'ശബ്ദവും സ്വഭാവവും കപടതകളില്ലാതെ നേർ രേഖയിലൂടെ ചലിപ്പിച്ചിരുന്ന ജയേട്ടൻ; ആ ഉള്ളംകയ്യിലെ നേരിയ ചൂട് ഇപ്പോഴും മാഞ്ഞിട്ടില്ല' -ജി. വേണുഗോപാൽ
text_fieldsമലയാളികളുടെ ഭാവഗായകൻ പി. ജയചന്ദ്രൻ വിട പറഞ്ഞിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. ഇപ്പോഴിതാ, പ്രിയഗായകന്‍റെ ചരമവാർഷിക ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഗായകൻ ജി. വേണുഗോപാൽ. ജയചന്ദ്രനൊപ്പമുള്ള ചിത്രവും വേണുഗോപാൽ പങ്കുവെച്ചു.
വേണുഗോപാലിന്‍റെ കുറിപ്പ്
ജയേട്ടനില്ലാത്ത ഒന്നാം വർഷം!
മനസ്സിൽ മുഴുവൻ അദ്ദേഹത്തിന്‍റെ ശബ്ദം, പാട്ടുകൾ. രാത്രി അസമയത്ത് എത്തുന്ന വിളികൾ. ഫോണിലൂടെ ഒരു ഗാന വെളിച്ചപ്പാടാവുന്ന ജയേട്ടനാണ് പിന്നെ. ദേവരാജനും എം.എസ്.വി യും സുശീലാമ്മയും ഇങ്ങനെ ഒഴുകിയെത്തും. മേമ്പൊടിക്ക് റഫിയും മദൻ മോഹനും. പാട്ട്, പാട്ട്, പാട്ടുകൾ മാത്രം. മറ്റൊന്നും അറിയില്ല, താൽപ്പര്യവുമില്ല.
എന്തായിരുന്നു ജയചന്ദ്രൻ എനിക്ക്?
കൂട്ടിന് പാട്ടും റേഡിയോയും മാത്രമുണ്ടായിരുന്ന കാലത്ത് പാട്ട് പാടി കേൾപ്പിച്ച് എന്നെയും പാട്ടുകാരനാക്കിയ ഒരു മഹാ ഗായകൻ. പിൽക്കാലത്ത് നേരിട്ട് കാണുമ്പോൾ ഓരോ പ്രാവശ്യവും മനസ്സിൽ വീണ്ടും മെലഡികളുടെ കനൽ വാരിക്കോരി നിറച്ചിരുന്ന ഒരു മുതിർന്ന ഗായകൻ. ദേഷ്യം വരുമ്പോൾ അത് കൃത്യമായും, സ്നേഹവും അലിവും തോന്നുമ്പോൾ അതും കിറുകൃത്യമായ് പ്രകടിപ്പിച്ചിരുന്ന മറകളില്ലാത്ത വ്യക്തി.
സ്വന്തം ശബ്ദവും സ്വഭാവവും കപടതകളില്ലാതെ നേർ രേഖകളിലൂടെ ചലിപ്പിച്ചിരുന്നു ജയേട്ടൻ. അദ്ദേഹത്തിന്‍റെ തന്നെ ഭാഷയിൽ "കുറച്ച് പാട്ട് കിറുക്കും, കുറച്ച് ഭയവും സംശയവുമൊക്കെയുള്ളൊരുത്തൻ ". പാട്ടിലും പാട്ടുകാരിലും ജയേട്ടന് കൃത്യമായ നിർവ്വചനങ്ങളും ഇഷ്ടാനിഷ്ടങ്ങളുമുണ്ടായിരുന്നു. തന്‍റെ സ്വനപേടകങ്ങളിൽ ഒരു മാണിക്യശ്രുതി തംബുരു വിളക്കിച്ചേർത്ത അസുലഭ ഗായകനായിരുന്നു എനിക്ക് ജയേട്ടൻ.
അവസാന ദിവസങ്ങളിലൊന്നിൽ അദ്ദേഹത്തെ സന്ദർശിക്കാൻ അനുവാദം എനിക്ക് തന്നപ്പോൾ എടുത്ത ഫോട്ടോ ഇവിടെ ചേർക്കട്ടെ. വിട പറയാൻ നേരത്തും മൂളിയ റഫി സാബിന്‍റെ 'ഹൂയീ ശ്യാം ഉൻകാ... ഖയാലാ ഗയാ .... " എന്ന ഈരടിയും ആ ഉള്ളം കയ്യിലെ നേരിയ ചൂടും മാഞ്ഞിട്ടില്ല. തലമുറകൾ ഇനിയും കേൾക്കട്ടെ, പാടട്ടെ, അങ്ങയുടെ പാട്ടുകൾ.


