീളമുള്ളത്.
മലയാളത്തിലെ സൂപ്പർ ഹീറോ യൂനിവേഴ്സിന് ഡൊമനിക് അരുൺ തുടക്കമിട്ടത് അതിലെ ഏറ്റവും ശക്തമായ കഥാപാത്രം ചന്ദ്രയെ പ്രേക്ഷകർക്കു മുമ്പിലേക്കഴിച്ചുവിട്ടുകൊണ്ടാണ്. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ കല്യാണിയുടെ മാസ് പോർഫോമൻസായിരുന്നു. കല്യാണിയുടെ കരിയർ ബെസ്റ്റ് സിനിമകളിലൊന്നാണ് ലോകയെന്ന് സിസ്സംശയം പറയാം.
മേക്കിങ് മികവുകൊണ്ട് ഡൊമനിക് അരുണെന്ന സംവിധായകൻ സ്ക്രീനിൽ മായാജാലം തീർത്തിരിക്കുകയാണ്. ഇന്ത്യയിലെ മറ്റൊരു ഇന്‍റസ്ട്രിക്കും സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര കുറഞ്ഞ ബജറ്റിൽ ഹോളിവുഡ് ലെവൽ മേക്കിങ്. ഒരു പക്കാ മലയാളം ഫാന്‍റസി ചിത്രം. എവിടെയും പ്രേക്ഷകന് കൃത്രിമത്വം തോന്നില്ല. ജേക്സ് ബിജോയുടെ സംഗീതവും എടുത്തു പറയേണ്ട ഒന്നാണ്. കഥയുമായി അലിഞ്ഞുചേുന്ന, കഥയുടെ അനിവാര്യതക്കനുസരിച്ച് സഞ്ചരിച്ച സംഗീതം.
മലയാള സിനിമയിൽ ബേസിൽ ജോസഫിന്‍റെ മിന്നൽ മുരളിക്കു ശേഷം അമാനുഷിക പ്രകടനം തീർത്ത് ഒരു സൂപ്പർ ഹീറോ യൂനിവേഴ്സിന് തുടക്കം കുറിച്ചിരിക്കുകയാണ് ലോക ചാപ്റ്റർ വൺ ചന്ദ്ര. ഫാന്‍റസിയെ കോമഡിയും സ്വാഭാവികതയും നിറഞ്ഞ കഥാപശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുകയാണിവിടെ. ചിത്രത്തിൽ കല്യാണി പ്രിയദർശന്‍റെ പ്രകടനം എടുത്തു പറയേണ്ടിയിരിക്കുന്നു.
തീ നാളങ്ങൾക്കിടയിലൂടെ ഉയർന്നു വരുന്ന ചന്ദ്ര, പിന്നീടങ്ങോട്ട് അവളുടെ ജീവിതത്തിലുണ്ടാകുന്ന അസ്വാഭാവികും അമാനുഷികവുമായ സംഭവങ്ങൾ. ചന്ദ്രയുടെ കഥാപാത്രത്തെ കല്യാണി ഗംഭീരമായി ചെയ്തിരിക്കുന്നു. റോം കോം ക്യാരക്ടർ സണ്ണി നസ്ലിന്‍റെ കൈകളിൽ ഭദ്രമായിരുന്നു. ചന്ദു സലിം കുമാറും അരുൺ കുര്യനും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. സിനിമയിലുടനീളമുള്ള ഓരോ കോമഡിയും ചന്ദ്രയുടെ മാസ് ആക്ഷൻ സീക്വൻസുകൾ പൊലെ വർക്ക് ആയി എന്നത് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. കുട്ടിചന്ദ്രയായി വന്ന ദുർഗ എന്ന ബാലതാരവും മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. തമിഴ് നടനും ഡാൻസ് കൊറിയോഗ്രാഫറുമായ സാൻഡി മാസ്റ്റർ, (ലോകേഷ് ചിത്രം ലിയോയിലെ വില്ലൻ വേഷത്തിനു ശേഷം) വിജയരാഘവൻ, നിഷാന്ത് എന്നിങ്ങനെ പോകുന്നു ലോകയിലെ അഭിനേതാക്കളുടെ നിര.
ലോക ഒരു മിസ്റ്റിക്കൽ യൂനിവേഴ്സാണ് തുറന്നു കാട്ടുന്നത്. കണ്ടത് മനോഹരം കാണാൻ പോകുന്നത് അതിമനോഹരം എന്നു പറയുന്ന പോലെ വരാനിരിക്കുന്ന ലോക യൂനിവേഴ്സിലേക്ക് നയിക്കാൻ ഒരു ചുവന്ന ചന്ദ്രനെ, ചന്ദ്രയെ തുറന്നു വിട്ടതാണ് ഡൊമനിക് അരുൺ. നിമിഷ് രവിയുടെ സിനിമറ്റോഗ്രഫിയും സിനിമയിലെ ടെക്നിക്കൽ വശവും മാർവൽ സിനിമകളോട് താരതമ്യം ചെയ്യാവുന്ന തരത്തിലുള്ള ഫാന്‍റസി യൂനിവേഴ്സിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.