ദേശങ്ങൾ താണ്ടി അവളുടെ യാത്ര
text_fields2008, അമേരിക്കയിൽ കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്ന സമയം. സ്ഥിര ജോലിയില്ലാതെ, ജീവിക്കാന്‍ മറ്റു മാർഗങ്ങളില്ലാതെ അനിശ്ചിതമായ ഭാവിയോടെ ജീവിക്കുന്ന ഒരുപാടു പേർ. അതിലൊരാളാണ് ഫേൺ. തനിക്ക് കൊണ്ടുപോകാനുള്ളതൊക്കെ വാനിൽ വെച്ച് ഫേൺ തന്‍റെ മുറി പൂട്ടി ഇറങ്ങുകയാണ്. ഇനി ഫേണിന്‍റെ വീട് ആ വാനാണ്. യു.എസ് ജിപ്സം പ്ലാന്റ് അടച്ചതോടെ ജോലി നഷ്ടപ്പെട്ട ഫേണ്‍ മറ്റൊരു ജോലി അന്വേഷിച്ചിറങ്ങുന്നു. അവർക്ക് മുന്നിൽ നെവാഡാ നഗരം ശൂന്യമാണ്.
ക്ലോയി ഷാവോ രചന, സംവിധാനം, എഡിറ്റിങ്, നിർമാണം എന്നിവ നിർവഹിച്ച 2020ലെ അമേരിക്കൻ ചലച്ചിത്രം ‘നൊമാഡ് ലാൻഡ്’ തുടങ്ങുന്നത് ഇങ്ങനെയാണ്. 88 വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന യു.എസ് ജിപ്സം പ്ലാന്റ് അടച്ചുപൂട്ടിയപ്പോൾ തൊഴില്‍ നഷ്ടപ്പെട്ട അനവധി ആളുകളില്‍ ഫേണും അവരുടെ ഭര്‍ത്താവുമുള്‍പ്പെട്ടിരുന്നു. സ്വന്തമായി താമസസ്ഥലമില്ലാതെ, വാനില്‍ അന്തിയുറങ്ങി, കിട്ടുന്ന ജോലികൾ എല്ലാം ചെയ്ത് ഫേൺ തന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു. ഒടുവിൽ ആമസോണിന്റെ വെയര്‍ഹൗസില്‍ ഫേണിന് താല്‍ക്കാലിക ജോലി ലഭിക്കുന്നു. ആ യാത്രയിൽ കണ്ടുമുട്ടുന്ന നൊമാഡുകളുടെ അനുഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.
നഗരത്തിലെ തിരക്കും, ഉൾപ്രദേശങ്ങളിലെ ശാന്തതയും, കണ്ടുമുട്ടുന്ന ഓരോ മനുഷ്യരും കുറഞ്ഞ സമയംകൊണ്ട് തന്നെ അവരുടെ ജീവിതത്തിന്റെ ഭാഗമാവുകയാണ്. ജീവിതത്തില്‍ ഇതുവരെ പരസ്പരം കണ്ടിട്ടില്ലാത്തവര്‍, ഇനി കാണുമെന്ന് ഉറപ്പില്ലാത്തവര്‍. പക്ഷേ, അവരുടെ ബന്ധങ്ങളിലെ തീവ്രത എത്രത്തോളം ശക്തമാണെന്ന് ‘നൊമാഡ് ലാൻഡ്’ കാണിച്ചു തരുന്നു.
ആശങ്കകളും ആകുലതകളും നൊമാഡ് ജീവിതത്തിന്റെ ഭാഗമാണ്. ഒരേസമയം ഏകാന്തതയും അതോടൊപ്പം അനന്തമായ സ്വാതന്ത്ര്യവും അനുഭവിക്കുന്ന സ്ഥിതിവിശേഷമാണിത്. നിമിഷനേരം മാത്രം നീണ്ടുനില്‍ക്കുന്ന കാഴ്ചകളും പതിഞ്ഞ താളവും ലാൻഡ്സ്കേപ്പുകളും സിനിമയെ വൈകാരിക തലത്തിലേക്ക് എത്തിക്കുന്നുണ്ട്.
ജെസീക്ക ബ്രൂഡർ 2017ൽ എഴുതിയ ‘നൊമാഡ് ലാൻഡ്: ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അമേരിക്കയെ അതിജീവിക്കുന്നു’ (Nomadland: Surviving America in the Twenty-First Century) എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. 2021ൽ മികച്ച ചിത്രത്തിനും മികച്ച സംവിധായികക്കും മികച്ച നടിക്കുമുള്ള (ഫ്രാൻസിസ് മക്‌ഡോർമണ്ട്) ഓസ്കര്‍ ഉൾപ്പെടെ ഒട്ടനവധി അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രമാണിത്.
വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരവും ചിത്രം നേടി. ചൈനീസ് വംശജയായ ക്ലോയി ഷാവോയുടെ മൂന്നാമത്തെ ചിത്രമാണ് ‘നൊമാഡ് ലാന്‍ഡ്’. ഓസ്കര്‍ പുരസ്കാര ചരിത്രത്തില്‍ മികച്ച രണ്ടാമത്തെ വനിത സംവിധായികയാണ് ക്ലോയി ഷാവോ.
.