അരിയറ്റിയുടെ സീക്രട്ട് വേൾഡ്
text_fieldsനമ്മുടെ ലോകത്തിന് താഴെയായി നമ്മൾ അറിയാത്ത ഒരു ചെറിയ ലോകമുണ്ടെങ്കിലോ? അവിടെ പൂക്കളും ഇലകളുംകൊണ്ട് നിർമിച്ച ഒരു കൊച്ചുവീട്. ആ ചെറിയ വാതിൽ തുറന്നാൽ അരിയറ്റിയെയും കുടുംബത്തെയും കാണാം. പക്ഷേ, ആരും അവരെ കാണാൻ പാടില്ല. അത് അവരുടെ സുരക്ഷിതത്വമാണ്. എന്നാൽ, ഒരുദിവസം ഒരാൾ അവളുടെ ലോകം കണ്ടെത്തുന്നു. ഹൃദ്രോഗിയായ ഷോ ചികിത്സക്കായി തറവാട്ടിലേക്ക് എത്തുന്നിടത്താണ് കഥ ആരംഭിക്കുന്നത്. ആ വീട്ടിൽ, മനുഷ്യലോകം അറിയാതെ ജീവിക്കുന്ന വെറും 10 സെന്റീമീറ്റർ മാത്രം ഉയരമുള്ള ഒരു ജനവിഭാഗമുണ്ട്. ‘ബോറോവേഴ്സ്’ എന്ന് വിളിക്കപ്പെടുന്ന ഇവരെക്കുറിച്ചുള്ള കഥകൾ ഷോയുടെ അമ്മൂമ്മ ചെറുപ്പത്തിൽ പറഞ്ഞുകൊടുത്തിട്ടുണ്ട്.
ഈ കൂട്ടത്തിൽപ്പെട്ട അരിയറ്റി എന്ന പെൺകുട്ടിയെ ഷോ ആകസ്മികമായി കാണുന്നു. പലപ്പോഴും മറഞ്ഞിരിക്കുന്ന തറയുടെ പലകകൾക്കടിയിലോ ചുവരുകൾക്കുള്ളിലോ ആണ് ഇവരുടെ താമസം. മനുഷ്യർക്ക് കാണാൻ കഴിയാത്ത രീതിയിൽ ജീവിക്കാൻ പഠിച്ച അരിയറ്റിയും അവളുടെ കുടുംബവും വലിയ മനുഷ്യരുടെ വീട്ടിൽനിന്ന് ചെറിയ സാധനങ്ങൾ കടമെടുത്താണ് ജീവിക്കുന്നത്. ഷോ ഏകനായതുകൊണ്ട് തന്നെ അരിയറ്റിയുടെ സാന്നിധ്യം അവന് ആശ്വാസമാകുന്നുണ്ട്. എന്നാൽ, ഷോയുടെ സാന്നിധ്യം അവരുടെ രഹസ്യജീവിതത്തിന് ഭീഷണിയാകുന്നു. വലുപ്പത്തിലും ലോകത്തിലും വ്യത്യാസങ്ങൾ ഏറെയുണ്ടെങ്കിലും പത്ത്-പതിനാല് വയസ്സുള്ള ഷോയും എത്ര വയസ്സുണ്ടെന്ന് ഊഹിക്കാൻപോലും പറ്റാത്ത അരിയറ്റിയും തമ്മിലുള്ള സൗഹൃദം കഥാഗതിയെ ത്വരിതപ്പെടുത്തുന്നുണ്ട്.
2010ൽ പുറത്തിറങ്ങിയ ജാപ്പനീസ് ആനിമേറ്റഡ് ഫാന്റസി ചിത്രമാണ് ‘ദി സീക്രട്ട് വേൾഡ് ഓഫ് അരിയറ്റി’. ഹിരോമാസ യോനെബയാഷി സംവിധാനം ചെയ്ത ചിത്രം സ്റ്റുഡിയോ ഗിബ്ലിയാണ് ആനിമേറ്റ് ചെയ്തിരിക്കുന്നത്. ഹയാവോ മിയാസാക്കിയും കെയ്കോ നിവയും ചേർന്ന് എഴുതിയ തിരക്കഥ മേരി നോർട്ടൺ എഴുതിയ 1952ലെ ‘ദി ബോറോവേഴ്സ്’ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 2011ൽ മികച്ച ആനിമേഷൻ ഫീച്ചർ ഫിലിമിനുള്ള ജപ്പാൻ അക്കാദമി പ്രൈസ്, ടോക്യോ ആനിമേഷൻ അവാർഡ്, ബോസ്റ്റൺ സൊസൈറ്റി ഓഫ് ഫിലിം ക്രിട്ടിക്സ് അവാർഡ്, ഷികാഗോ ഫിലിം ക്രിട്ടിക്സ് അവാർഡ്, സാൻ ഫ്രാൻസിസ്കോ ഫിലിം ക്രിട്ടിക്സ് അവാർഡ്, 2011ലെ മികച്ച ആനിമേഷൻ ഓഫ് ദി ഇയർ, മികച്ച സംവിധായകൻ (ഹിരോമാസ യോനെബയാഷി), മികച്ച തിരക്കഥ (ഹയാവോ മിയാസാക്കി), മികച്ച കലാസംവിധായകൻ (യൂജി തകെഷിഗെ) എന്നിവ ഈ ആനിമേഷൻ സിനിമക്ക് സ്വന്തം.
