കടവത്ത് തോണിയടുത്തപ്പോൾ...
text_fieldsമലയാള ചലച്ചിത്ര സംഗീതമുണ്ടായ കാലംമുതൽ പാട്ടുകളിൽ സവിശേഷ സാന്നിധ്യമായിരുന്നു തോണി. പ്രണയത്തിന്റെ സൂചകമെന്ന നിലയിലും കലാവസ്തു എന്ന നിലക്കും പാട്ടുകളിൽ തോണികൾ നിരന്തരം പ്രത്യക്ഷമായി. അനുരാഗത്തിന്റെ നിശ്ശബ്ദ വിനിമയം സാധ്യമാക്കുകയായിരുന്നു അവ. തോണികൾ അനുരാഗത്തിന്റെ പുതിയ ലോകവും ഭാഷയും നിർമിക്കുന്നു. പാട്ടിലെ ഗ്രാമീണതയെ കാണിക്കുന്ന ലളിതസൂചകമായിത്തീരുന്നു തോണി. അനേകമനേകം പാട്ടുകളിൽ പ്രണയം തീർത്ത വാസ്തുശിൽപങ്ങളാകുന്നു അവ. ‘കടവത്ത് തോണിയടുത്തപ്പോൾ പെണ്ണിന്റെ കവിളത്ത് മഴവില്ലിൻ നിഴലാട്ടം’ എന്ന പി. ഭാസ്കരൻ മാഷിന്റെ പാട്ട് കേൾക്കുമ്പോൾ നാമൊരു പ്രണയത്തിന്റെ കടവത്ത് ചെന്നുചേരുകയാണ്.
‘തങ്കക്കിനാവിന്റെ കളിവള്ളമിറക്കുമ്പോൾ കടവത്ത് വന്നുനിന്ന കറുത്തപെണ്ണേ’ എന്ന് ഭാസ്കരൻ മാഷിന്റെ പാട്ടിലെ നായകൻ സ്വകാര്യം പറഞ്ഞു. ഒ.എൻ.വിയുടെ പാട്ടുകളിൽ തോണി ഒരു കഥാപാത്രംതന്നെയായിത്തീരുന്നു. ‘ഒടുവിൽ നീയും നിൻദുഃഖങ്ങളും ഒരു കൊച്ചു തോണിയും മാത്രം’ എന്ന വരിയിൽ ഏകാന്തതയുടെ ഒരു തോണി വന്നണയുകയാണ്. ‘കണ്ടു കിനാവൊന്നു ഞാനിന്നലെ, നിൻ തോണി നിറയുന്നു പവിഴങ്ങളാൽ’ എന്ന വരിയിലുമുണ്ട് തോണി എന്ന ബിംബമൊരുക്കുന്ന സൗന്ദര്യദീപ്തി.
കേവലതയിൽനിന്ന് ഭാവുകതയിലേക്കുള്ള ചാരുതയെ ഇന്ദ്രിയവേദ്യമാക്കിനിൽക്കുകയാണ് ഇവിടെ ‘തോണി’ എന്ന ബിംബം. ‘മാനത്തെ പൂന്തോണി മാരിക്കാർ മായ്ച്ചാലും പാടൂ നീ തോണിക്കാരാ, ദൂരത്തെ തീരങ്ങൾ കേൾക്കും നിന്നീണങ്ങൾ കായൽപ്പൊന്നോളങ്ങളിൽ’ എന്ന വരിയിൽ ഗ്രാമ്യതയുടെ ലാവണ്യവും ലാളിത്യവും തെളിമയുമൊക്കെ കൊണ്ടുവരുകയാണ് ഒ.എൻ.വി. പ്രതീകമായും ധ്വനനസൂചകമായും ഭാവുകപ്രകാശനോപാധിയായുമൊക്കെ പാട്ടിൽ തോണി ഒരു ചൈതന്യവസ്തുവായി നിലകൊള്ളുന്നു. ഒ.എൻ.വിയുടെ പാട്ടുകളെ അനുയാത്ര ചെയ്യാനെപ്പോഴും പൊന്നലയിൽ അമ്മാനമാടുന്ന ഒരു പൊൻതോണിയുണ്ടായിരുന്നു. സൗമ്യസുന്ദരമായ ഒരനുഭൂതി മേഖലയിലേക്ക് നമ്മെ കൊണ്ടുപോവുകയാണ് ഒ.എൻ.വിയുടെ പാട്ടിലെ തോണികൾ.
