Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right'ഓരോ മലയാളിയുടെയും...

'ഓരോ മലയാളിയുടെയും ഉള്ളിലൊരു യേശുദാസുണ്ട്, എക്കാലത്തെയും ഏറ്റവും ഭാഗ്യവാനായ മലയാളി'; ഗാനഗന്ധർവന് ആശംസയുമായി സമദാനി

text_fields
bookmark_border
ഓരോ മലയാളിയുടെയും ഉള്ളിലൊരു യേശുദാസുണ്ട്, എക്കാലത്തെയും ഏറ്റവും ഭാഗ്യവാനായ മലയാളി; ഗാനഗന്ധർവന് ആശംസയുമായി സമദാനി
cancel

തമിഴ്നാട് സർക്കാറിന്റെ എം.എസ് സുബ്ബലക്ഷ്മി പുരസ്കാരം ലഭിച്ച ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന് ആശംസകൾ പങ്കുവെച്ച് എം.പി അബ്ദുസ്സമദ് സമദാനി. യോശുദാസിന് പുരസ്കാരം ലഭിച്ചതിന്‍റെ സന്തോഷവും അഭിമാനവും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. സംഗീത മേഖലക്ക് യേശുദാസ് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം.

അബ്ദുസ്സമദ് സമദാനിയുടെ പോസ്റ്റ്

മലയാളികളുടെ സമകാലിക സംഗീതത്തിന്റെ സാർവഭൗമൻ ഡോ. കെ.ജെ.യേശുദാസിന് തമിഴ്നാട് സർക്കാറിന്റെ എം.എസ് സുബ്ബലക്ഷ്മി പുരസ്കാരം ലഭിച്ചത് എല്ലാവരെയും ആഹ്ലാദിപ്പിക്കുകയും അഭിമാനം കൊള്ളിപ്പിക്കുകയും ചെയ്യുന്നു. സങ്കൽപ്പവികല്പങ്ങൾക്കപ്പുറത്താണ് യേശുദാസ് എന്ന അനന്യസാധാരണ വ്യക്തിത്വം. നമ്മുടെ കാലഘട്ടത്തിൻ്റെ ഒറ്റക്കമ്പിനാദം.

പാടാത്ത വീണയും പാടും; എന്നാൽ ഇന്നോളം ഒരു വീണയും മീട്ടാത്ത അത്ഭുത രാഗമാകുന്നു യേശുദാസ്‌. യേശുദാസ് എന്ന തംബുരു. കാലത്തിൻ്റെ തളിരംഗുലി അതിലൊന്നു തൊട്ടു. അതോടെ കണക്കറ്റ കരളുകൾ കുളിർച്ചൂടിനിന്നു. ജനസഞ്ചയങ്ങളുടെ ആ രോമാഞ്ചത്തിൽ കാലം പോലും തരിച്ചുപോയി.

ഒരേസമയം അപൂർവരാഗവും രാഗാതീതവുമാണ് യേശുദാസിന്‍റെ സംഗീതസാന്ദ്രമായ വ്യക്തിസത്ത. താളനിബദ്ധമാണ് അദ്ദേഹത്തിന്റെ ഓരോ സംഗീതച്ചുവടും. പക്ഷെ താളങ്ങൾക്ക് വിധേയമാകാത്ത അതിശയ താളമാകുന്നു യേശുദാസ്. യേശുദാസ് മേളക്കൊഴുപ്പുകളിൽ നിന്ന് അകന്നുനിൽക്കുന്നതായിട്ടാണ് അനുഭവം. എന്നാൽ അദ്ദേഹം സ്വയം തന്നെ മലയാളികളുടെ എക്കാലത്തെയും ഏറ്റവും മധുരതരവും സമൃദ്ധവുമായ മേളക്കൊഴുപ്പാകുന്നു.

ശരീരവും അതിന്റെ ചേഷ്ടകളും കൊണ്ട് ശാരീരത്തെയും അതിൻ്റെ തനിമയെയും തോൽപ്പിക്കുന്ന കാലമാണിത്. എന്നാൽ യേശുദാസ് ഇത്രയുംകാലം പാടിയതും ഇപ്പോഴും പാടിക്കൊണ്ടിരിക്കുന്നതും തന്‍റെ ശാരീരത്തിന്‍റെ ശ്രുതിലയത്തിലും തന്‍റെ സ്വരധാരയുടെ സൗന്ദര്യബലത്തിലുമാണ്. അദ്ദേഹത്തിന് പാടാൻ വേദിയിൽ ആടിത്തിമർക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന്റെ പാട്ട് കേൾക്കുന്നവരും ആഭാസകരമായ ശരീരപ്രകടനങ്ങളിലേക്കല്ല, മഹത്തായൊരു മൗനത്തിലേക്കാണ് ചെന്നെത്തുക. വാക്കുകളുടെ ദിവ്യഗർഭമായിരിക്കുന്ന മൗനമാണ് യേശുദാസിന്റെ സംഗീതം.

എന്നാൽ ഭാവസാന്ദ്രമാണ് യേശുദാസ്ഗീതങ്ങളിലെ ഓരോ വരിയും വാക്കും. ഭക്തിഗാനം പാടുമ്പോൾ ആ സ്വരത്തിൽ ഭക്തിസാന്ദ്രമായ പ്രാർത്ഥനയുണ്ട്. സ്നേഹം പാടുമ്പോഴും അല്ലാത്തപ്പോഴും അദ്ദേഹം സ്നേഹഗായകൻ തന്നെയാണ്. വിരഹവും ദുഃഖവും പാടുമ്പോൾ ആ ഹൃദയത്തിൽ നിന്ന് കദനം പ്രവഹിക്കുകയാണ്. യേശുദാസിന്റെ ഏറ്റവും നല്ല ആലാപനങ്ങൾ ഒരു പക്ഷെ അദ്ദേഹത്തിന്‍റെ ശോകഗാനങ്ങളായിരിക്കും.

ശ്രോതാവിലേക്ക് മനുഷ്യവികാരങ്ങൾ പകരുന്ന, ജീവിതവികാരങ്ങളുടെ ശേഖരമാണ് യേശുദാസ്. തൻ്റെ ഹൃദ്രക്തത്തിൽ നിന്നാണ് അദ്ദേഹം പാടുന്നത്. ഓരോ വാക്കിനും നാഡി ഞരമ്പുകളുണ്ടെന്നും അതിലൂടെയെല്ലാം ചോരയൊഴുകുന്നുണ്ടെന്നും നമുക്ക് മനസ്സിലാക്കിത്തന്ന കലാകാരനാണ് യേശുദാസ്.

യേശുദാസിന്റെ സ്വരം കണ്ഠത്തിൽ നിന്നല്ല, നാദം നാഭിയിൽ നിന്നുമല്ല, ശ്രുതി ശ്വാസത്തിൽ നിന്നുമല്ല ഉയരുന്നത്. എല്ലാം ആ ഹൃദയത്തിൽ നിന്നാണ്. ഹൃദന്തത്തിൽ നിന്ന് ദിഗന്തങ്ങളിലേക്ക് ആ സ്വരസുഗന്ധം പരന്നുകൊണ്ടേയിരിക്കുന്നു. 'എനിക്ക് സംഗീതോപകരണങ്ങൾ വേണ്ട. അതൊന്നുമില്ലാതെ എനിക്ക് പാടണം എന്നു പറയാൻ കഴിയുന്നവരാണ് ഏറ്റവും വലിയ ഗായകർ' എന്നു പറഞ്ഞ വലിയൊരു സംഗീതജ്ഞനെ ഓർമ്മ വരുന്നു. സംഗീതോപകരണങ്ങൾ യേശുദാസിന്റെ സ്വരധാരയെ അനുധാവനം ചെയ്യുകയാണ്, അതിനെ ആവരണം ചെയ്യുന്നില്ല. അകമ്പടിസംഗീതമായി അനുഗമിക്കുകയാണ്, അല്ലാതെ സ്വരം വാദ്യമേളത്തിൽ ലയിക്കുകയല്ല.

