Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightമാനുഷിക ഭാവങ്ങളും...

മാനുഷിക ഭാവങ്ങളും അകത്തളത്തെ സംഘർഷങ്ങളും

text_fields
bookmark_border
മാനുഷിക  ഭാവങ്ങളും അകത്തളത്തെ സംഘർഷങ്ങളും
cancel

മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘എലോൺ’ എന്ന ചിത്രത്തിന്‍റെ ഏകദേശ സ്വഭാവത്തിലുള്ളതെന്ന് പറയാവുന്ന മറ്റൊരു സനിമ -ഏകപാത്ര അഭിനയം കൊണ്ട് സിനിമയിലുടനീളം കഥാഗതിയെ ചലിപ്പിക്കാൻ സാധിക്കണം എന്ന വലിയ പരീക്ഷണം നേരിട്ട്, പരാജയം രുചിച്ച സിനിമയായി ‘എലോൺ’ മാറിയെങ്കിൽ ഇപ്പറയാൻ പോകുന്ന സിനിമക്ക് അങ്ങനെയൊരു പേരുദോഷമുണ്ടായിട്ടില്ല. ലളിതമായൊരു ആശയത്തിൽ തുടങ്ങി, പ്രതീക്ഷിക്കുന്നതിലും എത്രയോ ഇരട്ടി ആകർഷകമായി മാറി, ഉദ്വേഗഭരിതമായി മുന്നേറുന്ന ചിത്രമാണ് ‘ദി ഇൻവൈറ്റ്’ (The Invite).

‘ബുക്ക്സ്മാർട്ട്’ (2019), ‘ഡോണ്ട് വറി ഡാർലിങ്’ (2022) എന്നീ ചിത്രങ്ങൾക്കുശേഷം അമേരിക്കൻ നടിയും സംവിധായികയുമായ ഒലീവിയ വൈൽഡ് സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രം കൂടിയാണിത്. സെസ്ക് ഗേയുടെ സംവിധാനത്തിൽ 2020ൽ പുറത്തിറങ്ങിയ സ്പാനിഷ് കോമഡി ചിത്രമായ ‘ദി പീപ്പിൾ അപ്‌സ്റ്റയേഴ്സ്’ (The People Upstairs) എന്ന ചിത്രത്തിന്റെ ഇംഗ്ലീഷ് റീമേക്കാണ് ഈ സിനിമ. ‘എലോണി’നെ പോലെ ഇതൊരു ഏകപാത്ര സിനിമയല്ല. പരിമിത കഥാപാത്രങ്ങളും പശ്ചാത്തലങ്ങളുമാണ് ‘ദി ഇൻവൈറ്റി’ൽ ഉള്ളതെങ്കിലും അവയെ മികച്ചരീതിയിൽ ഉപയോഗിച്ച് കരുത്തുള്ള സിനിമയാക്കി മാറ്റാൻ സംവിധായികക്ക് സാധിച്ചു എന്ന് തീർച്ചയായും പറയാം.

ഒരു സായാഹ്നത്തിൽ, അപ്പാർട്ടുമെന്റിനുള്ളിൽ കഴിയുന്ന രണ്ട് ദമ്പതികളെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. ജോ (സെത്ത് റോജൻ) പരാജയപ്പെട്ട ഒരു സംഗീതജ്ഞനാണ്; ഇപ്പോൾ സ്കൂൾ കുട്ടികളെ സംഗീതം പഠിപ്പിക്കുന്ന അദ്ദേഹം, തന്റെ ജീവിതത്തെക്കുറിച്ചുള്ള നിരാശയും അമർഷവും ഉള്ളിലൊതുക്കി കഴിയുന്നു. ജോയുടെ ഭാര്യ ആഞ്ചല (ഒലീവിയ വൈൽഡ്), മുകൾനിലയിൽ താമസിക്കുന്ന അയൽക്കാരായ പീനയെയും (പെനെലോപ്പ് ക്രൂസ്) ഹോക്കിനെയും (എഡ്വേർഡ് നോർട്ടൺ) അത്താഴവിരുന്നിന് ക്ഷണിക്കുന്നു. അയൽക്കാരുടെ ബഹളംനിറഞ്ഞ രാത്രികൾ കാരണം ആഴ്ചകളായി ഉറക്കം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഈ ക്ഷണം. പ്രശ്നം സംസാരിച്ച് പരിഹരിക്കാനാണ് ജോ ആഗ്രഹിക്കുന്നതെങ്കിൽ, ആ സായാഹ്നം സമാധാനപരമായി കടന്നുപോകണം എന്ന് മാത്രമാണ് ആഞ്ചല ആഗ്രഹിക്കുന്നത്. അതിഥികളാട്ടെ ആത്മവിശ്വാസമുള്ളവരും ഉത്കണ്ഠകളില്ലാത്തവരും തങ്ങളെക്കുറിച്ച് പൂർണ സംതൃപ്തിയുള്ളവരുമാണ്. മദ്യപാനം പുരോഗമിക്കുമ്പോൾ സംസാരത്തിലെ മര്യാദ വിട്ട് അസ്വസ്ഥതയുണ്ടാക്കുന്ന വാക്കുകൾ പുറത്തുവരാൻ തുടങ്ങുന്നു. സൗഹൃദപരമായ ഒരു അത്താഴവിരുന്നായി തുടങ്ങിയ സംഭവം, പിന്നീട് വ്യക്തികളുടെ ഉള്ളിലിരുപ്പുകൾ വെളിപ്പെടുത്തുന്ന രീതിയിലേക്ക് മാറുന്നു.

