ദി ഹണ്ട് ഫോർ വീരപ്പൻ
text_fields‘വീരപ്പൻ യാര്?
എൻ കണവര്താ...
ഉങ്കള്ക്ക് അവരിക്കിട്ടെ പുടിച്ചത് എന്ന, ഇരിക്കാലെ പുടിച്ചതെന്ന?
ഒരു ഉൺമയാന മനിതന്ക്ക് നമ്മ ഉയിര് കൊടുത്തവത് കാപ്പാത്തണംന്ന് നിനൈപ്പാര്
ആനാ ദ്രോഹം സെഞ്ചിട്ട അവങ്ക ഉയിരേ എടുക്കണംന്ന് നിനൈപ്പാര്...’
‘ദി ഹണ്ട് ഫോർ വീരപ്പൻ’ ഡോക്യു സീരീസ് ആരംഭിക്കുന്നത് വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയുടെ ഈ വാക്കുകളിലൂടെയാണ്. കാടിന്റെ വന്യതയിൽ ഒളിച്ചിരുന്ന് ആനക്കൊമ്പും ചന്ദനമരവും മോഷ്ടിച്ച് ദക്ഷിണേന്ത്യയെയാകെ മുൾമുനയിൽ നിർത്തിയ വീരപ്പന്റെ കഥ.
നിള, ലൈഫ് ഓഫ് പൈ തുടങ്ങിയ സിനിമകളിലൂടെ അറിയപ്പെടുന്ന സെൽവമണി സെൽവരാജാണ് ‘ദി ഹണ്ട് ഫോർ വീരപ്പൻ’ ഡോക്യു സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. 2023 ആഗസ്റ്റ് നാലിന് നാല് എപ്പിസോഡുകളുള്ള ഡോക്യു സീരീസ് നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനെത്തി. അപൂർവ ബക്ഷി, മോനിഷ ത്യാഗരാജൻ എന്നിവരാണ് ഇതിന്റെ നിർമാണം.
ഇംഗ്ലീഷിലാണ് സീരീസ് ഒരുക്കിയിരിക്കുന്നതെങ്കിലും തമിഴിലും കന്നഡയിലുമാണ് കൂടുതൽ വിവരണവും.
കർണാടക കൊല്ലേഗലയിലെ ഗോപിനാഥം എന്ന ഗ്രാമത്തെ ചുറ്റിപ്പറ്റി ആരംഭിക്കുന്ന സീരീസ് 1989 മുതൽ 2004 വരെയുള്ള വീരപ്പന്റെ ജീവിതം പറയുന്നു. വരിവരിയായി വരുന്ന അനുയായികളുടെ ഏറ്റവും മുന്നിൽ തോളിൽ നീളൻ റൈഫിളുമേന്തി വരുന്ന കൊമ്പൻ മീശക്കാരൻ, പച്ചനിറത്തിലുള്ള ഷർട്ടും പാന്റ്സുമാണ് വേഷം -വീരപ്പനെ ആദ്യമായി കണ്ട അനുഭവം പങ്കുവെക്കുന്നു, മുത്തുലക്ഷ്മി. പിന്നീട് അന്വേഷക പത്രപ്രവർത്തകനായ സുനാദ് സിങ്, ഫോറസ്റ്റ് ഓഫിസർ ബി.കെ. സിങ് എന്നിവരുടെ ഓർമകളിലേക്കെത്തുമ്പോൾ കാട്ടാനകളെ കൊലപ്പെടുത്തി കൊമ്പെടുക്കുകയും അനധികൃതമായി ചന്ദനമരം മുറിച്ചുകടത്തുകയും ചെയ്യുന്ന വീരപ്പനെന്ന കള്ളക്കടത്തുകാരനിലേക്കെത്തും.
രണ്ടും മൂന്നും എപ്പിസോഡുകളിൽ തമിഴ്നാട്-കർണാടക സംയുക്തമായി രൂപവത്കരിക്കുന്ന സ്പെഷൽ ടാസ്ക് ഫോഴ്സ്, കേന്ദ്രസേന എന്നിവയിലേക്കും വീരപ്പന്റെ കൊലപാതക പരമ്പരകളിലേക്കും കഥ മാറും. എസ്.ടി.എഫ് ഉദ്യോഗസ്ഥനായ െടെഗർ അശോക് കുമാർ, ഓഫിസർ സെന്താമരൈ കണ്ണൻ, പേരു വെളിപ്പെടുത്താനാവാത്ത വ്യാപാരി, ഗോപിനാഥം ഗ്രാമവാസികൾ, വീരപ്പന്റെ കൂട്ടാളികൾ തുടങ്ങിയവരുടെ വാക്കുകളിലൂടെ ഉദ്വേഗജനകമായ സംഭവങ്ങൾ ഓർത്തെടുക്കുകയാണ് ഇതിൽ. അതുവരെ അജ്ഞാതനായിരുന്ന വീരപ്പന്റെയും കൂട്ടാളികളുടെയും ചിത്രം ഉൾപ്പെടെ പകർത്തുകയും വീരപ്പനുമായി ആദ്യ അഭിമുഖം നടത്തുകയും ചെയ്ത മാധ്യമപ്രവർത്തകനായ ശിവ സുബ്രമണ്യത്തിലേക്കെത്തുമ്പോൾ ഒരു സിനിമക്കഥയുടെ ചുരുളഴിയുന്നതുപോലെയാകും ഈ സീരീസ്.