യേശുദാസിന്റെ സ്വരം ഒരു ഉപകരണത്തെയും ഉപാധിയാക്കുന്നില്ല. ജനലക്ഷങ്ങൾ ശ്രവിക്കുകയും അവരെ വശീകരിക്കുകയും ചെയ്ത ശ്രുതിലയമാണ് യേശുദാസ്. ആ ശ്രുതിയിൽ ഔഷധവും ഭൈഷജ്യവുമുണ്ട്. അതിനാൽ അത് സുശ്രുതസ്പർശത്താൽ ഹൃദയസഞ്ജീവനിയായിത്തീർന്നിരിക്കുന്നു.

പരസഹസ്രം ഗാനങ്ങൾ പ്രഭവംകൊണ്ട സ്വരസാഗരവും സ്വയം തന്നെ ഗാനവും ജനസമൂഹത്തിന്റെ ഗാനശാലയുമാണ് യേശുദാസ്.

യേശുദാസിന്റെ സ്വരസുധയെക്കുറിച്ചന്തു പറയാൻ! ആകാശത്തുനിന്നു മുഴങ്ങുന്ന അശരീരി പോലെ. ആത്മാവിന്റെ ആഴങ്ങളിൽ നിന്നുയരുന്ന ആത്മസ്വരം പോലെയും.

യേശുദാസ് മലയാളിയുടെ ആഘോഷമാണ്; അവരുടെ ഓണത്തിൻ്റെ, വിഷുവിന്റെ, വല്യപെരുന്നാളിന്റെ, ക്രിസ്തുമസിന്റെ... അവരുടെ പുഴകളുടെ, മരങ്ങളുടെ, പൂക്കളുടെ... കേരളത്തിൻ്റെ തന്നെ ഉത്സവമാണദ്ദേഹം. കേരളത്തിൻ്റെ കേളികൊട്ട് ആ സ്വരധാരയിലൂടെയാണ് ഏറ്റവും സുന്ദരമായി മുഴങ്ങിക്കേട്ടത്, കേളീകദംബം പൂക്കുന്ന കേരകേളി സദനമായിരിക്കുന്ന കേരളത്തിൻ്റെ.

എല്ലാവരും യേശുദാസിനെ ഇമ്പത്തോടെ കേൾക്കുന്നു, സകല സമുദായങ്ങളും കക്ഷികളും ജനവിഭാഗങ്ങളും. ആ സ്വരത്തിൽ എല്ലാവരും സംഗമിക്കുന്നു. ഭേദങ്ങളില്ലാതെ എല്ലാവരെയും ആ നാദധാര കൂട്ടി യോജിപ്പിക്കുന്നു. സ്വരസംഗമത്തിലൊരു ജനസംഗമം.

അതുപോലെ വിവിധ തലമുറകളെ ബന്ധിപ്പിക്കുന്ന സ്വരങ്ങളുടെ സുവർണ്ണ കണ്ണിയാണദ്ദേഹം. അച്ഛൻ്റെയും അമ്മയുടെയും അപ്പൂപ്പൻ്റെയും അമ്മൂമ്മയുടെയും ഭാര്യാഭർത്താക്കളുടെയും ആങ്ങളപെങ്ങന്മാരുടെയും മക്കളുടെയും പേരമക്കളുടെയും ഗായകനാകുന്നു അദ്ദേഹം. നമ്മുടെ സ്നേഹഗായകൻ. ഓരോ മലയാളിയുടെയും ഉള്ളിലൊരു യേശുദാസുണ്ട്. മൂളിപ്പാട്ടിലൂടെയെങ്കിലും മലയാളി അദ്ദേഹത്തിൻ്റെ ശീലുകളെ അനുകരിച്ചുകൊണ്ടേയിരിക്കുന്നു.

