ഒക്ടോബറിൽ ദുബൈയിൽ കലാവർഷം
text_fieldsദുബൈയുടെ ഒാരോ ചലനങ്ങളിലും ലോകോത്തര കലകളുടെ വൈവിധ്യങ്ങളുണ്ട്. മലബാറിന്റെ കോൽക്കളി മുതൽ ഇമാറാത്തിന്റെ അയാലയിലൂടെ അതങ്ങനെ കോമകളിട്ട് നീളുകയാണ്. എത്രയെത്ര വേദികളാണ് കലകളുടെ കുടമാറ്റങ്ങൾക്കായി കാത്തിരിക്കുന്നതെന്ന് അറിയാമോ, എണ്ണണമെങ്കിൽ എണ്ണിക്കോ എന്നൊക്കെ പറയുന്നത് പോലെയാണത്. വേറിട്ട പരിപാടികളുടെ പെരുമഴക്കാലത്തിനാണ് ദുബൈ വേദിയാകുന്നത്. ഒക്ടോബർ മാസത്തിൽ ദുബൈ താമസക്കാർക്കും സന്ദർശകർക്കും ലോകോത്തര വിനോദങ്ങൾ ഉൾക്കൊള്ളുന്ന അവിസ്മരണീയമായ കല അനുഭവങ്ങൾ വാഗ്ദാനം ചെയ്ത് വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിക്കും.
ഒക്ടോബറിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് ദുബൈ കോമഡി ഫെസ്റ്റിവൽ, ഒക്ടോബർ രണ്ട് മുതൽ 12 വരെ എമിറേറ്റിലുടനീളം ഇത് നടക്കും. സ്റ്റാൻഡ്-അപ്പ് കോമഡി ഷോകളും ലൈവ് പോഡ്കാസ്റ്റുകളും ഉൾക്കൊള്ളുന്ന ദുബൈ കോമഡി ഫെസ്റ്റിവൽ 11 ദിവസം ദുബൈ വേദികളെ ചിരിക്കൊണ്ട് പ്രകാശപൂരിതമാക്കും. മോ ആമർ, ഒമിദ് ജാലിലി, ടോം സെഗുര, സാക്കിർ ഖാൻ എന്നിവരുൾപ്പെടെ പ്രമുഖ അന്താരാഷ്ട്ര കോമഡി താരങ്ങൾ ഫെസ്റ്റിവലിൽ പങ്കെടുക്കും.ഇവർക്ക് പുറമേ, നിരവധി ഭാഷകളിലായി വൈവിധ്യമാർന്ന പരിപാടികൾ ചിരിയുത്സവം വാഗ്ദാനം ചെയ്യുന്നു.
ഒക്ടോബർ രണ്ടിന്, കൊക്ക-കോള അരീനയിൽ സമകാലിക സ്റ്റാൻഡ്-അപ്പ് കോമഡിയിലെ ഏറ്റവും പ്രമുഖ വ്യക്തികളിൽ ഒരാളായ ടോം സെഗുറ, ലോകത്തെ കുടുകുടെ ചിരിപ്പിച്ച തന്റെ നർമ്മങ്ങളുടെ ചിറപ്പൊട്ടിക്കും. ഒക്ടോബർ മൂന്ന്, നാല് തീയതികളിൽ ദുബൈ ഓപ്പറയിൽ ഖാലിദ് അൽ മുസാഫർ അഭിനയിക്കുന്ന ‘കിങ് ഓഫ് ദി സ്റ്റേജ്’ എന്ന നാടകം അരങ്ങേറും. ആക്ഷേപഹാസ്യത്തിന്റെയും ധ്യാനത്തിന്റെയും മിശ്രിതമാണ് കഥയുടെ ഇഴകൾ നെയ്തെടുക്കുന്നത്. ഭാവിയിൽ നിന്ന് ഭൂതത്തിലേക്കുള്ള സഞ്ചാരപഥങ്ങളിലെ ചിരികളാണ് ഇവിടെ മുഴങ്ങി കേൾക്കുക.
ഒക്ടോബർ ഏഴിന്, മാൾ ഓഫ് ദി എമിറേറ്റ്സിലെ ന്യൂ കോവന്റ് ഗാർഡൻ ‘സ്റ്റാൻഡ്-അപ്പ് കോമഡി അറ്റ് ഹോം: ദുബൈ സ്റ്റൈൽ’ എന്ന എക്സ്ക്ലൂസീവ് ഏകദിന കോമഡി ഷോ അവതരിപ്പിക്കുന്നു. കോമഡി താരങ്ങളായ എലീന കോർണീവ, റാമീസ് അഖ്മെറ്റോവ്, പ്യോട്ടർ ഗ്രെമിയാക്കിൻ, ആഡെസ് മാമോ, അമൻ ടുലിയുഗെനോവ് എന്നിവർ ചിരിയുടെ വെടിക്കെട്ട് തീർക്കും. ഹാസ്യം, സംഗീതം, ഇംപ്രൊവൈസേഷൻ എന്നിവ സമ്പന്നമായ സാംസ്കാരിക സ്പർശനങ്ങളുമായി സംയോജിപ്പിച്ച് അസാധാരണവും ഊർജ്ജസ്വലവുമായ ഒരു സായാഹ്നം ഈ ഷോ വാഗ്ദാനം ചെയ്യുന്നു. ഈ അതുല്യമായ സംയോജനം പൌരാണികവും ദുബൈയുടെ സാംസ്കാരിക വൈവിധ്യവും സമന്വയിപ്പിക്കുന്ന ഒരു വ്യത്യസ്തമായ ചിരിയനുഭവം സൃഷ്ടിക്കും.
