Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightചില രംഗങ്ങൾ...

ചില രംഗങ്ങൾ വിസ്മയിപ്പിക്കും, ചിലത് നിശ്ശബ്ദമാക്കും; രാമായണം ഒരു 3D സിനിമാ അനുഭവം

text_fields
bookmark_border
Ramayana Part 1 3d watch
cancel
camera_alt

പ്രതീകാത്മക ചിത്രം

1990-കളിലും 2000 തുടക്കത്തിലും കുട്ടിക്കാലം ചെലവഴിച്ചവരാണെങ്കിൽ രാമായണം എന്ന പേര് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്ന ചില ഓർമകളുണ്ടാകും. ഞായറാഴ്ചകളിലെ ദൂരദർശൻ സംപ്രേഷണം, ടെലിവിഷനു മുന്നിൽ കുടുംബത്തോടൊപ്പം ഇരുന്നുള്ള കാഴ്ചകൾ, രാമനും സീതയും ലക്ഷ്മണനും രാവണനും ഹനുമാനുമൊക്കെ നമ്മുടെ സ്വീകരണമുറികളിലേക്ക് കടന്നുവന്ന കാലം. രാമാനന്ദ് സാഗറിന്റെ 'രാമായണവും' ബി.ആർ. ചോപ്രയുടെ 'മഹാഭാരതവും' മാത്രമല്ല, 'ശ്രീകൃഷ്ണ', 'ഓം നമഃ ശിവായ', 'ജയ് ഹനുമാൻ' തുടങ്ങിയ പരമ്പരകളും അക്കാലത്തെ ടെലിവിഷൻ കാഴ്ചകളുടെ അവിഭാജ്യ ഭാഗമായിരുന്നു. ചില പരമ്പരകൾ ഡി.ഡി നാഷനലിലും മറ്റു ചിലത് ഡി.ഡി മെട്രോ ഉൾപ്പെടെ ദൂരദർശൻ ചാനലുകളിലുമാണ് സംപ്രേഷണം ചെയ്തിരുന്നത്.

അന്ന് ടെലിവിഷനിൽ കണ്ട ആ കഥാപാത്രങ്ങൾ പലരുടെയും മനസ്സിൽ ഇന്നും മായാതെ കിടപ്പുണ്ട്. വർഷങ്ങൾക്കിപ്പുറം അതേ ഇതിഹാസം അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു ബിഗ് ബജറ്റ് സിനിമയായി മുന്നിലെത്തുമ്പോൾ പ്രതീക്ഷകൾ സ്വാഭാവികമായും വലുതായിരിക്കും.

രാമായണം എന്നത് രാമൻ രാവണനെ തോൽപ്പിക്കുന്ന ഒരു യുദ്ധത്തിന്റെ മാത്രം കഥയല്ല. ഓരോ കഥാപാത്രത്തിനും അവരുടേതായ ശരികളും തെറ്റുകളും വേദനകളും ആഗ്രഹങ്ങളുമുണ്ട്. അച്ഛന്റെ വാക്ക് പാലിക്കാൻ രാജ്യം ഉപേക്ഷിക്കുന്ന മകൻ, വിധിയെന്തു തന്നെയായാലും ഇനി മുതൽ നമ്മളൊരുമിച്ചാണ്​ അനുഭവിക്കുകയെന്ന്​ പറഞ്ഞ്​ ഭർത്താവിനൊപ്പം വനവാസത്തിന് ഇറങ്ങുന്ന ഭാര്യ, സുഖ സൗകര്യങ്ങളിൽ അഭിരമിക്കാമായിരുന്നിട്ടും സഹോദരനൊപ്പം നിഴലായി കാട്ടിലേക്ക്​ ഇറങ്ങിത്തിരിക്കുന്ന അനുജൻ, അധികാരവും അഹങ്കാരവും ചിലപ്പോഴൊക്കെ ധാർമികതയും ഒരുപോലെ കൈമുതലായുള്ള രാവണൻ... ഇങ്ങനെ മനുഷ്യജീവിതത്തിന്റെ പലതരം വികാരങ്ങളും ബന്ധങ്ങളും സംഘർഷങ്ങളും നിറഞ്ഞതാണ് ഈ ഇതിഹാസം.

ഓരോരുത്തരുടെയും ജീവിതത്തിലെ ഏതെങ്കിലും അനുഭവങ്ങളുമായി രാമായണത്തിലെ ഒരു കഥാപാത്രമോ സന്ദർഭമോ ചേർന്നുനിൽക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്​. ഒരേ കഥയിൽ ഓരോരുത്തർക്കും കണ്ടെത്താനാകുന്ന വൈകാരികമായ അടരുകൾ നിരവധിയാണ്. ചിലർക്ക് അത് സഹോദരസ്നേഹത്തിന്റെ കഥയായിരിക്കാം, മറ്റൊരാൾക്ക് പിതാവിന്റെ വാക്കിനുവേണ്ടി എല്ലാം ഉപേക്ഷിച്ച മകന്റെ കഥയാകാം. വേറൊരാൾക്ക് സീതയുടെ ആത്മാഭിമാനവും രാവണന്റെ അധികാരമോഹവും ആയിരിക്കാം കൂടുതൽ ചിന്തിപ്പിക്കുന്നത്. ഒരേ ഇതിഹാസത്തിന് ഇത്രയേറെ മാനങ്ങൾ ഉണ്ടെന്നത് തന്നെ അത്ഭുതകരമാണ്.

അത്തരമൊരു പരിചിതമായ കഥയെ അതിന്റെ അടിസ്ഥാന സ്വഭാവം കൈവിടാതെ വലിയൊരു സിനിമാറ്റിക് അനുഭവമാക്കി മാറ്റാനുള്ള ശ്രമമാണ് നിതേഷ് തിവാരിയുടെ 'രാമായണ: പാർട്ട് 1'. ഏകദേശം മൂന്ന് മണിക്കൂറിലധികം നീളുന്ന സിനിമയിൽ ദൃശ്യവിസ്മയങ്ങൾ മാത്രമല്ല പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്.കഥയിലെ ഓരോ വഴിത്തിരിവും നമുക്ക് ഏറെക്കുറെ പരിചിതമാണെങ്കിലും, വീണ്ടും കാണുമ്പോൾ മനസ്സിനെ സ്പർശിക്കുന്ന ചില മുഹൂർത്തങ്ങൾ ഈ ഇതിഹാസത്തിലുണ്ട്. കഥാപാത്രങ്ങളുടെ അവതരണവും വൈകാരിക സംഭാഷണങ്ങളും പശ്ചാത്തലസംഗീതവുമെല്ലാം ചേർന്നാണ് സിനിമ മുന്നോട്ടുപോകുന്നത്. അതേസമയം, ഇത്രയും വലിയൊരു സിനിമയിൽ ചില സാങ്കേതിക പരിമിതികൾ അനുഭവപ്പെടുന്നുമുണ്ട്.

രാവണനായി യഷ്; സ്ക്രീനിൽ നിറയുന്ന മാസ് സാന്നിധ്യം

സിനിമയുടെ തുടക്കത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നത് യഷ് അവതരിപ്പിക്കുന്ന രാവണനാണ്. മൂന്ന് ലോകങ്ങളും കീഴടക്കിയ, അതിശക്തനായ ഒരു ഭരണാധികാരിയുടെ ആത്മവിശ്വാസവും അധികാരബോധവും അഹങ്കാരവുമെല്ലാം യഷിന്റെ ശരീരഭാഷയിലും നോട്ടത്തിലും പ്രകടമാണ്. രാവണൻ സ്ക്രീനിലെത്തുമ്പോൾ ആ കഥാപാത്രത്തിന് ലഭിക്കുന്ന ഗാംഭീര്യം ചെറുതല്ല.രാവണന്റെ ശക്തിയെക്കുറിച്ച് സംഭാഷണങ്ങളിലൂടെ മാത്രം പറഞ്ഞുപോകുകയല്ല സിനിമ ചെയ്യുന്നത്. അയാളുടെ അധികാരവും യുദ്ധവീര്യവും പ്രേക്ഷകന് അനുഭവിപ്പിക്കാനുള്ള ശ്രമം തുടക്കം മുതൽ കാണാം. പ്രത്യേകിച്ച് യഷിന്റെ സ്ക്രീൻ പ്രസൻസും ശബ്ദവും കഥാപാത്രത്തിന് നൽകുന്ന പവർ എടുത്തുപറയണം.

നായകനേക്കാൾ വലിയൊരു ഇൻട്രൊ ലഭിച്ച വില്ലൻ എന്ന പതിവ് പ്രയോഗം ഇവിടെ ശരിക്കും യോജിക്കും. രാവണന്റെ ഓരോ വരവിലും ഒരു ടെറർ മാസ് ഭാവമുണ്ട്. വെറുമൊരു വില്ലൻ എന്നതിലുപരി, തന്റെ ശക്തിയിലും സാമ്രാജ്യത്തിലും വിശ്വസിക്കുന്ന ഒരു ചക്രവർത്തിയെ യഷ് മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