വള്ളവും വഞ്ചിയും വഞ്ചിക്കാരിയുമെല്ലാം ശ്രീകുമാരൻ തമ്പിയുടെ പാട്ടുകളിൽ അനുരാഗത്തിന്റെ നിതാന്തസാന്നിധ്യമായിരുന്നു. അതിൽ കേരളീയമായ വൈകാരികതയുടെ ഭാവപരമായ ഔന്നത്യം കാണാനാവും. അനുരാഗത്തിന്റെ ഒരു ഭാവപരിസരമൊരുക്കുവാൻ ഈ തോണികൾ അവയുടേതായ പങ്കുവഹിക്കുന്നുണ്ട്. ‘വൈക്കത്തഷ്ടമിനാളിൽ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു’ എന്ന വരിയിൽ വരുന്നുണ്ടൊരു വഞ്ചിക്കാരി. കൊതുമ്പുവള്ളം തുഴഞ്ഞുവരുന്നവൾ, താമരത്തോണിയിൽ താനേ തുഴഞ്ഞുവരുന്നവളും പാട്ടുമായ് വന്ന തോണിയിൽ പിരിയും നേരത്ത് കാത്തിരുന്നവളും പിടയും തോണിയിൽ പിരിയും നേരത്ത് കരഞ്ഞവളും... അങ്ങനെ ‘ഇനിയൊഴുകാമിരുതോണികളായ്’ എന്ന് ശ്രീകുമാരൻ തമ്പിയുടെ പാട്ടിലെ നായകൻ ആശിക്കുന്നുണ്ട്. അതേസമയം, ‘ആറന്മുള വള്ളവും കാവാലം ചുണ്ടനുമെല്ലാം കവിയുടെ പാട്ടുകളിൽ ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്നു.
കേരളീയാനുഭവങ്ങളുടെ ഭാവഭംഗികൾ പാട്ടുകളിൽ ചേർത്തുവെക്കുവാൻ ശ്രീകുമാരൻ തമ്പി, തോണിയെന്ന ശിൽപസുഭഗതയെ സൗന്ദര്യാത്മകമായി വിന്യസിച്ചു. ജീവിതത്തിന്റെ കടവുകളിൽ പാട്ടിന്റെ തോണിയടുപ്പിക്കുന്നത് ഓരോ കവിയും ഓരോ രീതിയിലായിരുന്നു.
സ്വപ്നത്തിലും ഹർഷത്തിലും ദുഃഖത്തിലും പ്രണയത്തിലും സമാഗമത്തിലും വിരഹത്തിലും മരണത്തിലുമെല്ലാം സ്പന്ദിച്ചുനിൽക്കുന്ന ഓർമയുടെ തോണികൾ എത്ര വേണമെങ്കിലുമുണ്ട് ഈ പാട്ടുകളിൽ. ‘കണ്ണീരാലൊരു പുഴയുണ്ടാക്കി കളിവഞ്ചി തുഴയുന്ന കാലത്തെ’ക്കുറിച്ച് പാട്ടിലെഴുതിയ കവിയാണ് യൂസഫലി കേച്ചേരി. ‘കണ്ണീരാറ്റിലെ തോണിയും കാറ്റിലകപ്പെട്ട തോണിയും’ എല്ലാം യൂസഫലിപ്പാട്ടുകളെ കദനത്തിന്റെ കടവത്തടുപ്പിച്ചു. ചേലുള്ള ഒരുപാട് വള്ളങ്ങൾ കേച്ചേരിപ്പാട്ടുകളിൽ ചാഞ്ചക്കം സഞ്ചരിച്ചു. ‘മന്മഥന്റെ പൊയ്കയിൽ ഞാനൊരു പൊന്നിൻതോണി’യാണെന്ന് നിരൂപിക്കുന്ന ഒരു നായികയുണ്ട് യൂസഫലി കേച്ചേരിയുടെ പാട്ടിൽ.
