Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഅരിജിത്തിന് പിന്നാലെ...

അരിജിത്തിന് പിന്നാലെ പ്രീതവും; വിടവാങ്ങൽ സൂചന നൽകി സംഗീത സംവിധായകൻ

text_fields
bookmark_border
അരിജിത്തിന് പിന്നാലെ പ്രീതവും; വിടവാങ്ങൽ സൂചന നൽകി സംഗീത സംവിധായകൻ
cancel

മുംബൈ: പ്രശസ്ത ഗായകൻ അരിജിത് സിങ് പിന്നണി ഗാനരംഗത്തുനിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ബോളിവുഡ് സംഗീത സംവിധായകൻ പ്രീതവും സമാനമായ സൂചന നൽകിയിരിക്കുകയാണ്. തന്റെ ജന്മദിനത്തോടനുബന്ധിച്ച് പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പിലൂടെയാണ് മെയിൻസ്ട്രീം സിനിമയിൽ നിന്ന് ചെറിയൊരു ഇടവേളയെടുക്കാൻ തീരുമാനിച്ച കാര്യം അദ്ദേഹം അറിയിച്ചത്.

തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കുവെച്ച ചിത്രങ്ങൾക്കൊപ്പം ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്ന് പ്രീതം കുറിച്ചു. കഴിഞ്ഞ കുറച്ചു കാലമായി മാറ്റിവെച്ച ചില സ്വപ്നങ്ങളും പുതിയ യാത്രകളും തേടി പോകാൻ സമയമായി. മെയിൻസ്ട്രീം സംഗീത ജീവിതം മികച്ച ഒരു യാത്രയായിരുന്നു. എന്നാൽ എപ്പോഴും പര്യവേക്ഷണം ചെയ്യപ്പെടാത്ത വഴികളോട് എനിക്കൊരു പ്രത്യേക കൗതുകമുണ്ടെന്ന് അദ്ദേഹം കുറിച്ചു.

പ്രീതത്തിന്റെ ഈ പോസ്റ്റ് വൈറലായതോടെ അദ്ദേഹം സംഗീത രംഗത്ത് നിന്ന് വിരമിക്കുകയാണോ എന്ന ആശങ്കയിലാണ് ആരാധകർ. ഇക്കഴിഞ്ഞ ജനുവരിയിലാണ് അരിജിത് സിങ് പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. കേസരിയ, തെരേ ഹാവാലെ തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങൾ ഈ ജോഡിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. വിരമിക്കലിനെക്കുറിച്ച് തങ്ങൾ നേരത്തെ സംസാരിച്ചിരുന്നതായി പ്രീതം വെളിപ്പെടുത്തി. ഞാൻ വിരമിക്കുന്ന ദിവസം നീയും വിരമിക്കണമെന്ന് ഞാൻ അരിജിത്തിനോട് പറഞ്ഞിരുന്നു. ഞാൻ അത് തമാശയായി പറഞ്ഞതാണെങ്കിലും തൊട്ടടുത്ത ദിവസം തന്നെ അവൻ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു. ശേഷം എന്നെ വിളിച്ച് നിങ്ങളെക്കൊണ്ട് അത് സാധിക്കില്ല എന്ന് പരിഹസിക്കുകയും ചെയ്തുവെന്ന് പ്രീതം പറഞ്ഞു

ഇത് പൂർണ്ണമായ വിരമിക്കലല്ലെന്നും കേവലം ഒരു ഇടവേള മാത്രമാണെന്നുമാണ് പ്രീതം വ്യക്തമാക്കുന്നത്. തന്നെ സംബന്ധിച്ചിടത്തോളം ഒരു കലാകാരനും പൂർണ്ണമായി വിരമിക്കുന്നില്ലെന്നും ജീവിതത്തിലെ മറ്റ് തിരക്കുകൾക്കും യാത്രകൾക്കുമായി കുറച്ചുസമയം മാറ്റിവെക്കുകയാണെന്നുമാണ് അദ്ദേഹം നൽകുന്ന സൂചന.

Show Full Article
TAGS:Arijit Singh Pritam music director entertainment 
News Summary - After Arijit, Pritam also leaves; Music director hints at his departure
Next Story