ആ ട്യൂൺ പ്ലേ ചെയ്ത് കഴിഞ്ഞപ്പോൾ ഞാൻ കരയാൻ തുടങ്ങി; ശാരീരികമായി തളർന്നിരുന്ന അവസ്ഥയിലാണ് വെണ്ണിലവേ വെണ്ണിലവേ എന്ന ഈണം മനസ്സിലേക്ക് എത്തിയത് -എ.ആർ. റഹ്മാൻ
text_fieldsസിനിമയിലെ പല വലിയ വിസ്മയങ്ങളും സംഭവിക്കുന്നത് പ്രതിസന്ധികളുടെ ഘട്ടങ്ങളിലാകാം. എ.ആർ. റഹ്മാന്റെ കാര്യത്തിൽ, 'മിൻസാര കനവ്' എന്ന ചിത്രത്തിലെ വെണ്ണിലവേ വെണ്ണിലവേ എന്ന ഗാനം ഇതിനൊരു വലിയ ഉദാഹരണമാണ്. മനസ്സു തളർന്നിരുന്ന ഒരു കാലഘട്ടത്തിൽ എങ്ങനെയാണ് ഈ മനോഹര ഗാനം ഉണ്ടായതെന്ന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ എ.ആർ. റഹ്മാൻ വെളിപ്പെടുത്തി. നോയിസ് ആൻഡ് ഗ്രെയിൻസ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റഹ്മാൻ ആ നാളുകൾ ഓർത്തെടുത്തത്.
‘എന്റെ ഒരു സിനിമ പരാജയപ്പെട്ട സമയമായിരുന്നു അത്. എല്ലാവരും മാനസികമായി തളർന്നിരുന്ന ഘട്ടം. സംവിധായകൻ രാജീവ് മേനോൻ സിനിമയിലെ ഒരു പ്രധാന രംഗത്തിന് അനുയോജ്യമായ സംഗീതം കണ്ടെത്താൻ കഷ്ടപ്പെടുകയായിരുന്നു. സർഗ്ഗാത്മകമായ വെല്ലുവിളികളും മാനസിക സമ്മർദവും നിറഞ്ഞ ആ സമയത്ത് ഞാൻ വ്രതത്തിലുമായിരുന്നു. ശാരീരികമായി തളർന്നിരുന്ന ആ അവസ്ഥയിലാണ് വെണ്ണിലവേ വെണ്ണിലവേ എന്ന ഈണം മനസ്സിലേക്ക് എത്തിയത്. ആ ട്യൂൺ വന്നപ്പോൾ ഞാനത് പ്ലേ ചെയ്തു, എന്നിട്ട് കരയാൻ തുടങ്ങി. എന്തിനാണ് കരഞ്ഞതെന്ന് ചോദിച്ചാൽ ആ സാഹചര്യം മറികടക്കാൻ ഞാൻ ശ്രമിക്കുകയായിരുന്നു. എനിക്ക് വേണ്ടത് കൃത്യമായി ലഭിച്ചപ്പോഴുള്ള ആശ്വാസമായിരുന്നു അത്’ റഹ്മാൻ പറഞ്ഞു.
സംഗീതരംഗത്ത് അന്നുവരെ അധികം പരീക്ഷിച്ചിട്ടില്ലാത്ത 'ദഫ്' എന്ന വാദ്യോപകരണം ഈ ഗാനത്തിൽ ഞാൻ ധാരാളമായി ഉപയോഗിച്ചു. ഒരു തെരുവു സന്യാസിയുടെ പക്കൽ നിന്നാണ് ആ ദഫ് ലഭിച്ചതെന്നത് മറ്റൊരു പ്രത്യേകതയാണ്. ആരും അതുവരെ അധികം ഉപയോഗിക്കാത്തതുകൊണ്ട് ഞാൻ ദഫ് ധാരാളമായി ഈ പാട്ടിൽ ഉൾപ്പെടുത്തി. ഈ ഗാനം ഒരേസമയം പല വികാരങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. നൃത്തസംവിധായകനും നടനുമായ പ്രഭുദേവ നേരിട്ട വെല്ലുവിളിയെക്കുറിച്ചും റഹ്മാൻ വിവരിച്ചു. ആ ഒറ്റ ഗാനത്തിനുള്ളിൽ പ്രഭുദേവക്ക് ഒരു സന്ദേശം എത്തിക്കേണ്ടതുണ്ട്, അതേസമയം അയാൾ പതറുന്നുണ്ട്, ആവേശഭരിതനാകുന്നുണ്ട്, സ്വയം നിയന്ത്രിക്കാൻ ശ്രമിക്കുന്നുമുണ്ട്. അദ്ദേഹം ഒരു ജീനിയസ് ആണ്. ആത്മവിശ്വാസത്തോടെയും കരുത്തോടെയും ഇത്രയും സങ്കീർണ്ണമായ വികാരങ്ങൾ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അത്ഭുതകരമാണ്. അദ്ദേഹം വലിയൊരു സംവിധായകനാകുമെന്ന് എനിക്ക് അന്നുതന്നെ അറിയാമായിരുന്നു’ റഹ്മാൻ കൂട്ടിച്ചേർത്തു.


