സൗഹൃദത്തിനൊരു സംഗീത സഞ്ചാരം
text_fieldsകല എന്നതിനപ്പുറം സംഗീതത്തിന് മാന്ത്രികതയും മാസ്മരികതയുമുണ്ടെന്നാണ് പലരും പറയാറുള്ളത്. അത് യാഥാർത്ഥ്യമാണെന്ന് തെളിയിക്കുകയാണീ യുവ സംഗീതജ്ഞൻ. മ്യൂസിക് ഫോർ ഗ്ലോബൽ ഫ്രണ്ട്ഷിപ്, അഥവാ സംഗീതം ആഗോള സൗഹൃദത്തിന് എന്ന തലക്കെട്ടിൽ വ്യത്യസ്തമായൊരു ലോകയാത്രയിലാണ് മലയാളി വയലനിസ്റ്റ് ഫായിസ് മുഹമ്മദ്. കർണാടിക്, പാശ്ചാത്യ സംഗീതത്തിൽ പ്രാവീണ്യമുള്ള ഫായിസ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാംസ്കാരിക പരിപാടികളിലൂടെയും ശ്രദ്ധാകേന്ദ്രമാവുകയാണ്. നിരവധി സിനിമ താരങ്ങളോടും പ്രശസ്ത സംഗീതജ്ഞാരോടുമൊപ്പം വേദി പങ്കിട്ട ഫായിസ് കിട്ടിയ അവസരങ്ങളിലെല്ലാം തന്റെ അസാധ്യ പ്രകടനത്തിലൂടെ സിനിമാ മേഖലയിലുള്ളവരെകൂടി തന്റെ ആരാധകരാക്കി മാറ്റുകയായിരുന്നു. മമ്മൂട്ടി, മോഹൻലാൽ, ബോളിവുഡ് താരം രൺവീർ സിങ്, ധനുഷ്, വിജയ് സേതുപതി, പൃഥ്വിരാജ്, ദുൽഖർ, ടോവിനോ തോമസ് തുടങ്ങിയ നിരവധി സൂപ്പർ താരങ്ങൾ ഫായിസിന്റെ കൈവിരലുകളുടെ മാന്ത്രികത അത്ഭുതത്തോടെ ആസ്വദിച്ചിട്ടുണ്ട്.
സാക്ഷാൽ എ.ആർ റഹ്മാൻ ഈണമിട്ട ഏഷ്യനെറ്റിന്റെ ടൈറ്റിൽ ഗാനം പുനർനിർമ്മിക്കുകയും ഏഷ്യനെറ്റ് അവാർഡ് വേദിയിൽ വൻതാരനിരകൾക്കു മുമ്പിൽ അത് അവതരിപ്പിക്കുകയും ചെയ്തതും വലിയ നേട്ടമായി ഫായിസ് വിലയിരുത്തുന്നു. നിരവധി പുരസ്കാര വേദികളിൽ പരിപാടികൾ അവതരിപ്പിച്ച ഫായിസ് ഇതിനോടകം 15 ഓളം രാജ്യങ്ങളിൽ തന്റെ വയലിനുമേന്തി യാത്ര ചെയ്യുകയും നിരവധി സംഗീത പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ദുബൈ ഗ്ലോബൽ വില്ലേജിൽ 44ലധികം രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരെ പങ്കെടുപ്പിച്ച് നടത്തിയ സംഗീത പരിപാടിയിൽ പങ്കെടുത്തതോടെയാണ് ഫായിസിന്റെ സംഗീതയാത്ര മറ്റൊരു വഴിയിലേക്ക് തിരിയുന്നത്. ആഗോള സൗഹൃദത്തിന്റെ ആവശ്യകതയും സന്ദേശവും ലോകമാകെ പകർന്ന് 100ലധികം രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർക്കൊപ്പം ഒരു ആഗോള സംഗീത കച്ചേരി സംഘടിപ്പിക്കുകയെന്ന വലിയ മോഹവുമായാണ് അദ്ദേഹത്തിന്റെ നിലവിലെ യാത്രകൾ. കഴിഞ്ഞ മൂന്നു വർഷമായി ഈ സ്വപ്നത്തിനു പിന്നാലെയാണ് ഈ യുവ കലാകാരന്റെ യാത്ര.