ആ മഹൽ സാന്നിധ്യത്തിൽ അനുഭവിച്ച മഹിമയാർന്ന നിമിഷങ്ങളുടെ ഓർമ്മകൾ പോലും സുഗന്ധദായിയാണ്. ആ ആലിംഗനത്തിന്റെ സ്നേഹസ്പർശം ഏറെ ആഹ്ലാദകരമാണ്. കഴിഞ്ഞൊരു ദിവസം യേശുദാസുമായി ഫോണിൽ സംസാരിച്ചു. അമേരിക്കയിലുള്ള അദ്ദേഹവുമായി സംവദിക്കാൻ ഇവിടെ ഏറെക്കുറെ അർദ്ധരാത്രിയാവണം. ഒരു മണിക്കൂർ നീണ്ടുനിന്ന മൊഴിമഴ. ദാർശനികം, ആത്മീയം, കലാപരം, സംഗീതസംബന്ധം, സാമൂഹികം... എന്തൊക്കെ വിഷയങ്ങൾ! മലയാളികളുടെ പാതിരാവുകളെ പൗർണമിയാക്കിയ ആ സ്നേഹസാന്നിദ്ധ്യം എൻ്റെ ആ രാത്രിയെയും പ്രകാശവത്താക്കിയത് സ്വാഭാവികം.

സംഭാഷണത്തിനിടയിൽ ഫോണിൽ പേരക്കുട്ടിയുടെ മൃദുസ്വരവും കേട്ടു. പൊന്നുമോൻ്റെ കിളിക്കൊഞ്ചലും അങ്ങ് ദൂരെ അമേരിക്കയിൽ നിന്ന് എന്നെ കേൾപ്പിച്ചു. താരാജാലം നിറഞ്ഞ രജനികളെ ഹൃദയാവർജ്ജകമായ താരാട്ടുപാട്ടുകൾ കൊണ്ട് ഉണർത്തിയ, ഇരവുകളുടെയും പകലുകളുടെയും ഗാനം. നിനവിലും കനവിലും നാം കേൾക്കുന്ന ഹൃദയഗീതം. നമ്മുടെ ഉറക്കുപാട്ടും ഉണർത്തുപാട്ടും യേശുദാസ് തന്നെയാകുന്നു.

ഹിന്ദിയിൽ പാടിയപ്പോൾ അദ്ദേഹം ഉത്തരേന്ത്യയിലെ ആസ്വാദകരെ മാത്രമല്ല സംഗീതജ്ഞരെയും വിസ്മയിപ്പിച്ചു. " കാ കരൂം സജ്നീ..." പലരുമത് പാടിയിട്ടുണ്ട്, പ്രശസ്തരായ ഹിന്ദുസ്താനീ സംഗീതജ്ഞരും ഗസൽ ഗായകരുമടക്കം. എന്നിട്ടും അതിന്റെ ആലാപനത്തിൽ മലയാളത്തിന്റെ യേശുദാസ് അവരെയെല്ലാം പിറകിലാക്കി.

അതുപോലെ കർണാടക സംഗീതത്തിലും. എത്രയോ രാഗങ്ങൾ, കീർത്തനങ്ങൾ. ശാസ്ത്രനിബദ്ധമായ സംഗീതത്തിലെ പരീക്ഷണഘട്ടങ്ങൾ, യേശുദാസിന്റെ വിജയരഥ്യകൾ. "എന്ദരോ മഹാനുഭാവുലു... " പ്രമുഖ സംഗീതവിദ്വാന്മാരുടെ മനോധർമ്മവ്യവഹാരങ്ങൾക്ക് വിധേയമായ ത്യാഗരാജരചന. പക്ഷെ എന്നിട്ടും ദാസേട്ടൻ്റേത് വേറിട്ട് നിൽക്കുന്നു. വിശ്വസംഗീതസാഗരത്തിലെ വിവിധങ്ങളായ അടിയൊഴുക്കുകളിലൂടെ ഒഴുകുകയും നീന്തിത്തുടിക്കുകയും ചെയ്തിട്ടും നാം മലയാളികളുടെ സ്വന്തമായി മറ്റാരുണ്ടിങ്ങനെ?

