കഠിനം, ലളിതം, സുന്ദരം ജഹാൻ
text_fieldsലാൻഡ് ഫോണുകൾ സജീവമാകുന്നതിനു മുമ്പ് പ്രവാസി വീടുകളിൽനിന്ന് ദുഃഖവും സന്തോഷവും പരിഭവവുമെല്ലാം കടലാസിൽ കെട്ടിപ്പൊതിഞ്ഞ് കടൽ കടത്തിയിരുന്ന കാലം കഴിഞ്ഞിട്ട് അധികനാളായില്ല. വേദനകൾ അടക്കിപ്പിടിച്ചുള്ള ആനന്ദത്തിന്റെ അക്ഷരങ്ങൾ മറുപടിക്കത്തുകളായും എത്തിക്കൊണ്ടിരുന്നു അന്ന്. കത്തുപാട്ടുകൾ ഏറെ സ്വീകാര്യത നേടിയ കാലമായിരുന്നു അത്. മുഹാഷിൻ സംവിധാനം ചെയ്ത ‘കഠിന കഠോരമീ അണ്ഡകടാഹ’മെന്ന സിനിമ കണ്ടവരുടെയെല്ലാം മനസ്സിൽ ചെറിയ തോതിലെങ്കിലും ആ പഴയ പ്രവാസിയുടെ വീടിന്റെ ചിത്രം തെളിഞ്ഞു വന്നിട്ടുണ്ടാവും. ‘പ്രിയനേ...’ എന്നുതുടങ്ങുന്ന മുഹ്സിൻ പരാരിയുടെ വരികൾ ഫാത്തിമ ജഹാനെന്ന പാട്ടുകാരിയുടെ ശബ്ദത്തിൽ പുറത്തുവന്നപ്പോൾ അത് കാതിനും മനസ്സിനും ഏറെ കുളിർമയേകുന്നതുകൂടിയായി. സുലൈഖ മൻസിൽ, കഠിന കഠോരമീ അണ്ഡകടാഹം തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിന്റെ പുത്തൻ ശബ്ദമായി മാറിയ ഫാത്തിമ ജഹാൻ സംസാരിക്കുന്നു.
യാത്ര, പാട്ടിനൊപ്പം
മനസ്സിൽ പാട്ടിനോട് വലിയ ഇഷ്ടമുണ്ടെന്ന് മനസ്സിലാക്കിയാണ് പ്ലസ് ടുവിനു ശേഷം ഒരുവർഷത്തേക്ക് പഠനത്തിന് ഇടവേളയെടുത്തത്. ഒരുവർഷം മുഴുവൻ പാട്ടിനായി മാറ്റിവെക്കാനായിരുന്നു തീരുമാനം. തലശ്ശേരിയാണ് സ്വദേശം. പ്ലസ് ടുവിനു ശേഷം നേരെ കോഴിക്കോട്ടേക്ക് വണ്ടികയറി പിന്നീട് അവിടെ താമസമാക്കി. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമായി ചില പാട്ടുകളെല്ലാം അപ് ലോഡ് ചെയ്തപ്പോൾ നിരവധിയാളുകൾ ഏറ്റെടുത്തത് ആത്മവിശ്വാസം പകർന്നു. ഒരുവർഷത്തെ ഇടവേളയുടെ അവസാനഘട്ടത്തിലാണ് സുലൈഖ മൻസിലും കഠിന കഠോരവും എന്നെ തേടിയെത്തിയത്. സംവിധായകൻ മുഹാഷിൻ ഇൻസ്റ്റഗ്രാമിലെ എന്റെ പാട്ടുകൾ ഗോവിന്ദ് വസന്തയെ കാണിച്ചതാണ് സിനിമയിൽ അവസരം കിട്ടാൻ കാരണം. പാട്ട് കേട്ടവരെല്ലാം അവരുടെ സന്തോഷമറിയിക്കുമ്പോൾ ഞാനും ഒരുപാട് സന്തോഷത്തിലാണ്.
മാജിക് മ്യൂസിക്
സുലൈഖ മൻസിൽ ഒത്തുചേരലിന്റെ സന്തോഷം പകരുമ്പോൾ കഠിന കഠോരം തരുന്നത് വേർപാടിന്റെ അനുഭവമാണ്. പരാരി വരികൾ എഴുതുന്നതിനു മുമ്പ് ഗോവിന്ദ് വസന്തയുടെ ചെറിയ ട്രാക്കായിരുന്നു കേട്ടിരുന്നത്. മനസ്സിനെ വേദനിപ്പിക്കുന്ന എന്തോ ഒന്ന് അതിലുണ്ടായിരുന്നു. പിന്നീട് വരികൾ കൂടെ കിട്ടിയപ്പോൾ മനസ്സിലെ ആ വേദനക്ക് സുഖമുള്ള ആസ്വാദനം കൂടെ വന്നുചേർന്നു. ഈ പാട്ടിലൂടെ പലർക്കും അവരുടെ ജീവിതം കാണാൻ സാധിച്ചിട്ടുണ്ടാവണം. പാട്ടുപാടിയപ്പോൾ ഞാനും ആ വരികളിൽ ജീവിച്ചിരുന്നപോലെ തോന്നി. പരാരിയുടെ കൈയിൽ എന്തോ മാജിക്കുണ്ടെന്നത് പറയാതെ വയ്യ.
