ആ കറുത്ത രൂപങ്ങൾ
text_fieldsകാലത്തിനനുസരിച്ച് സിനിമകൾക്കും സിനിമയെടുക്കുന്ന രീതികൾക്കും വ്യത്യാസങ്ങളുണ്ടാകും. ഹൊറർ വിഭാഗം സിനിമകളിലും ഈ മാറ്റമുണ്ട്. പ്രേക്ഷകർക്ക് താൽപര്യമുണ്ട് എന്നതും ബോറടി കൂടാതെ കണ്ടിരിക്കാമെന്നതും ഈ വിഭാഗം സിനിമകളുടെ വിജയത്തിൽനിന്ന് ബോധ്യമാകും. അത്തരത്തിൽ അടുത്തിടെ ഇറങ്ങി പ്രേക്ഷകശ്രദ്ധ നേടിയ ഇംഗ്ലീഷ് ചിത്രമാണ് ‘ടുഗതർ’ (Together). പ്രേത സിനിമ എന്ന ഗണത്തിൽ പെടുത്തുന്നതിനപ്പുറം നിഗൂഢതയും സൈക്കോളജിയും ഫാന്റസിയും ഉൾച്ചേർന്ന ചിത്രമായി ഇതിനെ സമീപിക്കാം. മാനുഷികബന്ധങ്ങളിലെ ടോക്സിസിറ്റി (toxicity) എത്ര അപകടവും ഭീകരവുമാണെന്ന് ഇതിൽ അടിവരയിടുന്നു.
ആസ്ട്രേലിയൻ സംവിധായകൻ മൈക്കൽ ഷാങ്ക്സ് ആദ്യമായി സംവിധാനം ചെയ്ത സൂപ്പർ നാച്ചുറൽ ബോഡി ഹൊറർ ചിത്രം ‘ടുഗതർ’ ഈ വർഷം ആദ്യമാണ് പുറത്തിറങ്ങിയത്. നിലവിൽ ചിത്രം ആമസോൺ പ്രൈമിൽ ലഭ്യമാണ്. നവദമ്പതികളായ മില്ലി (അലിസൺ ബ്രീ), ടിം (ഡേവ് ഫ്രാങ്കോ) എന്നിവരെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. പ്രണയ കാലത്തിനുശേഷം പുതുജീവിതം തുടങ്ങാനുള്ള ആഗ്രഹത്തോടെ നഗരത്തിൽനിന്ന് ഗ്രാമീണതയുള്ള പട്ടണത്തിലേക്ക് അവർ താമസം മാറ്റുകയാണ്. അവിടെ വെച്ച് അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയിൽ. ആനന്ദത്തോടെ ചലിച്ചുതുടങ്ങുന്ന ദൃശ്യങ്ങൾ പതിയെ മാനുഷിക ഭീകരതയുടെ മൂടുപടമണിയുമ്പോൾ പ്രേക്ഷകർക്കുള്ളിൽ ഭയത്തിന്റെ കറുത്ത രൂപം തെളിയുന്നു. ശാരീരികമായ ഭീകരത, അത് സൃഷ്ടിക്കുന്ന മാനുഷിക വിള്ളലുകൾ എന്നിവയാണ് സിനിമയുടെ ആകത്തുക.
തന്റെ ഉള്ളിലുള്ള സംഗീതവാസനയെ പൊടിതട്ടിയെടുത്ത് അതിന്റെ ഉയർച്ചയിലേക്കെത്താൻ സ്വപ്രയത്നം നടത്താൻ ശ്രമിക്കുകയാണ് നായകൻ. എന്നാൽ, ഭാര്യ മില്ലി (അലിസൺ ബ്രീ) ഒരു അധ്യാപന ജോലിയിലേക്ക് തിരിഞ്ഞ് അവിടെ സ്വയാനന്ദം കാണാനാണ് ശ്രമിക്കുന്നത്. ദാമ്പത്യത്തിനിടെയുണ്ടാകുന്ന ചില നിരാശകളെ ലഘൂകരിക്കാൻ ഈ ജോലികൾ അവരെ തടസ്സപ്പെടുത്തുമ്പോൾ അവർ സംഘർഷ സ്വരത്തിലേക്ക് വഴിമാറുന്നുണ്ട്. ഒരു മലകയറ്റത്തിനിടെ ഇരുവരും അഗാധമായ ഗുഹയിലേക്ക് പതിക്കുന്നു.
