'ഓരോ പാട്ട് പാടി തീരുമ്പോഴും ആ ഗാനത്തിനായി ആവശ്യമുയർന്നു'; ഉത്സവ ഗാനമേളയിൽ ‘ഇസ്രായേലിൻ നാഥനായി’ പാടി കെ.ജി. മാർക്കോസ്
text_fieldsകൊല്ലം കല്ലടയിൽ ചിറ്റുമല ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേളയിൽ ‘ഇസ്രായേലിൻ നാഥനായി’ പാടി ഗായകൻ കെ.ജി. മാർക്കോസ്. ഗാനമേളക്കിടെ ‘ഇസ്രായേലിൻ നാഥനായി’ എന്ന ഗാനം കാണികൾ ആവശ്യപ്പെടുകയായിരുന്നു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലാണ്. ആവേശത്തോടെയാണ് കാണികൾ ഗാനത്തെ സ്വീകരിച്ചത്.
'മനുഷ്യന്‍റെ നന്മയുടെ ഉറവിടം വറ്റിപ്പോയിട്ടില്ലെന്ന് തെളിയിക്കാൻ കല്ലടയിലെ ഭക്ത ജനങ്ങൾക്കായി, അമ്പലമായാലും പള്ളിയായാലും മാർക്കോസ് ഉണ്ടെങ്കിൽ ഈ പാട്ടും ഉണ്ട്', എന്നിങ്ങനെയുള്ള കമന്‍റുകളാണ് വിഡിയോക്ക് ലഭിക്കുന്നത്. ഏപ്രിൽ മൂന്നിനായിരുന്നു ചിറ്റുമല ശ്രീ ദുർഗാദേവി ക്ഷേത്രത്തിലെ ഗാനമേള. ചലചിത്ര ഗാനങ്ങൾക്കും മാപ്പിളപ്പാട്ടുകൾക്കും ഭക്തിഗാനങ്ങൾക്കും ഹൃദയ നിർമലതയുടെ ഭാവം ചൊരിയുന്ന പ്രിയ പാട്ടുകാരന് കല്ലടയുടെ ആത്മീയ മണ്ണിലേക്ക് സ്വാഗതം എന്നായിരുന്നു അമ്പലക്കമ്മിറ്റിയുടെ നോട്ടീസ്.
ക്ഷേത്രം സമൂഹമാധ്യമ അക്കൗണ്ടിൽ പാട്ടിന്‍റെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. 'ആരാധകർക്കിടയിൽ നിന്നും ഇഷ്ട ഗാനങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ശബ്ദം ഉയർന്നുകൊണ്ടിരുന്നു. "ഞാൻ നോക്കാം, ഞാൻ നോക്കാം " -എളിമയോടെ അദ്ദേഹം മറുപടി പറയുന്നു. ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെട്ടത് ഇസ്രയേലിൻ നാഥനാകും ഏകദൈവം എന്ന അദ്ദേഹത്തിൻറെ മാസ്റ്റർ പീസ് ഗാനമായിരുന്നു. ഒരുപക്ഷേ അദ്ദേഹത്തിന് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതോ, മറ്റൊരാൾക്കും പാടി ഫലിപ്പിക്കുവാൻ സാധ്യത ഇല്ലാത്തതുമായ ഒരു പാട്ട്. ഓരോ പാട്ടുകൾ പാടി തീരുമ്പോഴും ആ ഗാനത്തിനായി ആരാധകർക്ക് ഇടയിൽ നിന്നും ശബ്ദം ഉയർന്നു. ഒരു ക്ഷേത്ര മൈതാനത്ത് ഇത്ര വലിയ ജനസാഗരത്തിന് മുന്നിൽ ആ ഗാനം ആലപിക്കുവാൻ അദ്ദേഹത്തിൻറെ ഉള്ളിൽ ഒരു ആശങ്ക. നമ്മുടെ നാടിൻറെ സൗഹാർദം അദ്ദേഹത്തിന് വശമില്ല എന്നതാണ് അത്തരം ആശങ്കയുടെ മുഖ്യ കാരണം' -ക്ഷേത്രത്തിന്‍റെ പോസ്റ്റ്.
അടുത്തകാലത്തായി കാണുന്നതും കേൾക്കുന്നതും എല്ലാം മതത്തിന്റെയും ജാതിയുടെയും പേരിൽ തമ്മിൽ തല്ലുന്നതാണ്. അത്തരം സംഭവിക്കാൻ പാടില്ലാത്ത ഒന്ന് താൻ മൂലം ഉണ്ടാകരുത് എന്നുള്ളത് അദ്ദേഹത്തിൻറെ പക്ഷം. സ്റ്റേജിന്‍റെ മുന്നിൽ ഉണ്ടായിരുന്ന ആരാധകർ അദ്ദേഹത്തെ തിരുത്തി. ഒടുവിൽ അദ്ദേഹം ആരാധകരുടെ അഭ്യർഥന മാനിച്ച് ഏറ്റവും അവസാനം ഈ ഗാനം ആലപിക്കാം എന്ന് സമ്മതിക്കുകയായിരുന്നു എന്ന് ക്ഷേത്രം വിശദീകരിച്ചു.