വൈരുധ്യങ്ങളുടെ പത്ത് തലകളുള്ള രാവണൻ

രാവണന്റെ പത്ത് തലകൾക്ക് പലതരം വ്യാഖ്യാനങ്ങളുണ്ട്. അറിവ്, ബുദ്ധി, ശക്തി, അഹങ്കാരം, ആഗ്രഹങ്ങൾ തുടങ്ങി മനുഷ്യന്റെ വ്യത്യസ്ത സ്വഭാവങ്ങളുടെയും കഴിവുകളുടെയും പ്രതീകമായാണ് പലരും അവയെ കാണുന്നത്. സിനിമയിലെ രാവണനിലും ഇത്തരം പല മുഖങ്ങൾ കാണാം. പ്രജകളുടെ ക്ഷേമം ആഗ്രഹിക്കുന്ന ഭരണാധികാരിയായി ഒരുവശത്ത് പ്രത്യക്ഷപ്പെടുമ്പോൾ, സ്വന്തം ആഗ്രഹത്തിനായി സീതയുടെ സ്വാതന്ത്ര്യം കവർന്നെടുക്കുന്ന മറ്റൊരു മുഖവും അയാൾക്കുണ്ട്. അതികഠിനമായ തപസ്സിലൂടെ ബ്രഹ്​മാവിൽ നിന്ന്​ വരം തേടി അമരനാകുമ്പോൾ മനുഷ്യനാൽ കൊല്ലപ്പെടരുത്​ എന്നുമാത്രം ചോദിക്കാൻ രാവണനായില്ല. ഒരു പക്ഷേ മനുഷ്യർക്ക് തന്നെ പരാജയപ്പെടുത്താനാകുമെന്ന് അയാൾ കരുതിയിരുന്നില്ല.അതായത്, അമരത്വം നേടാനുള്ള ശ്രമത്തിനിടയിൽ തന്നെ സ്വന്തം പതനത്തിനുള്ള വഴി രാവണൻ അറിയാതെ തുറന്നുവെച്ചു.​ അറിവും ഭരണപാടവവും അധികാരവും അഹങ്കാരവും ധാർമികതയുടെ ചില വശങ്ങളും ഒത്തുചേരുന്ന ഈ കഥാപാത്രം ഒരേസമയം ആദരവും വിമർശനവും പരിഹാസവും ക്ഷണിച്ചുവരുത്തുന്നു. അതുകൊണ്ടുതന്നെ രാവണൻ വെറുമൊരു പ്രതിനായകനായി ഒതുങ്ങുന്നില്ല. രാവണനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പലപ്പോഴും ഉയരുന്ന ചർച്ചകളിലൊന്നാണ് അയാൾ ലങ്കയെ സമ്പന്നവും വികസിതവുമായ രാജ്യമായി ഭരിച്ചിരുന്നുവെന്നും സീതയെ ബലമായി സ്വന്തമാക്കാൻ ശ്രമിച്ചില്ലെന്നുമുള്ളത്. സിനിമയും രാവണന്റെ കഥാപാത്രത്തിന് മറ്റൊരു തലം നൽകുന്നുണ്ട്. രാജാവായി പ്രജകളെ ആദ്യമായി കാണുന്ന രംഗത്തിലെ ഒരു സംഭാഷണം പ്രത്യേകം ശ്രദ്ധിക്കപ്പെടും. കൊട്ടാരത്തിൽ തനിക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും രാജ്യത്തെ ഓരോ പൗരനും ലഭിക്കുമെന്ന് രാവണൻ ​പ്രഖ്യാപിക്കുന്നു. ഒരു രാജാവിന്റെ ആഡംബരമല്ല, പ്രജകളുടെ ജീവിതനിലവാരമാണ് രാജ്യത്തിന്റെ യഥാർഥ സമൃദ്ധിയെന്ന് കരുതുന്ന ഭരണാധികാരിയുടെ കാഴ്ചപ്പാടാണ് ഈ വാക്കുകളിൽ തെളിയുന്നത്. രാവണന്റെ ശക്തിയും പ്രൗഢിയും മാത്രമല്ല, ഭരണത്തെക്കുറിച്ചുള്ള അയാളുടെ സങ്കൽപ്പവും ഈ രംഗം തുറന്നുകാട്ടുന്നു. അതേസമയം, സീതയെ തട്ടിക്കൊണ്ടുപോയതടക്കമുള്ള രാവണന്റെ പ്രവൃത്തികൾ ഈ നല്ല വശങ്ങൾകൊണ്ട് ന്യായീകരിക്കപ്പെടുന്നില്ല. പത്തുതലകൾ എന്നത്​ പ്രേക്ഷകർക്ക്​ മുന്നിൽ പ്രദർശിപ്പിക്കാതെയും അനുഭവവേദ്യമാക്കാൻ കഴിയുക ചില്ലറക്കാര്യമല്ല. ‘ആദിപുരുഷ്’ ഒക്കെ കോമിക്കായി മാറിയതും മേക്കിങ്ങിലെയും അമിത ഗ്രാഫിക്സുകളിലെ കല്ലുകടിയും മൂലമായിരുന്നു എന്നതും കണക്കിലെടുക്കണം.​

രാമനായി രൺബീർ; ശാന്തതയിൽ തുടങ്ങി പോരാട്ടവീര്യത്തിലേക്ക്

രൺബീർ കപൂറിന്റെ രാമൻ യഷിന്റെ രാവണനിൽനിന്ന് തികച്ചും വ്യത്യസ്തമായൊരു സ്വഭാവത്തിലാണ് അവതരിപ്പിക്കപ്പെടുന്നത്. അധികാരപ്രകടനങ്ങളോ അമിതമായ വീരഭാവമോ ഇല്ലാത്ത, ശാന്തതയും പക്വതയും നിറഞ്ഞ കഥാപാത്രം. തുടക്കത്തിൽ രാമന്റെ അവതരണം കുറച്ചുകൂടി ശക്തമാക്കാമായിരുന്നു എന്ന് തോന്നുമെങ്കിലും കഥ മുന്നോട്ടുപോകുമ്പോൾ രൺബീർ കഥാപാത്രത്തിന്റെ താളം കണ്ടെത്തുന്നുണ്ട്. പുസ്തകങ്ങളിലും ചിത്രങ്ങളിലുമൊക്കെ കണ്ട രാമന്‍റെ മുഖവുമായി ചേർന്നുനിൽക്കുന്ന മുഖമായി സിനിമ മുന്നോട്ടു പോകുന്തോറും തോന്നിപ്പിക്കുന്ന കാസ്റ്റിങ്ങ്​ തന്നെയാണ്​ രൺബീറിന്‍റേത്​.

പ്രത്യേകിച്ച് വനവാസകാലത്തെ രംഗങ്ങളിൽ രാമനിലെ പോരാളിയെ കാണാം. അതേസമയം, രാമനെ ഒരു യുദ്ധവീരനായി മാത്രം അവതരിപ്പിക്കാതെ, ബന്ധങ്ങൾക്കും വാക്കിനും ധർമത്തിനും വിലകൽപ്പിക്കുന്ന വ്യക്തിയായി നിലനിർത്താനും സിനിമ ശ്രമിക്കുന്നു. രാമനും രാവണനും നേരിട്ടുള്ള കോമ്പിനേഷൻ സീൻ ആദ്യഭാഗത്തിലില്ല, സീത മാത്രമാണ്​ രാവണനെ സിനിമയുടെ ഒന്നാം ഭാഗത്തിൽ നേരിൽ കാണുന്നത്​. രാമ പക്ഷത്തുനിന്ന്​ രാവണനെ പിന്നെ കണ്ടിട്ടുള്ളത്​ പക്ഷിരാജാവായ ജഡായു മാത്രമാണ്​. നേരിൽ കണ്ടവരിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റേയാൾ തടവിലാക്കപ്പെടുകയും ചെയ്യുന്നു എന്നതുപോലും ഭീതി ജനിപ്പിക്കുന്നതായിരുന്നു.