സ്റ്റുഡിയോ ഗിബ്ലിയുടെ കൈയൊപ്പ് പതിഞ്ഞ ഈ ചിത്രം ഓരോ ഫ്രെയിമും അതിമനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. സ്റ്റുഡിയോ ഗിബ്ലിയുടെ മിക്ക സിനിമകളെയുംപോലെ അരിയറ്റിയും കൈകൊണ്ട് വരച്ച രീതിയാണ് (Hand-Drawn Animation) പിന്തുടരുന്നത്. ഓരോ രംഗത്തിലെയും പശ്ചാത്തലങ്ങൾ അതിമനോഹരവും സൂക്ഷ്മവുമായാണ് ക്രമീകരിച്ചിരിക്കുന്നത്. കഥ വളരെ ലളിതമാണെങ്കിലും ആഴമുണ്ട്. ഡീറ്റേയിലിങ്ങാണ് സിനിമയെ ആകർഷകമാക്കുന്നത്. നമുക്ക് ഉള്ളത് എല്ലാം അവർക്കുമുണ്ട്. വലുതാണെന്ന് തോന്നിപ്പിക്കുന്ന അരിയറ്റിയുടെ ലോകം അക്ഷരാർഥത്തിൽ വളരെ ചെറുതാണ്. ഇതാണ് അരിയറ്റിയുടെ രഹസ്യലോകത്തിന് ഒരു മാന്ത്രികസ്പർശം കൊടുക്കുന്നത്.
സാധാരണ മനുഷ്യന്റെ കൈയ്യകലത്തിലുള്ള വസ്തു പോലും അരിയറ്റിക്ക് വലിയ ദൂരമുള്ളവയാണ്. സിനിമയിലെ പല രംഗങ്ങളും ലോ ആംഗ്ൾ ഷോട്ടിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതാണ് അരിയറ്റിയുടെ ലോകം വലുതായി തോന്നാനുള്ള കാരണം. പ്രധാന കഥാപാത്രമായ അരിയറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പലപ്പോഴും പശ്ചാത്തലം മങ്ങിയ രീതിയിൽ കാണിക്കുന്ന ഷാല്ലോ ഫോക്കസാണ് ഉപയോഗിച്ചിരിക്കുന്നത്. മിനിയേച്ചർ പ്രസ്പെക്റ്റീവിലാണ് സിനിമയിലെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. അരിയറ്റിയെ എങ്ങനെ കാണുന്നു എന്നതിലല്ല അരിയറ്റി എങ്ങനെ ലോകത്തെ കാണുന്നു എന്നതാണ് ഫോക്കസിങ് പോയിന്റ്. മനുഷ്യർ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന സാധാരണ വസ്തുക്കൾ ബോറോവേഴ്സിന് അവരുടെ ലോകത്ത് വലിയ ഉപകരണങ്ങളാണ്. ചെറിയ ആണികൾ ഏണിപ്പടികളാണ്. ഇലക്ട്രിക് വയറുകൾ കയറുകളാണ്. ഒരു ചെറിയ വെള്ളത്തുള്ളി അരിയറ്റിക്ക് ഒരു തടാകത്തിന് സമമാണ്.
കാഴ്ചകൾക്കൊപ്പം സിനിമയുടെ ഡിസൈനിങ്ങിൽ ശബ്ദത്തിനും വലിയ പങ്കുണ്ട്. ശബ്ദങ്ങൾ എല്ലാം ഉച്ചത്തിലാണ്. ഇത് ബോറോവേഴ്സിന്റെ ലോകം എത്രമാത്രം സെൻസിറ്റിവ് ആണെന്ന് കാണിച്ചുതരുന്നു. ധൈര്യശാലിയായ അരിയറ്റിയും ദുർബലനായ ഷോയും തമ്മിലുള്ള സൗഹൃദം ഹൃദയസ്പർശിയാണ്. ഒരു ചെറിയ മനഷ്യന് ചുറ്റുമുള്ള ലോകം എത്ര വലുതാണെന്ന് അരിയറ്റി കാണിച്ച് തരുന്നുണ്ട്. കണ്ടിരിക്കുന്ന ആരെയും അരിയറ്റി കീഴടക്കുമെന്ന് ഉറപ്പാണ്.