എത്ര കേട്ടാലും മതിവരില്ല! 'ചിത്ര'ഗീതങ്ങൾക്ക് ഇന്ന് 62 വയസ്സ്
text_fieldsകെ.എസ്. ചിത്രയുടെ ശബ്ദം നാം കേൾക്കാൻ തുടങ്ങിയിട്ട് അഞ്ച് പതിറ്റാണ്ടോളമായി. ഇപ്പോഴും ആദ്യം കേൾക്കുന്നത്ര ശ്രദ്ധയോടെ നമ്മൾ ആ ശബ്ദത്തിനായി കാതോർത്തിരിക്കും. ചിത്രയുടെ ശബ്ദം മലയാളത്തിന്‍റെ ഐഡന്‍റിന്‍റിയാണ്. മലയാളികളുടെ കാതിൽ പതിഞ്ഞ എത്രയെത്ര പാട്ടുകൾ. ഭാഷയുടെ അതിർ വരമ്പുകളില്ലാതെ ലോകം മുഴുവൻ പടർന്ന ആ ശബ്ദത്തിന്‍റെ ഉടമക്ക്, മലയാളത്തിന്‍റെ പ്രിയ കെ.എസ്. ചിത്രക്ക് ഇന്ന് 62ാം പിറന്നാളാണ്.
1963 ജൂലൈ 27ന് സംഗീതജ്ഞനും അധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെയും ശാന്തകുമാരിയുടെയും രണ്ടാമത്തെ പുത്രിയായി തിരുവനന്തപുരത്താണ് കെ.എസ്. ചിത്ര ജനിച്ചത്. പ്രമുഖ ഗായികയായിരുന്ന കെ.എസ്. ബീന, ഗിറ്റാർ വിദഗ്ധൻ കെ.എസ്. മഹേഷ് എന്നിവരാണ് സഹോദരങ്ങൾ. സംഗീതസംവിധായകനായ എം.ജി. രാധാകൃഷ്ണൻ ആണ് 1979ൽ മലയാള സിനിമയിൽ ആദ്യമായി പാടാൻ ചിത്രക്ക് അവസരം നൽകിയത്. എം.ജി. രാധാകൃഷ്ണന്‍റെ സംഗീതത്തിൽ അട്ടഹാസമെന്ന ചിത്രത്തിൽ "ചെല്ലം ചെല്ലം" എന്ന ഗാനം പാടി. ഒരു വർഷത്തിനു ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്.
പുറത്തിറങ്ങിയ ആദ്യ ചിത്രം പത്മരാജൻ സംവിധാനം ചെയ്ത നവംബറിന്‍റെ നഷ്ടം ആയിരുന്നു. എം.ജി. രാധാകൃഷ്ണന്‍റെ തന്നെ സംഗീത സംവിധാനത്തിൽ അരുന്ധതിയുമൊത്ത് പാടിയ 'അരികിലോ അകലെയോ' എന്നതാണ് ഈ ഗാനം. ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെ രജനീ പറയൂ.., പ്രണയവസന്തം തളിരണിയുമ്പോള്‍ എന്നീ ഗാനങ്ങൾ ചിത്രയെന്ന ഗായികയെ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ പരിചിതയാക്കി.
എന്‍റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രമായിരുന്നു ചിത്രയെ മലയാളികൾക്ക് വളരെ പ്രിയങ്കരിയാക്കിയത്. 'ആളൊരുങ്ങി, അരങ്ങൊരുങ്ങി' എന്ന ഗാനം മലയാളികൾ നെഞ്ചേറ്റി ലാളിച്ചു. കളിയില്‍ അല്‍പം കാര്യം എന്ന ചിത്രത്തിലെ കണ്ണോടു കണ്ണായ, ആരാന്‍റെ മുല്ല കൊച്ചു മുല്ലയിലെ പൊന്‍താമരകള്‍, അടുത്തടുത്ത് എന്ന ചിത്രത്തിലെ ആലോലം ചാഞ്ചാടും, പുന്നാരം ചൊല്ലി ചൊല്ലിയിലെ അത്തപ്പൂവും നുള്ളി, അരയരയരയോ കിന്നരയോ കിളി തുടങ്ങിയ ഗാനങ്ങളിലൂടെ ചിത്ര മലയാളത്തിലെ തന്‍റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു.