സീതയായി സായ് പല്ലവിയും ലക്ഷ്മണനായി രവി ദുബെയും കഥാപാത്രങ്ങളോട് നീതി പുലർത്തുന്നു. പരമ്പരാഗതമായി കണ്ടും കേട്ടും പരിചയിച്ച രാമായണത്തിലെ സീതയിൽനിന്ന് വ്യത്യസ്തമായി, പോരാട്ടരംഗങ്ങളിൽ നേരിട്ട് ഇടപെടുന്ന സീതയെയാണ് ഇവിടെ കാണാനാകുന്നത്. ആയുധമെടുത്ത് ശത്രുക്കളോട് ഏറ്റുമുട്ടുന്ന സീതയുടെ രൂപം പ്രേക്ഷകർക്ക് കൗതുകവും അത്ഭുതവും നൽകും. സീതയെ വെറുമൊരു സഹനത്തിന്റെയും കാത്തിരിപ്പിന്റെയും പ്രതീകമായി മാത്രം കാണാതെ, സ്വന്തം നിലപാടും ആത്മാഭിമാനവും കാത്തുസൂക്ഷിക്കാൻ കരുത്തുള്ള കഥാപാത്രമായി അവതരിപ്പിക്കാനുള്ള ശ്രമം ശ്രദ്ധേയമാണ്. ഇതിഹാസത്തിലെ സുപരിചിതമായ കഥാപാത്രത്തെ പുതിയൊരു കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന സിനിമയുടെ അണിയറക്കാരുടെ വ്യത്യസ്ത സമീപനങ്ങളിലൊന്നാണിത്. കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ അമിത നാടകീയത ഒഴിവാക്കാനും സിനിമ ശ്രമിച്ചിട്ടുണ്ട്. മലയാളത്തിന്റെ അഭിമാനതാരം ശോഭന രാവണന്റെ അമ്മയായ കൈകസിയുടെ വേഷത്തിൽ സിനിമയിലുണ്ട്​. പ്രായം കുറച്ചു കാണിക്കുന്ന 'ഡീ-ഏജിങ്ങ്​' സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ശോഭനയെ ഇൻട്രോ സീനിൽ 90സ്​ ലുക്കിൽ മനോഹരിയാക്കിയിരിക്കുന്നത്​.

ഒരു സ്ത്രീക്ക് തന്റെ ജീവിതപങ്കാളിയിൽ നിന്ന് ലഭിക്കാവുന്ന ഏറ്റവും മനോഹരമായ ​പ്രതീക്ഷകളിൽ ഒന്നായിരിക്കും രാമൻ സ്വയംവര സമയത്ത്​ സീതയ്ക്ക് നൽകുന്ന ഉറപ്പ്. സീതയുടെ പിതാവായ ജനകന്റെ മുന്നിൽവെച്ച്, “എന്റെ ജീവിതത്തിൽ സീതയല്ലാതെ മറ്റൊരു സ്ത്രീ ഉണ്ടാകില്ലെന്ന് ഞാൻ അങ്ങേക്ക് ഉറപ്പുനൽകുന്നു” എന്ന രാമന്റെ വാക്കുകൾ കേവലമൊരു പ്രണയപ്രകടനമല്ല. വിവാഹബന്ധത്തോടുള്ള തന്റെ പ്രതിബദ്ധതയും സീതയോടുള്ള ആദരവും വിശ്വസ്തതയുമാണ് അതിലൂടെ രാമൻ വ്യക്തമാക്കുന്നത്. വലിയ വാഗ്ദാനങ്ങളേക്കാൾ ഒരാളുടെ മനസ്സിൽ സുരക്ഷിതത്വവും വിശ്വാസവും നിറയ്ക്കുന്ന ഇത്തരം വാക്കുകൾക്കാണ് ബന്ധങ്ങളെ കൂടുതൽ വിലയുള്ളതാക്കുന്നതെന്ന്​ ഓർമിപ്പിക്കുന്നു. പ്രേക്ഷകർക്ക്​ ഒറ്റ നോട്ടക്കാഴ്ചയിൽ ഒരിക്കലും പിടിതരാത്ത രീതിയിൽ പരശുരാമനായും നേർക്കുനേർ സീനിൽ രാമനൊപ്പം രൺബീർ പകർന്നാടിയിട്ടുണ്ട്​.

നിർണായക രംഗത്ത്​ രാവണനെയും തൂക്കി എടുത്തോണ്ട് പറക്കുന്ന ജഡായു എന്ന പക്ഷിഭീമന്‍റെ പോരാട്ടവും ഗംഭീര ദൃശ്യ വിസ്മയമാണ്​. ഉയിര് പോണ പോക്കിൽ രാവണന്‍റെ തല പന്തുപോലെ ഉരുട്ടി​ പുഷ്പക വിമാനത്തിലേക്ക്​ ഇടുന്ന സീൻ​! വരം ഇല്ലായിരുന്നെങ്കിൽ അവിടെ തീർന്നേനെ രാവണന്‍റെ ഗർവൊക്കെ. ഒടുവിൽ വിധിക്ക്​ കീഴടങ്ങി മരിച്ചുവീഴുന്ന ജഡായുവിന്‍റെ കഥക്ക്​ മാനങ്ങളേറെയാണ്​. ആകാശത്തുകൂടെ പോയ ‘ഏണി’ വേണമെങ്കിൽ ഒഴിവാക്കാമായിരുന്നിട്ടും പൊരുതാൻ തയ്യാറാകുന്ന ജഡായു ആധുനികലോകത്തും പലതും പ്രതിനിധാനം ചെയ്യുന്നുണ്ട്​.

സംഭാഷണങ്ങളിൽ രാമായണത്തിന്റെ ആത്മാവ്

രാമായണം പോലെ തലമുറകളായി പരിചിതമായ ഒരു കഥ സിനിമയാക്കുമ്പോൾ സംഭാഷണങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. കാരണം, ഈ കഥയിലെ പല വാക്കുകളും സന്ദർഭങ്ങളും പ്രേക്ഷകർക്ക് നേരത്തേ അറിയാവുന്നതാണ്. അതിനാൽ തന്നെ വെറുതെ വീരവാദം മുഴക്കുന്ന സംഭാഷണങ്ങൾക്കപ്പുറം കഥാപാത്രങ്ങളുടെ മനസ്സും ബന്ധങ്ങളും വെളിപ്പെടുത്തുന്ന വാക്കുകളാണ് ഇവിടെ കൂടുതൽ ശ്രദ്ധ നേടുന്നത്.

അതിൽ എടുത്തുപറയേണ്ട ഒന്നാണ് ലക്ഷ്മണനോടുള്ള രാമന്റെ വൈകാരികമായ ചോദ്യം. പിതാവ് ദശരഥൻ തന്റെ വാക്ക് പാലിക്കാനാണ് ആഗ്രഹിക്കുന്നത്. കൈകേയിയാകട്ടെ തനിക്ക് ലഭിച്ച വരങ്ങൾ സഫലമാക്കണമെന്ന നിലപാടിലാണ്. ഈ സാഹചര്യത്തിൽ ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് ലക്ഷ്മണനോട് രാമൻ ചോദിക്കുന്ന രംഗം വെറുമൊരു സംഭാഷണമല്ല. ധർമം, വാക്ക്, കുടുംബബന്ധം, കടമ എന്നിവ തമ്മിലുള്ള സംഘർഷം വളരെ ലളിതമായി അവതരിപ്പിക്കുന്ന മുഹൂർത്തമാണത്. കുട്ടിയായിരിക്കവേ സ്വന്തം മകനായ ഭരതനു പോലും അസൂയ തോന്നിക്കത്തക്ക വിധമായിരുന്നു കൈകേയി രാമനെ ഇഷ്ടപ്പെട്ടിരുന്നത്​. മൂത്ത പുത്രനായതുകൊണ്ടും തനിക്കേറ്റവും പ്രിയപ്പെട്ടവനായതുകൊണ്ടും ചോറിന്‍റെ ആദ്യ ഉരുള എല്ലായ്​പ്പോഴും രാമനായിരുന്നു കൈകേയി നൽകിയിരുന്നത്​. എന്നാൽ തോഴിയായ മന്ദരയുടെ വാക്കുകളിൽ വീണതോടെ രാമനോടുള്ള ആ സ്നേഹം സംശയത്തിനും അധികാരമോഹത്തിനും വഴിമാറുകയായിരുന്നു.14 വർഷത്തെ വനവാസം കഴിഞ്ഞ്​ തിരിച്ചുവരുമ്പോൾ ചോറിന്‍റെ ആദ്യ ഉരുള തരണമെന്ന്​ രാമൻ കൈകേയിയോട്​ പറയുമ്പോഴാണ്​ രാമന്​ തന്നോടും തനിക്ക്​ രാമനോടുമുള്ള ആത്​മബന്ധം അവർ തിരിച്ചറിയുന്നത്​.ഇതുപോലുള്ള നിരവധി വൈകാരിക സംഭാഷണങ്ങൾ സിനിമയിലുണ്ട്. വലിയ ശബ്ദത്തിലോ അമിതമായ നാടകീയതയിലോ അല്ല അവയുടെ ശക്തി. കഥാപാത്രങ്ങളുടെ മനസ്സിലുള്ള വേദനയും ആശയക്കുഴപ്പവും സ്നേഹവുമാണ് അവയെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. രാമായണത്തിലെ കഥാസന്ദർഭങ്ങൾ അറിയാവുന്നവർക്ക് ഈ രംഗങ്ങളുടെ വൈകാരികത കൂടുതൽ അനുഭവപ്പെടും.

കാഴ്ചയുടെ തീവ്രതയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്ന ബാക്​ഗ്രൗണ്ട്​ സ്​കോർ

