64 ചതുര നീക്കങ്ങൾ
text_fieldsഅനാഥയായ ബെത്ത് ഹാർമോൺ. ചെറുപ്പം മുതൽ ചെസ് കളിക്ക് വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതം. 1950കളുടെ പകുതി മുതൽ 1960കളിലേക്ക് നീങ്ങുന്ന കഥ. ബാല്യ-കൗമാര-യൗവന കാലങ്ങളിൽ അനുഭവിച്ച മാനസിക സംഘർഷങ്ങൾ വൈകാരിക പ്രശ്നങ്ങൾ, മദ്യം, മയക്കുമരുന്ന് എന്നിവയോടുള്ള ആസക്തി എന്നിവയൊക്കെ ബെത്തിനെയും ചെസ് കളിയെയും എങ്ങനെ വളർത്തിയെടുത്തു? ആന്തരിക ബാഹ്യ സൗന്ദര്യങ്ങളിൽനിന്ന് ബെത്ത് ഹാർമോൺ എന്ന വ്യക്തിയിലേക്കുള്ള വികാസം എങ്ങനെയായിരുന്നു? ഇതിനൊക്കെയുള്ള ഉത്തരമാണ് ഈ സീരീസ്. ഇത് ബെത്തിന്റെ കഥയാണ്. അവളുടെ, അവൾ കളിച്ച ചെസ് കളിയുടെ ആകെ തുക.
അമ്മ മരിച്ച്, അനാഥ മന്ദിരത്തിലായ ബാല്യം. ബെത്ത് കളിയുടെ ബാലപാഠങ്ങൾ പഠിക്കുന്നതും കളിച്ചു തുടങ്ങുന്നതും ഇവിടെനിന്നാണ്. ചെസ് കളിയോടുള്ള അവളുടെ അഭിനിവേശം ചലനത്തിലും നോട്ടത്തിലും ചടുല വേഗത്തിലും വ്യക്തമാണ്. വൈകാരിക തലങ്ങളെപോലും കൃത്യമായി പ്ലേസ് ചെയ്യാൻ അന്യക്ക് (അന്യ ടെയ്‌ലർ ജോയ്) സാധിച്ചിട്ടുണ്ട്. വാൾട്ടർ ടെവിസിന്റെ 1983ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി സ്കോട്ട് ഫ്രാങ്ക്, അലൻ സ്കോട്ട്, വില്യം ഹോർബർഗ് എന്നിവർ ചേര്‍ന്ന് വികസിപ്പിച്ചെടുത്ത നെറ്റ്ഫ്ലിക്സ് മിനി സീരീസാണ് ‘ദി ക്വീൻസ് ഗാംബിറ്റ്.’
കണ്ടിരിക്കുന്നവരെ പിടിച്ചിരുത്തുന്ന പ്രകടനവും ഛായാഗ്രഹണവും. ബെത്ത് ഹാർമോണായ അന്യ ടെയ്‌ലർ ജോയിയുടെ പ്രകടനം തന്നെയാണ് സീരീസിന്റെ കാതൽ. കൂടാതെ വിന്റേജ് കളർ ടോണിലുള്ള ഫ്രെയിമുകൾ സീരീസിന്റെ ഭംഗി കൂട്ടുന്നു. മറ്റു കളികളെ അപേക്ഷിച്ച് ചെസ് കളിക്കാനും കളി കാണാനും ഒരിത്തിരി ക്ഷമ വേണം. എന്നാൽ, ഇവിടെ അത്രയും ഒഴുക്കോടെയുള്ള അവതരണ മികവിന് തീർച്ചയായും ഇതിന്റെ അണിയറ പ്രവർത്തകർ കൈയടി അർഹിക്കുന്നുണ്ട്. ഇതിൽ കളിക്ക് മുന്നേ ബെത്തിന്റെ ഒരു പ്രിപ്പറേഷൻ സ്റ്റേജ് ഉണ്ട്. സത്യത്തിൽ കഥ രാകി മൂർച്ചകൂട്ടുന്നത് അവിടെയാണ്.
2020 ഒക്ടോബറിൽ പുറത്തിറങ്ങിയ ക്വീൻസ് ഗാംബിറ്റ് നാല് ആഴ്ചകൊണ്ട് നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സ്ക്രിപ്റ്റഡ് മിനി സീരീസായി. 8.7 ഐ.എം.ഡി.ബി റേറ്റിങ്ങുള്ള ഈ സീരീസ് പ്രേക്ഷകരെ കളിയിലേക്ക് അടുപ്പിക്കുമെന്ന് തീർച്ചയാണ്. ചെസ് കളിയെക്കുറിച്ച് ധാരണയില്ലാത്തവര്‍ക്കുപോലും ആസ്വദിക്കാന്‍ കഴിയും വിധമാണ് ഇതിന്റെ മേക്കിങ്. ചുരുക്കിപ്പറഞ്ഞാൽ പ്രധാന കഥാപാത്രവും അവളുടെ കഥാപരിസങ്ങളും സീരീസിന്റെ ഹൈപ് കൂട്ടുന്നുണ്ട്. കളിയും കാര്യവും ഒരുമിക്കുന്നിടത്ത് ഏഴ് എപ്പിസോഡുള്ള ഒറ്റ സീസണിൽ തീരുന്ന മിനി സീരീസ് ഏറെ ശ്രദ്ധപിടിച്ചുപറ്റുന്നു.