യേശുദാസിനൊപ്പം നടത്തിയ സംഗീത പരിപാടികൾ ചിത്രയുടെ ആദ്യകാല സംഗീത ജീവിതത്തിലെ വളർച്ചക്ക് സഹായകമായി. തമിഴിൽ ഇളയരാജ സംഗീത സംവിധാനം നിർവ്വഹിച്ച നീ താനേ അന്തക്കുയിൽ എന്ന ചിത്രത്തിൽ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതൽ ശ്രദ്ധേയയായി.
1986ല്‍ തമിഴ് സിനിമയായ സിന്ധുഭൈരവിയിലെ 'പാടറിയേന്‍ പഠിപ്പറിയേന്‍..' എന്ന ഗാനം ചിത്രക്ക് ആദ്യ ദേശീയ അവാര്‍ഡ് സമ്മാനിച്ചു. 1987ൽ ബോംബെ രവിയുടെ സംഗീതത്തില്‍ നഖക്ഷതങ്ങളിലെ 'മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി' രണ്ടാമത്തെ ദേശീയ അവാര്‍ഡ് നല്‍കി. വൈശാലിയിലെ 'ഇന്ദുപുഷ്പം ചൂടി നില്‍ക്കും രാത്രി..' എന്ന ഗാനം മൂന്നാമതും ദേശീയ അംഗീകരാം നൽകി. ബോംബെ രവി തന്നെയാണ് സംഗീതസംവിധാനം.
എ.ആര്‍. റഹ്മാന്‍റെ സംഗീതത്തില്‍ മീന്‍സാരക്കനവിലെ 'ഊ ല..ല.. ല..' നാലാമത്തെ അവാര്‍ഡു നല്‍കി. ഭരതന്‍ സംവിധാനം ചെയ്ത തേവര്‍ മകന്‍റെ ഹിന്ദി പതിപ്പായ വിരാസാത്തിലെ 'പായലേ ചും ചും' എന്ന ഗാനത്തോടെ 1997ൽ അഞ്ചാമത്തെ ദേശീയ അവാര്‍ഡും ചിത്ര നേടി. 2004ല്‍ തമിഴ് ചിത്രമായ ഓട്ടോഗ്രാഫിലെ ഒവ്വോരു പൂക്കളുമേ എന്ന ഗാനം ആറാമതും ചിത്രയെ ദേശീയപുരസ്കാരത്തിന് അർഹയാക്കി. ചെന്നൈയിലെ സത്യഭാമ സർവ്വകലാശ 2011ൽ ചിത്രക്ക് ഡോക്ടറേറ്റ് നൽകി ആദരിച്ചു.
ആറ് തവണ മികച്ച ഗായികക്കുള്ള ദേശീയ അവാർഡുകൾ നേടിയ ചിത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയ അവാർഡുകൾ വാങ്ങിയ ഗായികയാണ്. 16 തവണ മികച്ച ഗായികക്കുള്ള കേരള സംസ്ഥാന അവാർഡ് ചിത്ര നേടി. ഒമ്പത് തവണ ആന്ധ്ര സംസ്ഥാന സർക്കാറിന്‍റെ പുരസ്കാരവും നാല് തവണ തമിഴ്‌നാട് സംസ്ഥാന സർക്കാറിന്‍റെ പുരസ്കാരവും മൂന്ന് തവണ കർണാടക സംസ്ഥാന സർക്കാറിന്‍റെ പുരസ്കാരവും നേടി. 2005ൽ പത്മശ്രീ പുരസ്കാരവും ചിത്രയെ തേടിയെത്തി.