രാമായണം പോലൊരു പുരാണകഥ പറയുമ്പോൾ പരമ്പരാഗതമായ ഭക്തിഗാനങ്ങളുടെയും മതപരമായ സംഗീതച്ചേരുവകളുടെയും സഹായത്തോടെ വൈകാരികത സൃഷ്ടിക്കുക എളുപ്പമാണ്. എന്നാൽ ഇവിടെ അതിനപ്പുറത്തേക്ക് പോകുന്ന സംഗീതാനുഭവമാണ് ഒരുക്കിയിരിക്കുന്നത്.എ.ആർ. റഹ്മാനും ഹാൻസ് സിമ്മറും ചേർന്നൊരുക്കിയ സംഗീതത്തിൽ പശ്ചാത്തലസംഗീതത്തിന് പ്രത്യേക സ്ഥാനമുണ്ട്. രാമൻ തന്റെ ആദ്യ ദിവ്യാസ്ത്രം പ്രയോഗിക്കുന്ന രംഗത്തും ജഡായുവും രാവണനും തമ്മിലുള്ള പോരാട്ടത്തിലും സംഗീതം നൽകുന്ന ഊർജം എടുത്തുപറയണം. കാഴ്ചയുടെ തീവ്രതയെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ അതിന് കഴിയുന്നുണ്ട്. പ്രത്യേകിച്ച് ഒരു പുരാണകഥ കാണുമ്പോൾ പ്രതീക്ഷിക്കുന്ന പതിവ് സംഗീതശൈലിയിൽ ഒതുങ്ങാതെ, സിനിമയുടെ വൈകാരികതയ്ക്കും ആക്ഷൻ രംഗങ്ങൾക്കും അനുയോജ്യമായ രീതിയിലാണ്​ സംഗീതം. ഇമോഷനൽ രംഗങ്ങളിലൊക്കെയും ദൃശ്യങ്ങളേക്കാൾ കൂടുതൽ മനസ്സിൽ തങ്ങിനിന്നത് പശ്ചാത്തലസംഗീതമായിരുന്നു. വനവാസത്തിനിറങ്ങുന്ന രംഗങ്ങളിലൊക്കെ ആ ബി.ജി.എം കൃത്യമായി ​കാണുന്നവരിൽ ഫീൽ ഉണ്ടാക്കുന്നതായിരുന്നു.

സെറ്റുകളും ആക്ഷനും; ഓരോ ലോകത്തിനും വ്യത്യസ്ത മുഖം

അയോധ്യയും മിഥിലയും ലങ്കയും ഒരേ മാതൃകയിൽ ഒരുക്കിയ സെറ്റുകളല്ല. ഓരോ സ്ഥലത്തിനും അതിന്റേതായ രൂപവും അന്തരീക്ഷവും നൽകാൻ കലാസംവിധാന വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ലങ്കയുടെ രൂപകൽപ്പനയും അതിന്റെ പ്രതാപം പ്രകടമാക്കുന്ന ദൃശ്യങ്ങളും ശ്രദ്ധേയമാണ്.ആക്ഷൻ രംഗങ്ങളിലും വലിയ രീതിയിലുള്ള ഒരുക്കങ്ങൾ കാണാം. ജഡായുവും രാവണനും തമ്മിലുള്ള പോരാട്ടം ഇതിന് മികച്ച ഉദാഹരണമാണ്. പുഷ്പകവിമാനത്തിനുള്ളിലെ പോരാട്ടരംഗത്തിന്റെ രൂപകൽപ്പനയും അതിലെ വിശദാംശങ്ങളും ശ്രദ്ധ പിടിച്ചുപറ്റും. വെറുമൊരു സംഘട്ടനമായി ഒതുങ്ങാതെ ആ രംഗത്തിന് ആവശ്യമായ തീവ്രത സൃഷ്ടിക്കാൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.എന്നാൽ ചില മുനിമാരുടെയും മറ്റ് കഥാപാത്രങ്ങളുടെയും വേഷവിധാനങ്ങൾ ചിലയിടങ്ങളിൽ ഫാൻസി ഡ്രസ് മത്സരത്തെ ഓർമിപ്പിക്കുന്നുണ്ട്. ഇത്രയും വലിയൊരു സിനിമയിൽ ചില വേഷങ്ങളുടെ രൂപകൽപ്പനയിൽ കുറച്ചുകൂടി സ്വാഭാവികത പ്രതീക്ഷിച്ചിരുന്നു. കുംഭകർണനുൾപ്പടെയുള്ള ചില രാക്ഷസർ ഫാൻസിഡ്രസ്​ പോലെയോ മേക്കിങ്ങിലെ കുറവുകളാൽ അപൂർണമായോ തോന്നി. പേടിച്ചുവിറക്കുന്നതിനുപകരം കോമിക്​ പീസുകളായി അനുഭവപ്പെട്ടു എന്നത്​ മറ്റൊരു റിയാലിറ്റി.

3ഡി കാഴ്ചയിൽ പ്രതീക്ഷിച്ച മികവ് ലഭിച്ചോ?