‘ചിത്തിരത്തോണി’ എന്നായിരുന്നു പൂവച്ചൽ ഗാനങ്ങളുടെ സമാഹാരത്തിന്റെ പേരുതന്നെ. പാട്ടിന്റെ ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ ചിരിയിൽ ചിലങ്ക കെട്ടിയ ഒരു ചിറയിൻകീഴുകാരിപ്പെണ്ണിനെ കൂടെ കൂട്ടി നമ്മൾ. പ്രണയിനിയുടെ സാന്നിധ്യവും അസാന്നിധ്യവും പാട്ടിൽ നാമറിയുന്നത് തോണിയുടെ സജീവതയിലാണ് (നിന്നെ കണ്ടാൽ മയങ്ങിനിൽക്കും തോണി, നിന്നെ കാണാതിരുന്നാൽ മടിച്ചുനിൽക്കും തോണി). സമാഗമത്തിന്റെ വൈകാരികത മുറ്റിനിൽക്കുന്ന മറ്റൊരു പൂവച്ചൽ ഗാനമിങ്ങനെയായിരുന്നു: ‘പ്രേമചിന്തകൾപോലെ പണ്ടു തോണികൾ വന്നു, ഇന്നീ നീലക്കടവിൽ നീളെ ഒരു മൂകത മൂടുന്നു.’ ഗൃഹാതുരതയുടെ നേർത്ത നൊമ്പരം പോലും ഈ പാട്ടിൽ കൊണ്ടുവരുകയാണ് തോണിയെന്ന സ്മൃതിബിംബം.
അനുഭൂതി ബന്ധുവായ ഒരു അനുരാഗത്തെ ധ്വനിസാന്ദ്രതയോടെ അവതരിപ്പിക്കുന്നതിൽ പാട്ടിൽ തോണികൾക്ക് അസാധാരണമായ സംഗമഭംഗിയുണ്ട്. പായിപ്പാട്ടെ ഓടിവള്ളമായും മോഹക്കായൽ മോടി വള്ളമായുമൊക്കെ പ്രണയിനിയെ കാണുന്ന ഒരാളുണ്ട് ബിച്ചുതിരുമലയുടെ പാട്ടിൽ. നീലനിലാവിനെ അരയന്നച്ചിറകുള്ള തോണിയായും അത് നിശയുടെ കായൽത്തിരകളിൽ നീന്തുന്ന പൂന്തോണിയായുമൊക്കെ മനസ്സിൽ വിചാരിച്ചു ബിച്ചു തിരുമല. ‘കണ്ണീർക്കായലിലേതോ കടലാസിന്റെ തോണി, അലയും കാറ്റിലുലയും രണ്ടുകരയും ദൂരെ ദൂരെ’ എന്ന പാട്ടിൽ ശോകശ്രുതിയിലൊഴുകുന്ന ഒരു ജീവിതത്തോണിയെ കാണിച്ചുതരുകയാണ് ബിച്ചു തിരുമല.