ഇന്ത്യയുടെ ദേശീയ ഗാനം വലിയ വേദിയിൽ ഒരു ഇസ്താംബുൾ കലാകാരൻ അവതരിപ്പിക്കുന്നതിലെ വ്യത്യസ്ത ആസ്വാദന തലത്തെ സങ്കൽപിച്ചു നോക്കൂ എന്നാണ് ഫായിസ് പറയുന്നത്. ആ ഒരു ആസ്വാദനാനുഭവം എല്ലാ രാജ്യക്കാർക്കും പരസ്പരം പകരാനാകുമെന്നും ഇവിടെ രാജ്യാതർത്തികൾക്ക് തടസ്സമില്ലാതാക്കാൻ തങ്ങൾ കലാകാരൻമാർക്ക് സാധിക്കുമെന്നും ഫായിസ് വിശ്വസിക്കുന്നു. സംഗീതത്തിന് ഭാഷയില്ല, രാജ്യമോ വർണമോ പ്രായമോ സംഗീതാസ്വാദനത്തിന് തടസമല്ല. അതിനാൽ ഈ പരസ്പര കൂടിച്ചേരൽ യുദ്ധം നടക്കുന്ന രാജ്യങ്ങളിലേക്ക് പോലും ആശ്വാസമെത്തിക്കാൻ തങ്ങൾക്ക് സാധിച്ചേക്കാമെന്നാണ് ഫായിസ് പറയുന്നത്. മനുഷ്യന് ദൈവം അനുഗ്രഹിച്ച് നൽകിയ കഴിവാണ് സംഗീതം. അത് ആസ്വദിക്കാനാവുകയെന്നതും ഒരു ദൈവാനുഗ്രഹമാണ്. സംഗീതത്തിന് ഭാഷയില്ലെന്ന് പറയുന്നത് പോലും ആ ആസ്വാദനമെന്ന തലത്തിൽ ചിന്തിക്കുമ്പോഴാണെന്നാണ് ഫായിസിന്റെ പക്ഷം.
യൂറോപ്യൻ രാജ്യങ്ങളിലൂടെയുള്ള സംഗീത യാത്ര ഏറ്റവും ആസ്വാദ്യകരമായി തോന്നുന്ന ഫായിസിന് തെരുവ് സംഗീതജ്ഞരേയും കലാകാരന്മാരേയും വലിയ ഇഷ്ടമാണ്. അവരിലൂടെ വലിയ സാംസ്കാരിക കൈമാറ്റം സാധ്യമാകുന്നുവന്നാണ് അദ്ദേഹം പറയുന്നത്. സംഗീതത്തിന് പ്രത്യേക നിയമങ്ങളില്ലെന്നും ആസ്വാദനത്തിനാവശ്യമായ വഴികളൊരുക്കുന്നതും ആസ്വാദകരുടെ എണ്ണം വർധിപ്പിക്കുന്നതുമാണ് ഒരു സംഗീതജ്ഞന്റെ വിജയമെന്നുമാണ് ഫായിസ് പറഞ്ഞുവെക്കുന്നത്.
ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള കലാകാരന്മാരുടെ പങ്കാളിത്തം, തന്റെ പ്രായം, സംഗീത മേഖലയിലെ തന്നെ വ്യത്യസ്ത മേഖലകൾ എന്നിവയെല്ലാം കണക്കിലെടുത്ത് ലോക റെക്കോർഡിനുള്ള ശ്രമം കൂടിയാണ് ഈ കൂട്ടായ്മയിലൂടെ ഫായിസ് നടത്തുന്നത്.
ഒരു സാംസ്കാരിക പരിപാടിയിൽ ഫായിസിന്റെ വയലിൻ പ്രകടനം കാണാനിടയായ സാംസകാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അദ്ദേഹത്തെ ചേർത്ത് പിടിച്ചു. ഫായിസിന്റെ വീഡിയോ പ്രൊഫൈൽ പ്രകാശനം ചെയ്തതും സാംസ്കാരിക മന്ത്രിയായിരുന്നു.
‘മ്യൂസിക് ഫോർ ഗ്ലോബൽ ഫ്രണ്ട്ഷിപ്’ എന്ന ഫായിസിന്റെ ലക്ഷ്യത്തിനു പിന്തുണയുമായി കേരള സർക്കാർ ഒപ്പമുണ്ടെന്നും മന്ത്രി ഫായിസിന് ഉറപ്പ് നൽകിയിട്ടുണ്ട്. ഈ ഉദ്യമം നടപ്പിലാകുന്നതോടെ ലോകം മുഴുവനുമുള്ള സാംസ്കാരിക കൈമാറ്റത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ ജാലകങ്ങൾകൂടിയാണ് തുറക്കപ്പെടുന്നത്.