ആനക്കൊമ്പ് മോഷ്ടാവ്, ചന്ദനക്കടത്തുകാരൻ, കൊലയാളി... ഇതൊക്കെയല്ലേ വീരപ്പനെന്ന് കരുതി സീരീസ് കാണാനിരിക്കുന്നവർക്ക് മുന്നിൽ അറിയാവുന്നതും അറിയാത്തതുമായ ഒത്തിരി സംഭവങ്ങളുടെ ചുരുളുകളാണ് അഴിച്ചിടുക. ഇവയൊക്ക അത് കണ്ടും അറിഞ്ഞും അനുഭവിച്ചവരുടെ വാക്കുകളിലൂടെ ആകുമ്പോൾ ആരുമൊന്ന് അമ്പരക്കുകയും ചെയ്യും. ഫോട്ടോഗ്രാഫുകൾ, കാസറ്റ് റെക്കോഡുകൾ, പത്രറിപ്പോർട്ടുകൾ, പഴയ വിഡിയോകൾ തുടങ്ങിയവയുടെ പിൻബലത്തോടെയാണ് ഡോക്യു സീരീസ് മുന്നോട്ടുപോകുന്നത്.
ഒരു വേട്ടക്കാരനെ നാട് ആഘോഷിക്കുന്നതെങ്ങനെ എന്നും സമൂഹത്തിന്റെ വിവിധ തലങ്ങളിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും മൂന്നരമണിക്കൂർ നീളുന്ന ഈ സീരീസിൽ വിവരിക്കുന്നുണ്ട്. സ്പെഷൽ ടാസ്ക് ഫോഴ്സ് ഉയർത്തുന്ന ഓരോ വെല്ലുവിളികളും വീരപ്പൻ എങ്ങനെ നേരിട്ടുവെന്ന് വിവരിക്കുന്നതിലൂടെ രക്തരൂഷിതമായ കൊലപാതകങ്ങളുടെ പരമ്പര തന്നെ കാണാനാകും.
16ാം വയസ്സിൽ മുത്തുലക്ഷ്മിയുമായുള്ള വീരപ്പന്റെ വിവാഹം, ഫോറസ്റ്റ് ഓഫിസർ ശ്രീനിവാസന്റെ കൊലപാതകം, പാലാർ ബ്ലാസ്റ്റ്, സ്പെഷൽ ടാസ്ക് ഫോഴ്സ്, 2000 ജൂലൈയിൽ സിനിമ താരം ഡോ. രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയി 108 ദിവസം ബന്ധിയാക്കിവെച്ചതുൾപ്പെടെയുള്ള സംഭവങ്ങൾ സീരീസിൽ വിവരിക്കുന്നുണ്ട്. കൂടാതെ വീരപ്പനെ എൻകൗണ്ടർ ചെയ്ത് കൊലപ്പെടുത്തിയ ഓപറേഷൻ കൊക്കൂണിന്റെ വിശദ വിവരണവും ഇതിൽ കാണാം. അതോടൊപ്പം ഇപ്പോഴും നിലനിൽക്കുന്ന വിവാദങ്ങളും ചർച്ചചെയ്യുന്നു.
വീരപ്പനെന്ന വിമത നേതാവിനെയും അതിന്റെ സഹതാപ തരംഗങ്ങളെയും അവതരിപ്പിക്കുന്നതിലൂടെ ഒരു സോഫ്റ്റ് കോർണർ പ്രേക്ഷകരിൽ രൂപപ്പെട്ടേക്കാം. എന്നാൽ, ക്രൂരമായ ആനക്കൊമ്പ് വേട്ടയും ചന്ദനവേട്ടയും കൊലപാതകങ്ങളും നടത്തിയ വീരപ്പനെന്ന കൊള്ളക്കാരനെ കാണിക്കുന്നതിലൂടെ ഉള്ളിൽ ഭയം നിറയും. അതുകൊണ്ടുതന്നെ പ്രേക്ഷകരിൽ ‘വീരപ്പൻ യഥാർഥത്തിൽ ആരെ’ന്ന നിഗമനത്തിലെത്തിക്കാൻ സീരീസിന്റെ പ്രവർത്തകർ ശ്രമിക്കുന്നില്ല.
ഒരു മനുഷ്യക്കുറ്റവാളിയെ പിടികൂടാൻ 20 വർഷം കാത്തിരിക്കേണ്ടി വന്ന കഥ, ഒപ്പം ഒരു മനുഷ്യനെ പിടികൂടാൻ 200 കോടിയിലധികം രൂപ മുടക്കിയ വേട്ട... എവിടെയും നിർത്താതെ മുഴുവൻ കണ്ടുതീർക്കാൻ സാധിക്കുന്ന അവതരണം.
കാടിന്റെ വന്യതയാണ് ഈ സീരീസിന്റെ ഹൈലൈറ്റ്. ഇതുവരെ കാണാത്ത കാടിന്റെ ഉൾക്കാഴ്ചകൾ ദൃശ്യഭംഗിയോടെ ചേർത്തിരിക്കുന്നു. ഒപ്പം പശ്ചാത്തല സംഗീതംകൂടി ചേരുമ്പോൾ ഓരോ ദൃശ്യവും അതിന്റെ ഭംഗിയോടെ ആസ്വദിക്കാൻ സാധിക്കും.