28 വർഷങ്ങൾക്ക് ശേഷം വീണ്ടും ട്രെൻഡിങ്ങായി 90കളിലെ ആ ഹിറ്റ് ഗാനം, യൂട്യൂബിൽ പുതുതായി കണ്ടത് ലക്ഷങ്ങൾ; കാരണം അറിയാം...
text_fieldsആര്യൻ ഖാന്‍റെ ആദ്യ പരമ്പരയായ 'ദി ബാഡ്‌സ് ഓഫ് ബോളിവുഡ്' ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ്ങിലാണ്. ലക്ഷ്യ, സഹേർ ബംബ്ബ, രാഘവ് ജുയാൽ, അന്യ സിങ്, ബോബി ഡിയോൾ, മോന സിങ് എന്നിവരാണ് പരമ്പരയിലെ പ്രധാന താരങ്ങൾ. കഥക്കും പ്രകടനങ്ങൾക്കും നല്ല അവലോകനങ്ങളാണ് ലഭിക്കുന്നത്. ബോളിവുഡ് ഇൻഡസ്ട്രിയെ പശ്ചാത്തലമാക്കിയാണ് സീരീസ് ഒരുക്കിത്.
ചിത്രത്തിൽ അതിഥി താരങ്ങളായി ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സല്‍മാൻ ഖാൻ, രാജ്കുമാർ റാവു, സിദ്ധാന്ത് ചതുര്‍വേദി, അർജുൻ കപൂർ, ദിഷ പടാനി, ബാദ്ഷാ, എസ്.എസ്. രാജമൗലി, കരൺ ജോഹർ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. പാപ്പരാസി കൾച്ചർ, നെപോട്ടിസം, രാഷ്ട്രീയം എന്നിവയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോകുന്നത്. അവസാന എപ്പിസോഡിലെ ട്വിസ്റ്റ് കണ്ട് ആരാധകർ അത്ഭുതപ്പെട്ടെന്നാണ് റിപ്പോർട്ട്.
ആരാധകരെ അമ്പരപ്പിച്ച മറ്റൊരു കാര്യം കൂടി സീരീസിലുണ്ട്. 1997ൽ പുറത്തിറങ്ങിയ, ബോബി ഡിയോളിന്‍റെ പ്രശസ്തമായ ഗുപ്തിലെ 'ദുനിയ ഹസീനോ കാ മേള' എന്ന ഗാനത്തിൽ മോന സിങ് പ്രത്യക്ഷപ്പെട്ടതാണത്. മോന സിങ് യഥാർഥ ഗാനത്തിന്‍റെ ഭാഗമാണോ എന്നറിയാൻ പലരും പഴയ വിഡിയോ പരിശോധിച്ചു. എന്നാൽ നർത്തകരിൽ ഒരാളെ മോന സിങ്ങായി വി.എഫ്.എക്സ് ഉപയോഗിച്ച് മാറ്റിയാണ് ഗാനം ഉപയോഗിച്ചത്.
1990കളിലെ പ്രശസ്ത പശ്ചാത്തല ഡാൻസറായിരുന്ന ഭാനു ഖാനായിരുന്നു നർത്തകി. വെളുത്ത വസ്ത്രത്തിൽ ബോബി ഡിയോളിനൊപ്പം അവർ നൃത്തം ചെയ്തു. തേരേ ഇഷ്ക് മേ നാച്ചെങ്കേ (രാജാ ഹിന്ദുസ്ഥാനി), ഗുത്തൂർ ഗുത്തൂർ (ദലാൽ), രാം കസം മേരാ ബദാ നാം ഹോ ഗയാ (ഗുംറ), ദൂദ് ബൻ ജാവോങ്കി മലൈ ബൻ ജാവോംഗി (സർഹാദ്) തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലും അവർ അഭിനയിച്ചു.
ഏഴ് ദശലക്ഷത്തിലധികം പുതിയ യൂട്യൂബ് വ്യൂസ് ഗാനം നേടി. ഇൻസ്റ്റാഗ്രാമിലും സ്‌പോട്ടിഫൈയിലും ട്രെൻഡിങ്ങിലാണ്. വർഷങ്ങൾക്ക് ശേഷം ആളുകൾ വീണ്ടും പാട്ട് ആസ്വദിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്ന് ഗായകൻ ഉദിത് നാരായൺ പറഞ്ഞു.