സിനിമയുടെ ദൃശ്യവിസ്മയം വലിയ സ്ക്രീനിൽ അനുഭവിക്കാമെന്ന പ്രതീക്ഷയോടെയാണ് തിയേറ്ററിലെത്തിയത്. 4കെ ലേസർ പ്രൊജക്ഷനും ഡോൾബി അറ്റ്മോസ് സൗണ്ട് സംവിധാനവുമുള്ള സ്ക്രീനിലാണ് ചിത്രം കണ്ടത്. എന്നാൽ 3ഡി അനുഭവം വ്യക്തിപരമായി അത്ര ഫലപ്രദമായി അനുഭവപ്പെട്ടില്ല. ഒരു സിനിമയുടെ 3D പതിപ്പ് തിയേറ്ററുകാർക്ക് കാശുണ്ടാക്കാനുള്ള വക കൂടിയാണ്. 30 രൂപ അധികം നൽകിയശേഷം സിനിമ കഴിയുമ്പോൾ തിരിച്ച്​ കണ്ണട കൊടുത്തിട്ട്​ പോകുന്ന സംവിധാനമാണുള്ളത്​. ചില രംഗങ്ങളിൽ ദൃശ്യങ്ങൾക്ക് ആവശ്യമായ വ്യക്തത ലഭിക്കുന്നില്ലായിരുന്നു. സ്ക്രീനിൽ നേരിയ ബ്ലർനെസ് അനുഭവപ്പെട്ടതോടെ സിനിമയുടെ പല മനോഹരമായ ദൃശ്യങ്ങളും പ്രതീക്ഷിച്ചത്ര ആസ്വദിക്കാനും കഴിഞ്ഞില്ല. ഇത്രയും വലിയൊരു വിഷ്വൽ കാൻവാസുള്ള സിനിമയിൽ 3ഡി അനുഭവം കൂടുതൽ മികവുറ്റതാകേണ്ടതായിരുന്നു. 4കെ ലേസർ എന്നത് പ്രൊജക്ഷന്റെ റെസല്യൂഷനും പ്രകാശസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടതും ഡോൾബി അറ്റ്മോസ് എന്നത്​ ശബ്ദസംവിധാനവുമാണ്. ഇവ രണ്ടും ഉണ്ടെന്നതുകൊണ്ട് മാത്രം 3ഡി ദൃശ്യങ്ങളുടെ വ്യക്തതയും തെളിച്ചവും ഉറപ്പാകുന്നില്ല. 3ഡി പ്രൊജക്ഷൻ സംവിധാനം, സ്ക്രീൻ നിലവാരം, പ്രകാശ തീവ്രത, പ്രൊജക്ടറിന്റെ കൃത്യമായ ക്രമീകരണം, കണ്ണടകളുടെ ഗുണനിലവാരം എന്നിവയും അനുഭവത്തെ ബാധിക്കും. ചില സ്ഥലത്ത് രാമൻ ലക്ഷമണനെക്കാൾ മെലിഞ്ഞിട്ടും മറ്റുചില സീനിൽ രാമൻ ലക്ഷമണനെക്കാൾ തടിച്ചും മറ്റൊരു സീനിൽ രാമനേക്കാൾ ഉയരമുള്ള സീത...ഇതൊക്കെ കല്ലുകടിയായി തോന്നി. ഷോട്ട്​സൈറ്റുൾപ്പടെ കാഴ്ച പ്രശ്നങ്ങളുള്ളതിനാൽ കണ്ണട ധരിച്ചിട്ടുള്ളവർ അതിനു പുറമേ ഈ കണ്ണടയും കൂടി വെച്ചായിരിക്കുമോ സിനിമ കാണുന്നത്​, അങ്ങനെയല്ല എങ്കിലും ആണെങ്കിലും അവരുടെ അവസ്ഥ എന്തായിരിക്കും ഈ മൂന്നര മണിക്കൂറെന്ന്​ വെറുതെ ആലോചിച്ചുപോയി.

3ഡി പ്രദർശനത്തിൽ കണ്ണടയിലൂടെ കാണുമ്പോൾ പ്രകാശത്തിന്റെ ഒരു ഭാഗം നഷ്ടപ്പെടാം. അതുകൊണ്ട് തന്നെ ചില തിയേറ്ററുകളിൽ ദൃശ്യങ്ങൾ ഇരുണ്ടതോ വ്യക്തത കുറഞ്ഞതോ ആയി തോന്നാം. മികച്ച രീതിയിൽ കാലിബ്രേറ്റ് ചെയ്ത 3ഡി സംവിധാനം, അനുയോജ്യമായ സ്ക്രീൻ, മതിയായ ബ്രൈറ്റ്നസ് എന്നിവയാണ് നല്ല അനുഭവത്തിന് പ്രധാനം. അതിനാൽ ഈ അനുഭവം സിനിമയുടെ ദൃശ്യങ്ങളുടെ മാത്രം പോരായ്മയായി കാണാനാകില്ല; പ്രദർശന സംവിധാനത്തിനും അതിൽ പങ്കുണ്ടാകാം. തെരഞ്ഞെടുത്ത തിയേറ്ററിന്‍റെ പ്രശ്നമായതിനാൽ അത്​ വിധിയെന്ന്​ കരുതി സമാധാനിക്കുകയല്ലാതെ തരമില്ല. പുറകിലെ നിരയിൽ സ്ക്രീൻ ഒത്ത നടുവിൽ കാണും വിധമുള്ള സീറ്റ്​ കിട്ടിയതിനാൽ അധികം പരിവേദനങ്ങൾക്ക്​ സ്ഥാനമില്ല താനും.

മലയാളം ഡബിങ്; പ്രതീക്ഷിച്ചതിലും മികച്ച അനുഭവം

മലയാളം പതിപ്പാണെന്ന്​ അറിഞ്ഞുകൊണ്ടാണ്​ സിനിമ കാണാനിരുന്നത്. നാടക സമാനമായ സംഭാഷണമായിരിക്കുമോ എന്ന ഭയം അസ്ഥാനത്താക്കുന്ന വിധം നിലവാരമുള്ള ഡബ്ബിങ്ങും എടുത്തുപറയേണ്ടതാണ്. ഇത്രയും വലിയൊരു പുരാണചിത്രത്തിൽ സംഭാഷണങ്ങൾ കൃത്രിമമായി തോന്നിയാൽ അത് സിനിമയുടെ ആസ്വാദനത്തെ ബാധിക്കും. എന്നാൽ മലയാളം പതിപ്പിൽ അത്തരമൊരു വലിയ കല്ലുകടിയില്ലാതെ സിനിമ കാണാൻ കഴിഞ്ഞു.കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾക്കും വൈകാരിക മുഹൂർത്തങ്ങൾക്കും അനുയോജ്യമായ ശബ്ദവിന്യാസം ലഭിച്ചിട്ടുണ്ട്. ഡബ്ബിങ് സ്വാഭാവികമായി അനുഭവപ്പെടുകയും ലിപ്​ മൂവ്​​മെന്‍റുൾപ്പടെ കൃത്യമായി തോന്നുകയും ചെയ്തതിനാൽ സിനിമയുടെ ഒഴുക്കിനെ ബാധിക്കാതെ കാണാനായി. ഇത്രയും നീളമുള്ള സിനിമ മലയാളത്തിൽ കാണുമ്പോൾ ഭാഷ ഒരു തടസ്സമായി തോന്നുന്നില്ല എന്നത് ചെറിയ കാര്യമല്ല.

