അടുത്ത സീസൺ എപ്പോഴാ?
text_fieldsചില സീരീസുകൾ കണ്ടുതീരുന്നതറിയില്ല. ഓരോ സീസണിനും വേണ്ടി പ്രേക്ഷകർ കാത്തിരിക്കും. അങ്ങനെയൊന്നാണ് ‘സ്ട്രേഞ്ചർ തിങ്സ്’. 1980കളിലെ ഇന്ത്യാനയിലെ ഒരു സാങ്കൽപിക പട്ടണം, ഹോക്കിൻസ്. കഥ തുടങ്ങുന്നത് അവിടെനിന്നാണ്. ആ പട്ടണത്തിലെ ചില സംഭവങ്ങളെ തുടർന്ന് ഒരു ബാലനെ കാണാതാവുന്നു. അവന്റെ കൂട്ടുകാരും കുടുംബാംഗങ്ങളും അന്വേഷിച്ചിറങ്ങുന്നു. അവരെ സഹായിക്കാനായി അമാനുഷിക സിദ്ധിയുള്ള പെൺകുട്ടി എത്തുന്നു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ‘സ്ട്രേഞ്ചർ തിങ്സിന്റെ’ കഥ അവിടെ തുടങ്ങുകയാണ്.
സാധാരണഗതിയിൽ തുടങ്ങി പ്രേക്ഷകരെ മുൾമുനയിൽ നിർത്തിച്ച നാല് സീസണുകൾ. 34 എപ്പിസോഡുകൾ. അഞ്ചാം സീസണിനുള്ള കാത്തിരിപ്പ്. ഇത് മാത്രം മതിയാവും ‘സ്ട്രേഞ്ചർ തിങ്സി’ന്റെ റേഞ്ച് മനസ്സിലാവാൻ. ഡഫർ ബ്രദേഴ്സ് എന്നറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് രചന, നിർമാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച സയൻസ് ഫിക്ഷൻ-ഹൊറർ വെബ് സീരീസാണ് ‘സ്ട്രേഞ്ചർ തിങ്സ്’.
2016ലാണ് ആദ്യ സീസൺ നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കുന്നത്. അഭിനയം, ശബ്ദലേഖനം, സംവിധാനം, രചന, കഥാപാത്രങ്ങൾ എന്നിവയുടെ മികവിന് നിരൂപക പ്രശംസയും സീരിസ് നേടി. അവാർഡുകളും നാമനിർദേശങ്ങളും വേറെ. മികച്ച പരമ്പരക്കുള്ള അവാർഡ് ഉൾപ്പെടെ 18 പ്രൈം ടൈം എമ്മി അവാർഡ് നാമനിർദേശങ്ങൾ ആ വർഷം ‘സ്ട്രേഞ്ചർ തിങ്സ്’ നേടി. സ്റ്റീവൻ സ്പീൽബർഗ്, ജോൺ കാർപെന്റർ, സ്റ്റീഫൻ കിങ് തുടങ്ങിയവരുടെ ആ കാലത്തിലെ ചലച്ചിത്ര, സാഹിത്യ സൃഷ്ടികൾ പരമ്പരക്ക് പ്രചോദനമായിട്ടുണ്ട്.
ഹോക്കിൻസ് പട്ടണത്തിൽ വീണ്ടും പ്രശ്നങ്ങൾ. വിചിത്രമായ കൊലപാതകങ്ങൾ. ആരാണ് ഇതിനുപിന്നിൽ എന്ന അന്വേഷണവും ഒട്ടേറെ കുഴപ്പിക്കുന്ന ചോദ്യങ്ങളും മുന്നിൽ വെച്ചുകൊണ്ടുള്ള സീസൺ 4ന് ആരാധകർ ഏറെയായിരുന്നു. നെറ്റ്ഫ്ലിക്സിൽ ഏറ്റവുമധികം ആളുകൾ കണ്ട ഇംഗ്ലീഷ് ടി.വി ഷോ ‘സ്ട്രേഞ്ചർ തിങ്സ്’ സീസൺ 4, വോള്യം 1 ആണ്. 100 കോടി മണിക്കൂർ സ്ട്രീമിങ് പിന്നിട്ട നെറ്റ്ഫ്ലിക്സിലെ രണ്ടാമത്തെ സീരിസ് എന്ന പ്രത്യേകതയും ‘സ്ട്രേഞ്ചർ തിങ്സ് 4’നുണ്ട്. അഞ്ചിലേക്കുള്ള കാത്തിരിപ്പിന് ബലം കൂട്ടുന്നതും ഇതാണ്. ആദ്യ മൂന്ന് സീസണുകളിൽ ഹോക്കിൻസാണ് പശ്ചാത്തലമെങ്കിൽ നാലാം സീസണിൽ റഷ്യയും പശ്ചാത്തലമാകുന്നുണ്ട്.
10 വർഷം. ഒരു സീരീസിനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ കാലയളവ് തന്നെയാണ്. അഭിനേതാക്കളിൽ പലരും അവർ കുട്ടികളായിരിക്കുമ്പോൾ ഇതിൽ അഭിനയിക്കാൻ വന്നവരാണ്. അതുകൊണ്ടുതന്നെ ഓരോ സീസണിലും അവരുടെ വളർച്ചയും അതിനനുസരിച്ചുള്ള കഥാഗതികളും പ്രേക്ഷകരിൽ കൂടുതൽ ആകാംക്ഷ ജനിപ്പിക്കുന്നു. ‘സ്ട്രേഞ്ചർ തിങ്സി’ന്റെ അഞ്ചാമത്തെയും അവസാനത്തെയും സീസണിന്റെ ചിത്രീകരണം പൂർത്തിയായി. റിലീസിങ് ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകർ.
.