ഒക്ടോബർ ഒൻപതിന്, ദക്ഷിണാഫ്രിക്കൻ ഹാസ്യനടൻ മെസുത് ബൗംഗാർഡ് തന്റെ ജനപ്രിയ കലാരൂപമായ ‘സെൽഫ്-ഹെൽപ്പ് സിങ്’ അവതരിപ്പിക്കും. ‘ദി അൺമോട്ടിവേറ്റഡ് സ്പീക്കർ’ എന്നറിയപ്പെടുന്ന സിങ് സ്റ്റാൻഡ്-അപ്പ് കോമഡി പരിപാടി, യഥാർഥ ജീവിത പാഠങ്ങൾ പരിഹാസരൂപേന പീലിവിടർത്തും. കോമഡി ഫെസ്റ്റിവലിന്റെ ഭാഗമായി, ഒക്ടോബർ ഒൻപതിന് എമിറേറ്റ്സ് മാളിലെ ന്യൂ കോവന്റ് ഗാർഡൻ തിയേറ്ററിൽ ‘ദി ജർമ്മൻ ലാഫർ ക്ലബ്’ എന്ന പ്രത്യേക പ്രകടനം അവതരിപ്പിക്കും. ബെൻ ഇസ്സ ലാംറൂബ, ഖാലിദ് ബൗനൗർ, സലിം സമതു എന്നീ മോമഡി ത്രയങ്ങൾ, വിമർശനാത്മകവും നർമ്മപരവുമായ ശൈലിയിൽ വർത്തമാന കാല ജീവിതം അവതരിപ്പിക്കും.
ഒക്ടോബർ ഒൻപത്, 10 തീയതികളിൽ ദുബൈ ഓപ്പറയിൽ പലസ്തീൻ-അമേരിക്കൻ ഹാസ്യനടനും സ്വന്തം നെറ്റ്ഫ്ലിക്സ് പരമ്പരയായ എം.ഒയിലെ താരവുമായ മോ ആമർ അവതരിക്കും. അഭയാർത്ഥി എന്ന നിലയിലുള്ള തന്റെ യാത്രയെയും കുടുംബജീവിതത്തെയും കുറിച്ചുള്ള വ്യക്തിപരമായ കഥകൾ അദ്ദേഹം പങ്കുവെക്കും. അദ്ദേഹത്തിന്റെ അതുല്യമായ നർമ്മം ഈ ഷോയെ പ്രേക്ഷകർക്ക് അസാധാരണമായ ഒരു അനുഭവമാക്കി മാറ്റും. അവാർഡ് ജേതാവായ ഇന്ത്യൻ സംഗീതസംവിധായകൻ ഇളയരാജ തന്റെ പുതിയ സിംഫണി നമ്പർ ഒന്ന്, വൈലിയന്റ്, ദക്ഷിണേന്ത്യൻ ചാർട്ട്-ടോപ്പിങ് പീസുകൾക്കൊപ്പം ഒക്ടോബർ 18 ന് ദുബൈ ഓപ്പറയിൽ അവതരിക്കും. പ്രശസ്ത അഭിനേതാക്കളായ വിക്ടോറിയ ടോൾസ്റ്റോഗനോവയും മാക്സിം വിറ്റോർഗനും ഒക്ടോബർ 26 ന് സബീൽ തിയേറ്ററിൽ ‘ഔട്ട് ലൗഡ്’ എന്ന പുതിയ നാടക പരിപാടി അവതരിപ്പിക്കും. പിന്നിട്ട ജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിടുന്ന ദമ്പതികളുടെ വികാരഭരിതമായ കഥയാണ് ഈ ഷോ പറയുന്നത്. അൽ വാസൽ ഡോമിന് കീഴിൽ ആറ് മാസം നീണ്ടുനിൽക്കുന്ന സാംസ്കാരിക, വിനോദ, സംഗീത പരിപാടികളുടെയും പ്രകടനങ്ങളുടെയും ഒരു പരമ്പരയായ ‘അൽ വാസൽ സീസൺ’ ഒക്ടോബർ 31 ന് എക്സ്പോ സിറ്റി ദുബൈയിൽ ആരംഭിക്കും.
ബഹുമുഖ പ്രതിഭയും കലാകാരിയുമായ അനിമ ഒക്ടോബർ 31ന് ദുബൈ ഹാർബർ എക്സ്പീരിയൻസിന്റെ രണ്ടാം സീസണിന്റെ ഉദ്ഘാടന ചടങ്ങിൽ തന്റെ നൂതന ഷോ അവതരിപ്പിക്കാനെത്തും. ലോകമാകെ സംഗമിക്കുന്ന ദുബൈയുടെ തണലത്ത് നടക്കുന്ന കലാപരിപാടികളുടെ മുന്നോടിയായി വിളംബരങ്ങളുടെ പരമ്പരകൾ തന്നെ അരങ്ങേറുന്നുണ്ട്. സംഗീതവും തമാശയും സംഗമിക്കുന്ന കലാവർഷം പ്രളയത്തിലേക്ക് നീങ്ങുമെന്നാണ് അധികൃതർ കണക്കാക്കുന്നത്.