മനസ്സിന്റെ സൂചകമെന്ന മട്ടിൽ പല പാട്ടുകളിലും തോണികൾ കടന്നുവരുന്നുണ്ട്. ജന്മജന്മാന്തരങ്ങളിലേക്ക് ഒഴുകിപ്പോകുകയും ഒടുവിൽ കടവത്ത് വന്നുനിൽക്കുകയുമാണ് ഈ തോണികൾ. ഗൃഹാതുരമായ കാലത്തിന്റെ കടവിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുകയാണിവ. പ്രണയത്തിലെ വിരഹാവസ്ഥയുടെ വിഷാദച്ഛായ പകരാൻ ഇവക്കാകുന്നു. നഷ്ടസ്മൃതിയുടെ നന്മകൾ കൊണ്ടുവരുന്ന ‘ലൈറ്റ് മോട്ടിഫ് ആയി മാറുന്നു പാട്ടിലെ തോണികൾ. പല പാട്ടുകളിലും അവ അത്രമാത്രം ദൃശ്യാത്മകമാകുന്നു. എം.ടി. തിരക്കഥയെഴുതിയ നിരവധി സിനിമകളിൽ പാട്ടുസന്ദർഭങ്ങളിലുമല്ലാതെയും തോണികൾ പ്രകടമാകുന്നു. അദ്ദേഹം സംവിധാനം ചെയ്ത ‘കടവ്’ എന്ന ചിത്രത്തിൽ തോണി പ്രധാന കഥാപാത്രം പോലുമാകുന്നുണ്ട്. ജീവനുള്ള തോണി എന്ന നിലപോലും ആ സിനിമയിൽ കാണാനാകും. എം.ടി രചന നിർവഹിച്ച ഓളവും തീരത്തിലുമൊക്കെ തോണി ഒരു കഥാപാത്രം പോലെ നമ്മോട് സംവദിക്കുന്നുണ്ട്.
ചന്ദനത്തോണിയും പുഷ്പകത്തോണിയുമൊക്കെ വയലാറിന്റെ പാട്ടുകളിൽ പലവിധം പ്രത്യക്ഷപ്പെടുകയുണ്ടായി. കാണാപ്പൂമീനിന് പോകുന്ന തോണിക്കാരനുമുണ്ടായിരുന്നു വയലാറിന്റെ പാട്ടിൽ. ‘അരയൻ,തോണിയിൽ പോയാലേ, അവന് കാവല് നീയാണേ’ എന്ന മിത്തിനെയായിരുന്നു വയലാർ ‘ചെമ്മീൻ’ എന്ന സിനിമയിലെ പാട്ടാക്കിയത്. വയലാർ ഗാനനദിയിൽ സങ്കൽപത്തോണിയും ജീവിത യാഥാർഥ്യം നിറയുന്ന അകാൽപനിക നൗകയുമെല്ലാം ഒരുപോലെ സഞ്ചരിച്ചു. ‘തോണിക്കെടുപ്പോളും നിറവുംകൊണ്ട് മാനം തോരണം ചാർത്തട്ടെ’ എന്ന് കാവാലം ഒരു പാട്ടിലെഴുതി. തോണിയുടെ ദൃശ്യാത്മക ശോഭകൾ കാവാലത്തിന്റെ പാട്ടുകളിലും കാലം പകർന്നുനൽകി.
കൈതപ്രത്തിന്റെ പാട്ടുകളിലും തോണികൾ പലവിധം ചിത്രീകരിക്കപ്പെടുന്നുണ്ട്. വികാരത്തെ നൗകയെന്ന ഇമേജുമായി ചേർത്തുവെച്ചാണ് കൈതപ്രം ‘അമര’ത്തിലെ പാട്ടുണ്ടാക്കിയത്. കൈതപ്രത്തിന്റെ ഒരു പാട്ടിൽ പൂത്തിങ്കൾ, പൂന്തോണിയായിമാറി. ‘നിഴൽതോണി’ എന്ന ഇമേജ് പാട്ടിൽ കൊണ്ടുവന്നത് ഗിരീഷ് പുത്തഞ്ചേരിയായിരുന്നു. ഇങ്ങനെ പാട്ടിൽ നിത്യപ്രചോദകമെന്നപോൽ തോണികൾ വന്നുപോയ്ക്കൊണ്ടിരുന്നു. കാത്തിരിപ്പിന്റെ സമൂർത്തമായ പ്രതിനിധാനങ്ങളെന്ന നിലയിൽ തോണികൾ പാട്ടുകളിൽ ഇനിയും കടന്നുവരുമെന്ന് നാം പ്രത്യാശിക്കുന്നു. കാലത്തിന്റെ കടവ് കടക്കാൻ പാട്ടിന്റെ തോണികളല്ലാതെ മറ്റൊന്നും മലയാളിക്കില്ലല്ലോ.