പഠനം, കുടുംബം
പാട്ടിന്റെ കാര്യങ്ങൾക്ക് മാത്രമായി കോഴിക്കോട്ടേക്ക് താമസം മാറിയപ്പോൾ വീട്ടിൽ ഒാക്കെയാണോ എന്ന് പലരും ചോദിച്ചിരുന്നു. പെൺകുട്ടിയാണ് എന്നതാണ് ചോദ്യത്തിന്റെ പ്രധാന കാരണം. എന്നെ നയിക്കുന്നത് വീട്ടുകാരുടെയും കുടുംബത്തിലെ മറ്റുള്ളവരുടെയും പിന്തുണയാണ്. ഞാൻ തളർന്നുപോയാൽ എനിക്ക് ശക്തിപകരാനും കുടുംബം കൂടെയുണ്ടാവുമെന്ന് ഉറപ്പാണ്. പ്ലസ് ടു വരെയുള്ള പഠനം തലശ്ശേരി എൻ.എം.എച്ച്.എസ്.എസ് സ്കൂളിലാണ് പൂർത്തിയാക്കിയത്. ഇനി ഡിഗ്രി ചെയ്യാനാണ് ആഗ്രഹം. പാട്ടും മുന്നോട്ടുപോവണം. പണത്തിനുവേണ്ടി മാത്രം പാട്ടിനെ സമീപിക്കാതെ സത്യസന്ധമായി പാട്ടിനെ സ്നേഹിക്കുന്നവളായി ഈ രംഗത്ത് നിലനിൽക്കാനാണ് ആഗ്രഹം.
പാട്ട് പഠിക്കണമെന്നത് എട്ടാം ക്ലാസ് മുതലുള്ള വലിയ ആഗ്രഹമാണ്. എന്നാൽ, ഇതുവരെ പഠിച്ചിട്ടില്ല. ഗുരുവിനെ അന്വേഷിക്കുന്നുണ്ട്. ഉടൻതന്നെ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പുതിയ പ്രോജക്ടുകൾ ചെയ്തുകൊണ്ടിരിക്കുന്നു. ഹിന്ദിയിലും മലയാളത്തിലുമുള്ള പാട്ടുകൾ വരുന്ന മാസങ്ങളിൽ പുറത്തിറങ്ങും.
സോഷ്യൽ മീഡിയ സ്റ്റാർ
നമ്മുടെ ഉള്ളിലുള്ള കല ഏതുമാവട്ടെ, അതിനെ വളർത്തിയെടുക്കാൻ റീൽസുകളും യൂട്യൂബുമെല്ലാം സഹായിക്കുന്നുണ്ട്. എനിക്ക് ഇതിലൂടെ ഒരുപാട് സപ്പോർട്ട് കിട്ടിയിട്ടുമുണ്ട്. ചിലർക്കത് സാമ്പത്തികമായും വളരെയധികം ഉപകാരപ്രദമാവുന്നുണ്ട്. അതിനെല്ലാം അപ്പുറത്ത് പലരുടെയും മടി മാറ്റിയെടുക്കാനും കൂടുതൽ ആത്മാർഥമായി ഒരു കാര്യം ചെയ്യാനുമെല്ലാം റീൽസുകളും യൂട്യൂബ് ചാനലുകളും സഹായിക്കുന്നുണ്ട്.
ഇൻസ്റ്റഗ്രാമിൽ പാടിത്തുടങ്ങിയത് മുതൽതന്നെ വേദികൾ കിട്ടിത്തുടങ്ങിയിരുന്നു. അത്യാവശ്യം സ്റ്റേജ് ഫിയറും ആത്മവിശ്വാസമില്ലായ്മയും കാരണം അമ്പതോളം പരിപാടികളിലെങ്കിലും ഞാൻ പോകാതിരുന്നിട്ടുണ്ട്. പക്ഷേ, ഇപ്പോൾ അങ്ങനെയല്ല. പാട്ടിനൊപ്പം സഞ്ചരിക്കാൻ ഒറ്റക്ക് ഇറങ്ങിത്തിരിച്ചതു കൊണ്ടാവണം, ഇപ്പോൾ ധൈര്യവും ആത്മവിശ്വാസവുമുണ്ട്.