സംഗീതത്തിലെ ആലാപനത്തിൽ മാത്രമല്ല അതിൻ്റെ വ്യുൽപ്പത്തിയിലും അഗ്രിമസ്ഥാനത്ത് നിലകൊള്ളുമ്പോഴും താൻ ഇപ്പോഴും ഒരു വിദ്യാർത്ഥിയായി അതിനെ അന്വേഷിക്കുകയാണെന്ന് പറയാൻ മടി കാണിക്കാത്തവിധം വിനയാന്വിതനായ യേശുദാസ് തന്റെ സംഗീത ദിഗ്വിജയം നിർവ്വിഘ്നം, അനുസ്യൂതം, അഭംഗുരം നിർവ്വഹിച്ചേ പോകുന്നു. മലയാളികളുടെ അഭിമാനമാണ്, അവർക്ക് നിയതി ഏകിയ സമ്മാനമാണ് യേശുദാസ്!

എല്ലാം അതിൻ്റെ പാട്ടിന് വിട്ട് ആ പാട്ട് തുടർന്നേ പോകും. കാരണം യേശുദാസിൻ്റേത് കേവലം കലയല്ല, അനശ്വരമായ കലയാണ്. കാലപ്രവാഹത്തിലെ ദിനരാത്ര ചംക്രമണങ്ങൾക്കിടയിൽ ശാശ്വതികത്വത്തിന്റെ മുദ്ര ചാർത്തപ്പെട്ട് സാർവകാലികതയുടെയും ദേശാന്തരങ്ങളെ ഉണർത്തിവിട്ട് സാർവ്വലൗകികതയുടെയും കീർത്തി നേടിയ ഈ സ്വരവിന്യാസവും അതിൻ്റെ ലാവണ്യവിസ്താരങ്ങളും ഒരു മലയാളി എന്ന നിലയിൽ എൻ്റെയുംകൂടി സൗഭാഗ്യമാകുന്നു.

അഭിവന്ദ്യനായ ശ്രീ കെ.ആർ നാരായണൻ രാഷ്ട്രപതിയായിരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ ക്ഷണപ്രകാരം പ്രാതലിന് ക്ഷണിക്കപ്പെട്ട എംപിമാരുടെ കൂട്ടത്തിൽ ബഹുമാന്യ സുഹൃത്ത് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന്റെ കൂടെ രാഷ്ട്രപതി ഭവനിലേക്ക് പോവുകയായിരുന്നു. മഹാൻ എന്ന് എല്ലാ അർത്ഥത്തിലും വിശേഷിപ്പിക്കപ്പെടാവുന്ന മനുഷ്യനായി തോന്നിയിട്ടുള്ള കെ.ആർ നാരായണന്റെ ഈ സ്ഥാനലബ്ധി സ്വാഭാവികമായും മലയാളക്കരയെയാകെ അഭിമാനം കൊള്ളിച്ചിരുന്ന കാലമായിരുന്നു അത്.

സംഭാഷണത്തിനിടയിൽ പ്രിയപ്പെട്ട മുല്ലപ്പള്ളി എന്നോടു പറഞ്ഞു: "കെ.ആർ നാരായണൻ ആയിരിക്കും അല്ലേ ഇക്കാലത്തെ ഏറ്റവും ഭാഗ്യവാനായ മലയാളി?". ഞാൻ പറഞ്ഞു: "ശരിയാണ്. അദ്ദേഹം ഇതിനെല്ലാം അർഹനുമാണ്. പക്ഷെ എക്കാലത്തെയും ഏറ്റവും ഭാഗ്യവാനായ ഒരു മലയാളിയുണ്ട് ". അത് ആരാണെന്നായി മുല്ലപ്പള്ളി രാമചന്ദ്രൻ. ഞാൻ പറഞ്ഞു: "യേശുദാസ് ".

Show Full Article
TAGS:KJ Yesudas MP Abdussamad Samadani MS Subbulakshmi Award Entertainment News social media post 
News Summary - Abdussamad Samadani wishes kj yesudas
Next Story