'ദീപക് അതി ഗംഭീര സംഗീതജ്ഞനാണ്, ആ പ്രതിഭാശാലിയെ ഇങ്ങനെ ജഡ്ജ് ചെയ്യരുത്' -ഗോപി സുന്ദർ
text_fieldsഎമ്പുരാൻ റിലീസിന് പിന്നാലെ സിനിമക്കും സിനിമയുടെ സംഗീതത്തിനും വിമർശനം ഉയരുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ സംഗീത സംവിധായകൻ ദീപക് ദേവിനെ വിമർശിച്ചയാൾക്ക് മറുപടിയുമായി ഗോപി സുന്ദർ രംഗത്തെത്തിയിരിക്കുകയാണ്. ദീപക് ദേവ് ഗംഭീര സംഗീതജ്ഞൻ ആണെന്നും അദ്ദേഹത്തെ വിമർശിക്കരുത് എന്നുമാണ് ഗോപി സുന്ദർ പറഞ്ഞത്.
കഴിഞ്ഞ ദിവസങ്ങളിൽ ദീപക് ദേവിന്‍റെ എമ്പുരാനും ഗോപി സുന്ദർ ചെയ്തതുമായ പശ്ചാത്തല സംഗീതങ്ങൾ താരതമ്യപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ ചർച്ചകളുയർന്നിരുന്നു. ഇത്തരത്തിൽ സാഗർ ഏലിയാസ് ജാക്കിയിലെ ബി.ജി.എമ്മിനെക്കുറിച്ച് വന്ന ഒരു കമന്റിനായിരുന്നു ഗോപി സുന്ദർ മറുപടി നൽകിയത്. 'ദേ ഇങ്ങനെ വേണം സാധനം ഇറക്കി വിടാൻ, അല്ലാതെ കുറേ അലറിച്ച മാത്രം പോരാ' എന്നായിരുന്നു കമന്റ്. 'സുഹൃത്തേ, എന്റെ പ്രിയ സഹോദരൻ ദീപക് അതി ഗംഭീര സംഗീതജ്ഞനാണ്. അത്തരമൊരു പ്രതിഭാശാലിയെ ഇങ്ങനെ ജഡ്ജ് ചെയ്യരുത്,' എന്നായിരുന്നു കമന്‍റിന് താഴെ ഗോപി സുന്ദറിന്റെ മറുപടി.
കഴിഞ്ഞ ദിവസം എമ്പുരാൻ സിനിമയുടെ പശ്ചാത്തല സംഗീതത്തെക്കുറിച്ച് വരുന്ന വിമർശനങ്ങളിൽ ദീപക് ദേവ് നടത്തിയ പ്രതികരണവും ശ്രദ്ധ നേടിയിരുന്നു. തനിക്കില്ലാത്ത പേടിയെന്തിനാണ് ദീപക്കിനെന്ന് പൃഥ്വിരാജ് ചോദിച്ചു. നിങ്ങള്‍ ലൂസിഫര്‍ ചെയ്‍ത ആളല്ലേ. അതിനു മുമ്പും ഇതുതന്നെയാണ് ചെയ്‍തുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇരിക്കാതിരിക്കൂ. എമ്പുരാനില്‍ വേറെ തരം സംഗീതമാണ് തനിക്ക് വേണ്ടതെന്നും പൃഥ്വിരാജ് വ്യക്തമാക്കിയതായും ദീപക് ദേവ് വെളിപ്പെടുത്തി. തിയറ്ററിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സിനിമയുടെ പശ്ചാത്തല സംഗീതത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. പിന്നീടാണ് സമൂഹ മാധ്യമങ്ങളിലൂടെ വിമർശനങ്ങൾ നേരിടാൻ തുടങ്ങിയത്.