എങ്ങനെയാണ് ആ വീഴ്ച സംഭവിച്ചതെന്ന് ചിന്തിക്കാൻ ശ്രമിക്കുന്നതിനപ്പുറം തുടർന്ന് അവരിൽ എന്ത് മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്നാണ് പ്രേക്ഷകരെ മുൾമുനയിലാക്കുന്നത്. ടിം ആ ഗുഹയിലെ നീരുറവയിൽനിന്ന് വെള്ളം കുടിക്കുന്നുണ്ട്. അതിനുശേഷം അവരുടെ സ്വതസിദ്ധമായ ജീവിതത്തിന് വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. അവരുടെ ശരീരമിപ്പോൾ കൂടിച്ചേർന്ന അവസ്ഥയിലാണ്, വിട്ടുപോരാൻ സാധിക്കാത്തവിധം. ശരീരങ്ങൾ തമ്മിൽ പറ്റിപ്പിടിച്ച് നിൽക്കുന്ന സ്ഥിതി. പതിയെ ചർമവും അസ്ഥികളും ലയിക്കുന്നതോടെ അവർക്ക് പിന്മാറാനേ സാധിക്കുന്നില്ല.
ഈയൊരവസ്ഥയിൽനിന്ന് എങ്ങനെയെങ്കിലും വിട്ടുപോകണമെന്ന ലക്ഷ്യത്തോടെ അവർ പലതും ചെയ്യുന്നുണ്ട്. അങ്ങനെ ശ്രമിക്കുന്തോറും അവർക്ക് കൂടുതൽ വേദന അനുഭവപ്പെടുന്നു. അതോടെ അവർ ആ ശ്രമങ്ങളെ ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നു. അവസ്ഥ കൂടുതൽ വഷളാകുമ്പോൾ, വൈകാരിക ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന ശാരീരിക അടുപ്പത്തിലേക്കും അവർ വഴിമാറുന്നു. എന്നാൽ, കുഴപ്പം നിറഞ്ഞതും അസ്വസ്ഥതയുണ്ടാക്കുന്നതും പിന്മാറാൻ സാധിക്കാത്തതുമായ അവസ്ഥയിലെത്തുന്നതോടെ ആ അടുപ്പം പതിയെ ഭ്രാന്തമായ ചേഷ്ടകളിലേക്ക് വഴിമാറുകയാണ്. സിനിമ ഇവർക്കൊപ്പം സഞ്ചരിക്കുമ്പോൾതന്നെ ഒരു അയൽക്കാരന്റെ കഥയെയും കൂടെ കാണിക്കുന്നുണ്ട്. അദ്ദേഹത്തിൽനിന്നാണ് പ്രേക്ഷകർക്ക് നിഗൂഢമായൊരു ഉൾക്കാഴ്ച സമ്മാനിക്കുന്നതും സിനിമയെ നാടോടി-ഹൊറർ മേഖലയിലേക്ക് എത്തിക്കുന്നതും.
സിനിമ സയന്റിഫിക് ത്രില്ലർ വിഭാഗത്തിൽ ഉൾച്ചേർന്നതാണെങ്കിലും സയൻസ് ഫിക്ഷൻ ഘടകത്തെ സംവിധായകൻ അമിതമായി കാണിച്ചില്ല എന്നത് പ്രത്യേകം പറയേണ്ടതാണ്. വിചിത്രവും എന്നാൽ സംയമനം പാലിച്ചതുമായ രംഗങ്ങളുടെ സൂക്ഷ്മമായ സന്തുലനം അദ്ദേഹം ഉറപ്പാക്കുന്നുണ്ട്. ഭീകരദൃശ്യങ്ങൾ കൂടുതലുണ്ടെങ്കിലും അത് സിനിമയുടെ സ്വഭാവത്തിന് ഇണങ്ങുന്നതുതന്നെയാണ്. സിനിമയിലെ ചില സീക്വൻസുകൾക്ക് ആവശ്യത്തിലധികം സമയം നീണ്ടുപോയോ എന്ന് തോന്നിപ്പോകാമെങ്കിലും ആ നീളൽ അനിവാര്യതയുള്ളതാണ്.
.