ഹനുമാന്റെ വരവിനായി കാത്തിരിക്കാം!

ആദ്യഭാഗം അവസാനിക്കുമ്പോൾ കഥയുടെ അടുത്ത ഘട്ടത്തിലേക്കുള്ള ആകാംക്ഷ ബാക്കിവെച്ചാണ് സിനിമ വിടപറയുന്നത്. പ്രത്യേകിച്ച് എൻഡ് ക്രെഡിറ്റിന് ശേഷമുള്ള ഹനുമാന്റെ രംഗം പ്രേക്ഷകരിൽ വലിയ പ്രതീക്ഷ സൃഷ്ടിക്കുന്നുണ്ട്.തിയേറ്ററിൽ പലരും എഴുന്നേറ്റ് പുറത്തേക്ക് പോകാൻ തുടങ്ങുന്ന സമയത്താണ് ഈ രംഗം വരുന്നത്. രണ്ടാം ഭാഗത്തിൽ ഹനുമാൻ ശരിക്കും വലിയ വിസ്മയിപ്പിക്കുമെന്ന പ്രതീക്ഷ നൽകുന്നൊരു കാഴ്ചയായിരുന്നു അത്​.

മൊത്തത്തിൽ, രാമായണത്തിന്റെ കഥ നേരത്തേ അറിയാമെന്ന കാരണത്താൽ ക്യൂരിയോസിറ്റി കിട്ടില്ല എന്നതുമാത്രമാണ്​ തിയേറ്റർ കാഴ്ചയിൽ പോരായ്മ. വലിയ ദൃശ്യലോകവും ശക്തമായ കഥാപാത്രാവതരണങ്ങളും മനോഹരമായ പശ്ചാത്തലസംഗീതവും വൈകാരിക സംഭാഷണങ്ങളും ചേർന്ന് ഒരു നല്ല സിനിമാറ്റിക് അനുഭവം ഒരുക്കുന്നുണ്ട്.

രാമായണം പലതവണ കണ്ടിട്ടുള്ള, വായിച്ചിട്ടുള്ള, കേട്ടിട്ടുള്ള ഒരാൾക്ക് പോലും വീണ്ടും ആ ലോകത്തേക്ക് മടങ്ങിപ്പോകാൻ തോന്നിപ്പിക്കുന്ന ചില മുഹൂർത്തങ്ങൾ ഈ ചിത്രത്തിലുണ്ട്. പ്രത്യേകിച്ച് യഷിന്റെ രാവണനും സിനിമയുടെ പശ്ചാത്തലസംഗീതവും മനസ്സിൽ തങ്ങിനിൽക്കും. രണ്ടാം ഭാഗത്തിൽ കഥ യുദ്ധത്തിലേക്ക് കടക്കുമ്പോൾ ഈ സിനിമയുടെ കാൻവാസ് എത്രത്തോളം വലുതാകുമെന്നതാണ് ഇനി അറിയേണ്ടത്.

പുതുതായി എന്താണ് നൽകാനുള്ളതെന്ന ചോദ്യത്തിന്, പരിചിതമായ കഥയെ മറ്റൊരു ദൃശ്യാനുഭവത്തിലൂടെ വീണ്ടും മനസ്സിലേക്ക് എത്തിക്കാനാകുമെന്നാണ് നിതേഷ് തിവാരിയുടെ ചിത്രം നൽകുന്ന മറുപടി. രാമായണത്തിന് ഒരൊറ്റ കഥാവതരണം മാത്രമല്ല ഉള്ളത്. വാൽമീകി രാമായണം, കമ്പരാമായണം, തുളസീദാസിന്റെ രാമചരിതമാനസ്, അദ്ഭുത രാമായണം, പ്രാദേശികവും വാമൊഴിയുമായ നിരവധി പതിപ്പുകൾ എന്നിവയിൽ കഥാപാത്രങ്ങളുടെ സ്വഭാവത്തിലും സംഭവങ്ങളുടെ അവതരണത്തിലും വ്യത്യാസങ്ങളുണ്ട്. ഓരോ കാലഘട്ടത്തിന്റെയും മതപരവും സാംസ്കാരികവുമായ കാഴ്ചപ്പാടുകൾ ഈ കഥകളെ സ്വാധീനിച്ചിട്ടുണ്ട്. ഓരോ തവണയും കാണുമ്പോൾ പുതിയൊരു കഥാപാത്രത്തെയോ പുതിയൊരു വികാരത്തെയോ തിരിച്ചറിയാൻ കഴിയുന്നു എന്നതാണ് ഈ ഇതിഹാസത്തിന്റെ പ്രത്യേകത. കാലം മാറുമ്പോഴും കുടുംബബന്ധങ്ങളും സ്നേഹവും കടമയും അധികാരവും ത്യാഗവുമൊക്കെ മനുഷ്യജീവിതത്തിൽ പ്രസക്തമായി തുടരുന്നു. അതുകൊണ്ടായിരിക്കണം കഥയുടെ തുടക്കവും അവസാനവും സസ്​പെൻസും അറിയാമെങ്കിലും വീണ്ടും വീണ്ടും കാണാൻ പ്രേക്ഷകർ തിയേറ്ററുകളിലെത്തുന്നത്!.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:movie review Ramayana Yash ranbeer kapoor sai pallavi 3D 
News Summary - Ramayana Part 1 Review: Yash Steals the Show as Ravana
Next Story