ചിത്രത്തിന്റെ തിരക്കഥ എടുത്തുപറയേണ്ടതാണ്. നിസ്സാരമെന്ന് തോന്നുന്ന സംഭാഷണങ്ങളിൽ പോലും സംഘർഷം നിറക്കാനും സാധാരണ പരാമർശങ്ങളിലൂടെ ആഴത്തിലുള്ള നിരാശകൾ വെളിപ്പെടുത്താനും തിരക്കഥക്ക് സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തെയും എങ്ങനെയെന്ന് വിധിക്കാതെ, സഹാനുഭൂതിയോടെയാണ് ഇതിൽ സമീപിച്ചിട്ടുള്ളത്. ഒപ്പം ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷങ്ങളിൽ കടന്നുവരുന്ന നർമം ചിത്രത്തിന്റെ ആസ്വാദനക്ഷമതയെ വർധിപ്പിക്കുന്നുമുണ്ട്.

നല്ല തിരക്കഥക്കൊപ്പം അഭിനേതാക്കളുടെ ആത്മാർഥമായ പ്രകടനങ്ങളും ചേർന്നതോടെ സിനിമ അതിന്‍റെ ഉന്നതിയിലേക്ക് കുതിക്കുന്നതായി കാണാം. ജോ എന്ന കഥാപാത്രത്തിന്റെ നിരാശയും അസ്വസ്ഥതയും ഉച്ചത്തിലുള്ള തർക്കങ്ങളിലൂടെയല്ല, മറിച്ച് തമാശകളിലൂടെയും ഭാവപ്രകടനങ്ങളിലൂടെയുമാണ് സെത്ത് റോജൻ അവതരിപ്പിച്ചത്. ഉള്ളാലെ തകർന്നുപോകുമ്പോഴും എല്ലാം നിയന്ത്രണത്തിലാക്കാൻ പാടുപെടുന്ന ആഞ്ചലയെ, ഒരുതരം നിശ്ശബ്ദമായ പരിഭ്രമത്തോടെ ഒലീവിയ വൈൽഡ് അവതരിപ്പിക്കുന്നു. എഡ്വേർഡ് നോർട്ടൺ തന്റെ ഹോക്ക് എന്ന കഥാപാത്രത്തിന് ആകർഷകവും എന്നാൽ അസ്വസ്ഥത ഉണ്ടാക്കുന്നതുമായ ഭാവം നൽകിയപ്പോൾ, പീനയുടെ ആത്മവിശ്വാസത്തിനുള്ളിലെ ദുർബലതയെ വെളിപ്പെടുത്തിക്കൊണ്ട് പെനെലോപ്പ് ക്രൂസ് ചിത്രത്തിൽ ഒരുപടി മികച്ചുനിൽക്കുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് തിരഞ്ഞെടുക്കുന്നത് സംഘർഷങ്ങൾക്കുപകരം സംയമനമാണ്. ക്ലൈമാക്സിന് തൊട്ടുമുമ്പുള്ള രംഗങ്ങളിൽ ഒരു ധീരമായ നീക്കത്തിനുള്ള സൂചന നൽകിയെങ്കിലും, അന്തിമഘട്ടത്തിൽ ചിത്രം കൂടുതൽ കരുതലോടെയാണ് നീങ്ങിയത്. രണ്ടാം പകുതിയിൽ നാടകീയവും ധീരവുമായ ക്ലൈമാക്സിനുള്ള സൂചനകൾ നൽകിയ ശേഷം, അന്തിമഘട്ടത്തിൽ സ്വീകരിച്ച ഈ ‘സുരക്ഷിത’മായ സമീപനം അൽപം ഒതുക്കിപ്പിടിച്ചതുപോലെ അനുഭവപ്പെടാം. എങ്കിലും, ഈ തീരുമാനം സിനിമയുടെ പൊതുവായ സ്വഭാവത്തോട് ചേരുന്നതാണെന്ന് പറയാം.

സംവിധായിക എന്ന നിലയിൽ ഒലീവിയ വൈൽഡിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന മികച്ച രീതിയിൽ ആവിഷ്കരിച്ച നല്ലൊരു സിനിമയായി ‘ദി ഇൻവൈറ്റി’നെ കാണാം. മൂർച്ചയുള്ള തിരക്കഥയും, അഭിനേതാക്കളുടെ ശക്തമായ പ്രകടനങ്ങളും, മനുഷ്യവികാരങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും ഒത്തുചേരുമ്പോൾ, ലളിതമായ കഥകൾ പോലും സത്യസന്ധതയോടും ഭാവനയോടുംകൂടി അവതരിപ്പിച്ചാൽ എത്രത്തോളം ആകർഷകമാകും എന്ന് ഈ ചിത്രം തെളിയിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Film Review Movies 
News Summary - Olivia Wilde’s The Invite Breakdown
Next Story