‘യാ അലീ...’ എന്ന ഒറ്റ ഗാനത്തിലൂടെ തലവര മാറിയ സുബീൻ ഗാർഗ്; അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി ആരാധകർ
text_fieldsമുംബൈ: പ്രശസ്ത ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന്‍റെ അപ്രതീക്ഷിത വിയോഗം ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. യാ അലീ... എന്ന ഒറ്റ ഗാനം മതി സുബീൻ ഗാർഗിനെ ഓർക്കാൻ. 2006ൽ പുറത്തിറങ്ങിയ ഗ്യാങ്സ്റ്റർ എന്ന ചിത്രത്തിലെ ഈ ഗാനം അദ്ദേഹത്തിന് ബോളിവുഡിൽ അദ്ദേഹത്തിന് ലഭിച്ച ഏറ്റവും വലിയ ബ്രേക്ക് ആയിരുന്നു. ഈ ഗാനം അദ്ദേഹത്തിന് 2006ൽ മികച്ച പിന്നണി ഗായകനുള്ള ഗ്ലോബൽ ഇന്ത്യൻ ഫിലിം അവാർഡ് അടക്കം നേടിക്കൊടുത്തു.
സുബീൻ ബോർത്തക്കൂർ എന്ന സുബീൻ ഗാർഗ് പ്രധാനമായും ഹിന്ദി, അസമീസ്, ബംഗാളി സിനിമ-സംഗീത മേഖലയിലാണ് നിറഞ്ഞുനിന്നിരുന്നത്. എന്നാൽ മലയാളമടക്കം 40 ഭാഷകളിലും ഉപഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്. ഇതിൽ ബിഷ്ണുപ്രിയ മണിപ്പൂരി, ആദി, ബോറോ, ഇംഗ്ലീഷ്, ഗോൾപരിയ, കന്നഡ, കർബി, ഖാസി, സാൻദിയ, നേപാ, ഖാസി, മലയാളം, സാൻദിയ, നേപാ, സിന്ധീ, മിസിംഗ്, മിസിങ്ങ് എന്നിയുൾപ്പെടുന്നു. ആനന്ദലഹരി, ധോൾ, ദോതാര, ഡ്രംസ്, ഗിറ്റാർ, ഹാർമോണിക്ക, ഹാർമോണിയം, മാൻഡോലിൻ, കീബോർഡ്, തബല, വിവിധ താളവാദ്യങ്ങൾ എന്നിവയുൾപ്പെടെ 12 ഉപകരണങ്ങൾ അദ്ദേഹം വായിച്ചിരുന്നു. അസമിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഗായകനായിരുന്നു അദ്ദേഹം.
അസമീസ് ബ്രാഹ്മിൺ കുടുംബത്തിൽ ജനിച്ച അദ്ദേഹം പലതവണ വിവാദത്തിലകപ്പെട്ടിട്ടുണ്ട്. 2019-ൽ, ‘‘ഞാൻ ബ്രാഹ്മണനാണ്, പക്ഷേ എന്റെ പൂണൂൽ ഞാൻ പൊട്ടിച്ചു. ഇപ്പോഴും അത് ധരിക്കുന്നില്ല. ഈ ബ്രാഹ്മണരെയെല്ലാം കൊല്ലണം’’ എന്ന പ്രസ്താവന വലിയ വിവാദമായി. ഈ പ്രസ്താവനക്ക് അദ്ദേഹം പിന്നീട് ക്ഷമാപണം നടത്തുകയും ചെയ്തു. 2024 ഏപ്രിലിൽ ബിഹു സംഗീത പരിപാടിക്കിടെ, കൃഷ്ണൻ ദൈവമല്ലെന്നും മനുഷ്യനാണെന്നും പറഞ്ഞതും വിവാദമായിരുന്നു.
കഴിഞ്ഞ ദിവസം സിംഗപ്പൂരിൽ നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാനെത്തിയ സുബീന്, സ്കൂബ ഡൈവിങിനിടെയുണ്ടായ അപകടത്തിലാണ് ജീവൻ നഷ്ടപ്പെട്ടത്. കടലിൽനിന്ന് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും 52കാരനായ ഗായകന്‍റെ ജീവൻ രക്ഷിക്കാനായില്ല. ഞെട്ടലോടെയാണ് ആരാധകർ അദ്ദേഹത്തിന്‍റെ മരണ വാർത്ത കേട്ടത്. എക്സ് അടക്കം സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിനുള്ള അനുശോചനപ്രവാഹമാണ്.
ഒരു ആരാധകൻ എക്സിൽ കുറിച്ചതിങ്ങനെ: ‘‘അസമിന് വെറും ഒരു ഗായകനെ മാത്രമല്ല നഷ്ടപ്പെട്ടത്. ഇന്ന് നമ്മൾ ഒരു ഇതിഹാസത്തോട് വിട പറയുകയാണ്. സുബീൻ ഗാർഗിന്റെ ശബ്ദം, അദ്ദേഹത്തിന്റെ ഗാനങ്ങൾ... അവ നമ്മുടെ ഹൃദയങ്ങളെയും സംസ്കാരത്തെയും രൂപപ്പെടുത്തി. സുബീൻ ദാ, സമാധാനത്തോടെ വിശ്രമിക്കൂ. നിങ്ങളുടെ ഈണം എന്നെന്നും ജീവിക്കുന്നു....’’