അടിമത്തത്തിനും സ്വാതന്ത്ര്യത്തിനും ഇടയിൽ
text_fieldsജയിലിലെ സ്വാതന്ത്ര്യം ഇല്ലാത്ത ദിനങ്ങൾ. ജീവപര്യന്തമാണെങ്കിലും പുറത്തുകടക്കുമെന്ന പ്രതീക്ഷയുള്ളവർ, അല്ലെങ്കിൽ ആ പ്രതീക്ഷക്ക് പോലും സാധ്യതയില്ലാത്തവർ, പുറത്തിറങ്ങിയാലും ചെയ്ത കുറ്റത്തിന്റെ ഇരട്ടി ചെയ്യാൻ മനസ്സിലെ പകക്ക് മൂർച്ച കൂട്ടുന്നവർ അങ്ങനെ വ്യത്യസ്ത സ്വഭാവമുള്ള എത്രപേർ...
1947ലാണ് കഥ ആരംഭിക്കുന്നത്. ഷോഷാങ്ക് ജയിലിലേക്ക് പുതിയ ആളുകൾ വരുന്നു. ആൻഡി ഡുഫ്രെയ്ൻ (ടിം റോബിൻസ്) എന്ന ബാങ്ക് മാനേജർ, തന്റെ ഭാര്യയെയും അവളുടെ കാമുകനെയും കൊലപ്പെടുത്തിയ കുറ്റം ചുമത്തപ്പെട്ട് ഷോഷാങ്ക് ജയിലിലേക്ക് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കാൻ എത്തുന്നു. ആൻഡിക്ക് അവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകുന്നില്ല. എന്നാൽ, റെഡ് എന്ന സഹതടവുകാരനുമായി ആൻഡി ചങ്ങാത്തത്തിലാകുന്നു. ആൻഡിയുടെയും റെഡ്ഡിന്റെയും സൗഹൃദമാണ് തുടർന്നുള്ള സിനിമ.
സ്റ്റീഫൻ കിങ്ങിന്റെ റീറ്റ ഹേയ്വർത്ത് ആൻഡ് ഷോഷാങ്ക് റിഡംപ്ഷൻ എന്ന ഹ്രസ്വ നോവലിനെ ആസ്പദമാക്കി ഫ്രാങ്ക് ഡറബോണ്ട് സംവിധാനം ചെയ്ത ചിത്രമാണ് ‘ദ ഷോഷാങ്ക് റിഡംപ്ഷൻ’. ഫ്രാങ്ക് ഡരബോണ്ടിന്റെ കംപോസ്ഡ് സംവിധാനത്തോടൊപ്പം ടിം റോബിൻസും മോർഗൻ ഫ്രീമാനും നൽകിയ പ്രകടനം അസാധാരണമാണ്. സിനിമകളിൽ ജയിൽ കഥകൾക്ക് ഒരു ഹൈപ്പ് ഉണ്ട്. ജയിൽ ജീവിതങ്ങളും ജയിൽ ചാട്ടങ്ങളും എത്ര സ്ലോ ബേസിലുള്ള സിനിമയെയും ആസ്വാദ്യകരമാക്കുന്നു.
എന്നാൽ, ഷോഷാങ്ക് റിഡംപ്ഷൻ ഒരു പടി മേലെ നിൽക്കുന്ന ചിത്രമാണ്. വേണ്ടത്ര ജനപ്രീതി നേടാൻ ചിത്രത്തിന് തുടക്കകാലത്ത് സാധിച്ചില്ല. പിന്നീട് ഏഴ് ഓസ്കര് നോമിനേഷനുകള്‍ ചിത്രത്തിന് ലഭിച്ചപ്പോഴായിരുന്നു പലരും സിനിമയെക്കുറിച്ച് അറിയുന്നത്. വര്‍ഷങ്ങളായി ഐ.എം.ഡി.ബി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് ഈ ചിത്രം തുടരുകയാണ്. റോജര്‍ ഡീക്കിങ്ങ്സിന്റെ ഛായാഗ്രഹണവും തോമസ് ന്യൂമാന്റെ സംഗീത സംവിധാനവും കഥയുടെ മൂഡിനെ നിലനിർത്താൻ സഹായിക്കുന്നു. സിനിമ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി തുടരുന്നതിന് പല കാരണങ്ങളുണ്ട്. അതില്‍ ജയിലിനകത്ത് പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുന്ന ആന്‍ഡിയുടെയും റെഡിന്റെയും സംഭാഷണങ്ങളാണ്.