Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightആശാ ഭോസ്‌ലെക്ക്...

ആശാ ഭോസ്‌ലെക്ക് വിടനൽകി സംഗീതലോകം; മുംബൈ ശിവാജി പാർക്കിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

text_fields
bookmark_border
Asha Bhosle
cancel
camera_alt

ആശാ ഭോസ്‌ലെ

മുംബൈ: ഇന്ത്യൻ സംഗീത ലോകത്തെ വിസ്മയിപ്പിച്ച നിത്യഹരിത ഗായിക ആശ ഭോസ്‌ലെ (92) ക്ക് വിട നൽകി ഇന്ത്യൻ സംഗീതലോകം. നെഞ്ചിലെ അണുബാധയും ക്ഷീണവും കാരണം ശനിയാഴ്ച വൈകുന്നേരമാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ആശയെ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ച ആശാ ജീവിതത്തോട് വിടപറയുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം മുംബൈയിലെ ശിവാജി പാർക്ക് ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഭൗതികശരീരം സംസ്കരിച്ചു. മകൻ ആനന്ദ് ഭോസ്‌ലെ ചിതയ്ക്ക് തീ കൊളുത്തിയത്.

ലോവർ പരേലിലെ കാസ ഗ്രാൻഡെ വസതിയിൽ പൊതുദർശനത്തിന് വെച്ച ഭൗതികശരീരത്തിൽ രാഷ്ട്രീയ-സിനിമ-സാംസ്കാരിക മേഖലയിലെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രിമാരായ ഏകനാഥ് ഷിൻഡെ, സുനേത്ര പവാർ എന്നിവർ നേരിട്ടെത്തി ആദരമർപ്പിച്ചു. ബോളിവുഡ് താരങ്ങളായ ആമിർ ഖാൻ, വിക്കി കൗശൽ, സംഗീത സംവിധായകൻ അനു മാലിക് തുടങ്ങി നിരവധി പ്രമുഖർ പ്രിയ ഗായികയെ യാത്രയാക്കാൻ ശിവാജി പാർക്കിലെത്തിയിരുന്നു.

ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായിക എന്ന ഗിന്നസ് ലോക റെക്കോർഡും ആശാ ഭോസ്‌ലെയുടെ പേരിലുണ്ട്. 1943ൽ, പത്താം വയസ്സിൽ മറാത്തി ചിത്രമായ 'മഴേ ബാൽ'ലിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് ആശാ പ്രവേശിക്കുന്നത്. പിന്നീട് ഹിന്ദി സിനിമകളിൽ വമ്പുകളുടെയും (Vamps) സഹനടിമാരുടെയും ഗാനങ്ങൾ ആലപിച്ചു തുടങ്ങിയ അവർ വളരെ വേഗത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച മുൻനിര ഗായികയായി മാറി. ഏത് തരം പാട്ടുകളും തന്റെ തനതായ ശൈലിയിൽ പാടാനുള്ള കഴിവായിരുന്നു ആശയുടെ പ്രത്യേകത. ശാസ്ത്രീയ സംഗീതം മുതൽ ഗസലുകളും പോപ്പ് ഗാനങ്ങളും വരെ ഭോസ്‌ലെയുടെ ശബ്ദത്തിൽ സംഗീതപ്രേമികൾ ആസ്വദിച്ചു.

ദാദാസാഹേബ് ഫാൽക്കെ അവാർഡ് (2000), പത്മവിഭൂഷൺ (2008), രണ്ടുതവണ ദേശീയ ചലച്ചിത്ര അവാർഡുകൾ (1981, 1986), മികച്ച പിന്നണി ഗായികക്കുള്ള അവാർഡ്, ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് തുടങ്ങിയ ഒട്ടനവധി പുരസ്‌കാരങ്ങൾ ആശാ ഭോസ്‌ലെ കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യൻ സംഗീതത്തിലെ ഒരു സുവർണ്ണ കാലഘട്ടത്തിനാണ് ആശ ഭോസ്‌ലെയുടെ വിയോഗത്തിലൂടെ അന്ത്യമായിരിക്കുന്നത്.

Show Full Article
TAGS:Asha Bhosle Funeral Ceremony playback singer Bollywood 
News Summary - Asha Bhosle Funeral held with full honours at Shivaji Park Mumbai
Next Story