45 മിനിറ്റില്‍ ടിക്കറ്റുകൾ മുഴുവൻ വിറ്റുപോയി; അനിരുദ്ധിന്റെ സംഗീത പരിപാടി മാറ്റിവെച്ചു
text_fieldsഗായകനും സംഗീതസംവിധായകനുമായ അനിരുദ്ധ് രവിചന്ദറിന്റെ ചെന്നൈയിലെ സംഗീത പരിപാടി മാറ്റിവെച്ചു. ടിക്കറ്റുകളുടെ അമിത ആവശ്യം മൂലമാണ് സംഗീത പരിപാടി മാറ്റിവെച്ചതെന്ന് അധികൃതർ പറയുന്നു. ജൂലൈ 26 നായിരുന്നു പരിപാടി നടത്താൻ തീരുമാനിച്ചത്.
മൂന്ന് വര്‍ഷത്തിന് ശേഷമാണ് അനിരുദ്ധ് ചെന്നൈയില്‍ ഒരു മ്യൂസിക് ഷോ നടത്തുന്നത്. 'ഹുക്കും' എന്ന പേരിലാണ് പരിപാടി. രജനീകാന്ത് നായകനായ 'ജയിലറി'ലെ പാട്ടില്‍നിന്നാണ് പേരിട്ടിരിക്കുന്നത്. 'ജയിലറി'ന്റെ രണ്ടാംഭാഗം പുറത്തിറങ്ങാനിരിക്കെയാണ് പരിപാടി. നാലു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിപാടിക്ക് 1,600 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. തിരുവിടന്തൈ നിത്യകല്യാണ പെരുമാള്‍ ക്ഷേത്ര ഗ്രൗണ്ടാണ് വേദി. ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് 45 മിനിറ്റില്‍ തന്നെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയെന്ന് അറിയിച്ച് അനിരുദ്ധ് കഴിഞ്ഞദിവസം പോസ്റ്റ് പങ്കുവെച്ചിരുന്നു.
ടിക്കറ്റിന്‍റെ ആവശ്യവും നിലവിൽ പരിപാടി നടത്താൻ ഉദ്ദേശിച്ച സ്ഥലത്ത് കൂടുതൽ ഉൾക്കൊള്ളിക്കാനുള്ള സ്ഥലപരിമിധിയും കാരണം ജൂലൈ 26 ന് തിരുവിടന്തൈയിൽ നടക്കാനിരുന്ന ഹുക്കും ചെന്നൈ സംഗീതക്കച്ചേരി മാറ്റിവെച്ചിരിക്കുന്നു. ഇൻസ്റ്റാഗ്രാമിലൂടെയാണ് അനിരുദ്ധ് ഷോ മാറ്റിവെച്ചതായി പ്രഖ്യാപിച്ചത്. നിങ്ങളുടെ സ്നേഹത്തിനും ക്ഷമക്കും വളരെ നന്ദി. ഞങ്ങൾ ഉടൻ തന്നെ തിരിച്ചുവരും. ഉച്ചത്തിൽ! അനിരുദ്ധ് കൂട്ടിച്ചേർത്തു.
വലിയ വേദി ഉറപ്പാക്കാൻ സംഘാടകർ പ്രവർത്തിക്കുന്നുണ്ടെന്ന് അനിരുദ്ധ് പറഞ്ഞു. പുതിയ വേദിയും തിയതിയും പിന്നീട് അറിയിക്കും. ആരാധകർ നിരാശ പ്രകടിപ്പിച്ചെങ്കിലും എല്ലാ ടിക്കറ്റ് ഉടമകൾക്കും 7–10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അവരുടെ പേയ്‌മെന്റ് ലഭിക്കുമെന്നും അനിരുദ്ധ് ഉറപ്പ് നൽകി.