'അദ്ദേഹത്തിനൊപ്പം ഞാൻ സംഗീതം ചെയ്യുമെന്ന് ആരാണ് വിചാരിച്ചത്? എല്ലാം നന്നായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു' -എ.ആർ. റഹ്മാൻ പറയുന്നു
text_fieldsഇന്ത്യയിൽ ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും ചെലവേറിയ ചിത്രമാണ് നിതേഷ് തിവാരിയുടെ രാമായണ. രൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജർമ്മൻ സംഗീതഞ്ജൻ ഹാൻസ് സിമ്മറും എ. ആർ. റഹ്മാനുമാണ് സംഗീതസംവിധായകർ. ഇപ്പോഴിതാ, കണക്ട് സിനിക്ക് നൽകിയ അഭിമുഖത്തിൽ ഹാൻസ് സിമ്മറിനൊപ്പം പ്രവർത്തിക്കാനായതിനെ കുറിച്ച് സംസാരിക്കുകയാണ് എ.ആർ. റഹ്മാൻ.
ഇന്ത്യയിൽ സിനിമ നിർമിക്കുന്ന രീതിയും സംഗീതം രചിക്കുന്ന രീതിയും വളരെയധികം മാറിയതിൽ റഹ്മാൻ സന്തോഷം പ്രകടിപ്പിച്ചു. 'ഏറ്റവും വലിയ സിനിമകളിൽ ഒന്നായ രാമായണം പോലുള്ള ഒരു പ്രോജക്റ്റിൽ ഹാൻസ് സിമ്മറിനൊപ്പം ഞാൻ സംഗീതം ചെയ്യുമെന്ന് ആരാണ് വിചാരിച്ചത്? ഇത് നമ്മുടെ ഇന്ത്യൻ സംസ്കാരമാണ്, ആ പ്രോജക്റ്റിൽ ഞാൻ ശരിക്കും അഭിമാനിക്കുന്നു. എല്ലാം നന്നായി നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' -എ.ആർ. റഹ്മാൻ പറഞ്ഞു.
'ഞങ്ങൾക്ക് ഉണ്ടായിരുന്ന സെഷനുകൾ മികച്ചതായിരുന്നു. ആദ്യ സെഷൻ ലണ്ടനിലായിരുന്നു, രണ്ടാമത്തേത് ലോസ് ഏഞ്ചൽസിലും മൂന്നാമത്തേത് ദുബൈയിലുമായിരുന്നു. ഹാൻസ് എവിടെ യാത്ര ചെയ്താലും അവിടെയും എനിക്ക് ഒരു അടിത്തറ കണ്ടെത്താനാകും. സംസ്കാരത്തെക്കുറിച്ച് അദ്ദേഹത്തിന് ജിജ്ഞാസയുണ്ട്, വിമർശനത്തോട് അദ്ദേഹം തുറന്ന മനസ്സുള്ളവനാണ്' -റഹ്മാൻ വിശദീകരിച്ചു.
ചിത്രത്തിൽ രാമനായി രൺബീറും സീതയായി സായി പല്ലവിയും രാവണനായി യാഷും അഭിനയിക്കുന്നു. വാൽമീകി രാമായണത്തോട് പരമാവധി നീതി പുലർത്തിയാണ് ചിത്രം ഒരുങ്ങുന്നത്. നമിത് മൽഹോത്രയും യാഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് രണ്ട് ഭാഗങ്ങളാണുള്ളത്. ആദ്യ ഭാഗം 2026 ദീപാവലിക്ക് റിലീസ് ചെയ്യും. രണ്ടാം ഭാഗം 2027 ദീപാവലിയിൽ റിലീസ് ചെയ്യും.
രാമായണയിൽ ലക്ഷ്മണനായി രവി ദുബെ, കൈകേയിയായി ലാറ ദത്ത, ഹനുമാനായി സണ്ണി ഡിയോൾ, മണ്ഡോദരിയായി കാജൾ അഗർവാൾ എന്നിവരുൾപ്പെടെ ഒരു മികച്ച താരനിര അണിനിരക്കുന്നുണ്ട്. ഗംഭീര താരനിര, ലോകോത്തര വി.എഫ്.എക്സ് ടീം, അത്യാധുനിക സെറ്റുകൾ തുടങ്ങി വളരെ മികച്ച ക്യാൻവാസിലാണ് രാമായണംഒരുങ്ങുന്നത്.