നിങ്ങളുടെ അച്ഛനെ സൂപ്പർസ്റ്റാറാക്കിയത് ബോളിവുഡാണെന്ന് മറക്കരുത്; ആര്യൻ ഖാന്റെ സീരീസിനെതിരെ സുനിൽ പാൽ
text_fieldsആര്യൻ ഖാന്റെ നെറ്റ്ഫ്ലിക്സ് ഷോക്കെതിരെ വിമർശനവുമായി കൊമേഡിയൻ സുനിൽ പാൽ. ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭമായ 'ദി ബാഡ്‌സ് ഓഫ് ബോളിവുഡ്' എന്ന സീരീസിനെതിരെയാണ് ആരോപണം. സീരീസ് ബോളിവുഡിനെ പരിഹസിക്കുകയാണെന്നും തന്റെ അച്ചനെ സൂപ്പർസ്റ്റാറാക്കിയ ബോളിവുഡിനെ ആര്യൻ ബഹുമാനിക്കണമെന്നും ഹിന്ദി റഷിന്റെ പോഡ്‌കാസ്റ്റിൽ സംസാരിക്കവെ സുനിൽ പറഞ്ഞു.
ആര്യൻ ഖാന്റെ സംവിധാനത്തിലെ ആദ്യ ചിത്രമായ ‘ദി ബാഡ്‌സ് ഓഫ് ബോളിവുഡ്’ നിരൂപക പ്രശംസയും ആരാധകരുടെ സ്നേഹവും നേടി സംപ്രേഷണം തുടരുന്നതിനിടെയാണ് സുനിലിന്റെ വിമർശനം. ബോളിവുഡ് പശ്ചാത്തലമാക്കിയുള്ള സീരീസാണിത്. ബോളിവുഡിലെ പാപ്പരാസി കൾച്ചർ, നെപോട്ടിസം, രാഷ്ട്രീയം എന്നിവയെ ചുറ്റിപ്പറ്റിയാണ് സീരീസിന്‍റെ കഥ മുന്നോട്ട് പോകുന്നത്. ബോളിവുഡിനെ ട്രോളുന്ന തരത്തിൽ സറ്റയര്‍, സ്പൂഫ് എലെമെന്റും ചിത്രത്തിലുണ്ട്.
ഇത്തരം കാര്യങ്ങൾ ബോളിവുഡിനെ മോശമായി ചിത്രീകരിക്കുകയാണ് ചെയ്യുക എന്നാണ് സുനിലിന്റെ ആരോപണം. ഷോ ബോളിവുഡിനെ വിമർശിച്ചതിൽ തൃപ്തരല്ലാത്തവരുമുണ്ട്. തന്റെ പിതാവ് ഷാരൂഖ് ഖാനെ ഒരു വലിയ സൂപ്പർസ്റ്റാറാക്കിയ അതേ വ്യവസായത്തെ പരിഹസിച്ചുകൊണ്ട് ആര്യൻ സീരീസ് സംവിധാനം ചെയ്തത് തെറ്റാണെന്ന് കരുതുന്നവരിൽ ഒരാളാണ് സുനിൽ പാൽ.
‘ദി ബാഡ്‌സ് ഓഫ് ബോളിവുഡിന് പകരം ആര്യന് മറ്റെന്തെങ്കിലും നിർമിക്കാമായിരുന്നെന്നും സുനിൽ അഭിപ്രായപ്പെട്ടു. ആര്യൻ ഖാന് പ്രശസ്തിക്കോ പണത്തിനോ വേദിക്കോ ഒരു കുറവുമില്ല. അഞ്ച് വർഷം കൂടി വീട്ടിൽ ഇരുന്ന് ചിന്തിച്ചാൽ സഞ്ജയ് ലീല ബൻസാലി പോലും പ്രശംസിക്കുന്ന തരത്തിൽ എന്തെങ്കിലും കൊണ്ടുവരാൻ ആര്യന് കഴിയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കുറച്ചു ദിവങ്ങൾക്ക് മുമ്പ് സീരീസിനെതിരെ മാനനഷ്ടക്കേസുമായി ഐ.ആർ.എസ് ഉദ്യോഗസ്ഥനും മുൻ എൻ.സി.ബി സോണൽ ഡയറക്ടറുമായ സമീർ വാങ്കഡെ പരാതി നൽകിയിരുന്നു. തന്‍റെ പ്രശസ്തിക്ക് കോട്ടം വരുത്തിയെന്നാണ് ഹരജിയിൽ സമീർ വാങ്കഡെ അവകാശപ്പെട്ടത്. എന്നാൽ ഹരജി ഡൽഹി ഹൈകോടതി തള്ളി. തെറ്റായതും അപകീർത്തികരവുമായ വിഡിയോ ആണ് പ്രൊഡക്ഷൻ ഹൗസും നെറ്റ്ഫ്ലിക്സും അവരുടെ ടെലിവിഷൻ പരമ്പരയുടെ ഭാഗമായി സംപ്രേഷണം ചെയ്തതെന്ന് ആരോപിച്ചാണ് വാങ്കഡെ ഹരജി സമർപ്പിച്ചത്. നഷ്ടപരിഹാരമായി രണ്ട് കോടി രൂപ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു